-->
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് രാവിലെ തുടങ്ങി. ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 1,53,37,176 വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
മൂന്നു കോര്‍പ്പറേഷനുകള്‍, 47 മുനിസിപ്പാലിറ്റി, ഏഴു ജില്ലാ പഞ്ചായത്ത്, 77 ബ്ലോക്ക്, 470 ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ജനവിധിയെഴുതുന്നവയില്‍ ഉള്‍പ്പെടുന്നു. ഏഴു ജില്ലകളിലായി ആകെ ജനവിധി തേടുന്ന 38,994 സ്ഥാനാര്‍ഥികളില്‍ 18,974 പേര്‍ പുരുഷന്മാരും 20,020 പേര്‍ സ്ത്രീകളുമാണ്. കാന്‍ഡിഡേറ്റ് സെറ്റിങ് പൂര്‍ത്തിയാക്കിയ 18,274 കണ്‍ട്രോള്‍ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായി കരുതിയിട്ടുണ്ട്.
കണ്ണൂര്‍, ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടികുണ്ഡ്്, അന്‍ജംപീഡിക വാര്‍ഡുകളിലും കാസര്‍ഗോഡ് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡിലും കണ്ണൂര്‍ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ ആറു വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടതിനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചു.
ഏഴു ജില്ലകളിലെ ആകെയുള്ള 18274 പോളിങ് സ്‌റ്റേഷനുകളില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. തൃശൂര്‍: 81, പാലക്കാട്: 180, മലപ്പുറം: 295, കോഴിക്കോട്: 166, വയനാട്: 189, കണ്ണൂര്‍: 1025, കാസര്‍ഗോഡ്: 119 എന്നിങ്ങനെയാണ് പ്രശ്‌നബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഇവിടങ്ങളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ്ങും അധിക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.
ഈ ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ബൂത്തുകളില്‍ എന്തെങ്കിലും അസാധാരണ നടപടി കണ്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. ബൂത്തില്‍ അതിക്രമിച്ചു കയറുകയോ കൂട്ടംകൂടിനിന്ന് തെരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.