-->
മലയാളികള്‍ക്ക് ചിരിയുടെ മാലപ്പടക്കം നല്‍കിയ എവര്‍ഗ്രീന്‍ എന്റര്‍ടെയ്നറാണ് 22 വര്‍ഷങ്ങള്‍ക്കു മുമ്പ് ജോണി ആന്റണിയെ സ്വതന്ത്രസംവിധായകനാക്കിയ സിഐഡി മൂസ എന്ന സിനിമ. കാലമെത്ര കഴിഞ്ഞാലും ആവർത്തന വിരസത ഒട്ടുമില്ലാതെ വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഈ സിനിമയിലുണ്ട്. ദിലീപ് നായകനായി എത്തിയ സിഐഡി മൂസ ഫുൾ ഓൺ കോമഡി എന്റർടെയ്നറായിരുന്നു.
ഇന്ന് നടനായും തിളങ്ങി നില്‍ക്കുന്ന ജോണി ആന്റണി പിന്നീടും മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സംവിധാനം ചെയ്ത് നല്‍കിയിട്ടുണ്ട്. എങ്കിലും ജോണി ആന്റണിയുടെ കരിയറിലെ പൊന്‍തൂവല്‍ കൂടിയാണ് സിഐഡി മൂസ. അതുകൊണ്ടു തന്നെയാണ് ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയില്‍ പ്രധാന കഥാപാത്രമായി ചിരിപ്പടക്കം പൊട്ടിച്ച ഹരിശ്രീ അശോകന്‍ സിഐഡി മൂസയെക്കുറിച്ച് പറയുന്നതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിഐഡി മൂസ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ടോം ആൻഡ് ജെറി പാറ്റേണില്‍ പോകുന്ന സിനിമയായിരിക്കും എന്ന് തീരുമാനിച്ചിരുന്നുവെന്നും ജോണി ആന്റണിയടക്കം എല്ലാവരും മരിച്ച് പണിയെടുത്തിട്ടുണ്ടെന്നും ഹരിശ്രീ അശോകന്‍ പറയുകയാണ്.
‘‘സിഐഡി മൂസയുടെ സബ്ജക്‌ട് ശരിക്കും ഒരു ടോം ആൻഡ് ജെറി പാറ്റേണാണ്. അങ്ങനെ കളിച്ചാലേ അത് നില്‍ക്കൂ. അത് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു, എല്ലാം നോർമ്മലായിരിക്കും, എന്നാല്‍ കുറച്ച് എനർജി കൂടുതലായിരിക്കും എന്ന്. അത് അങ്ങനെ പിടിച്ചിട്ടേ കാര്യമുണ്ടായിരുന്നുള്ളൂ. ജോണി ആന്റണിയൊക്കെ അതിന് വേണ്ടി മരിച്ച് പണിയെടുത്തിട്ടുണ്ട്. നല്ല വെയിലത്താണ് ഷൂട്ടൊക്കെ. അതെല്ലാം ഫുള്‍ എനർജിയിലാണ് എല്ലാവരും ചെയ്ത് തീർത്തത്.
പഞ്ചാബി ഹൗസ് നമ്മള്‍ 38-40 ദിവസം കൊണ്ടാണ് ഷൂട്ട് തീർത്തത്. ഷൂട്ട് ഇല്ലാത്ത സമയത്തും നമ്മള്‍ അവിടെ പോയി ഇരിക്കും. വേറെ ആർക്കും ഡേറ്റ് കൊടുക്കില്ല. കാരണം, അതൊരു രസമുള്ള വൈബാണ്. അതുപോലെ തന്നെയായിരുന്നു ജോണി ആന്റണിയുടെ സിനിമകള്‍ക്കും. ഷൂട്ട് ഇല്ലെങ്കിലും ഞാൻ വെറുതെ പോയി സെറ്റില്‍ ഇരിക്കും. രസമാണ്, അത് കാണാനും കേള്‍ക്കാനും എല്ലാം. പിന്നെ, പല സാധനങ്ങളും റിഹേഴ്സല്‍ സമയത്ത് നമ്മള്‍ ഡയറക്ടറോട് ചോദിക്കും, ഇതെല്ലാം കയ്യില്‍ നിന്നും ഇട്ടോട്ടെ എന്ന്. ആ സ്പേസ് അവിടെയുണ്ടാകുന്ന സിനിമയാണെങ്കില്‍ കഥാപാത്രം കുറച്ചുകൂടി നന്നാകും. സിഐഡി മൂസ അത്തരത്തിലുള്ള ഒരു സിനിമയായിരുന്നു...’’ ഹരിശ്രീ അശോകന്‍ പറയുന്നു.