-->
ന്യൂഡല്‍ഹി: വോട്ട് മോഷണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വലിയ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടിക കാണ്മാനില്ലെന്ന് ആരോപണം. സാങ്കേതിക തകരാറാണോ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണോ എന്ന് വ്യക്തതയില്ലാത്ത കാര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാര്‍ സംസ്ഥാനത്തിന്റെ വോട്ടര്‍പട്ടിക മാത്രമാണ് വെബ്‌സൈറ്റിലുള്ളത്.
നേരത്തേ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ടര്‍പട്ടികയില്‍ ആയിരക്കണക്കിന് കള്ളവോട്ടുകള്‍ ചേര്‍ത്തതായും പോള്‍ ചെയ്യപ്പെട്ടതായും രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷം ഇത് വലിയ ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനും ഇരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തിന്റെ വോട്ടര്‍പട്ടിക സഹിതമാണ് അപ്രത്യക്ഷമായിരിക്കുന്നത്. സാങ്കേതികതകരാറാണോ എന്ന് സംശയമുണ്ടെങ്കിലൂം കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നോ മറ്റ് അധികൃതരില്‍ നിന്നുമോ ഏതെങ്കിലും തരത്തിലുള്ള ഒരു വിശദീകരണവും നല്‍കിയിട്ടുമില്ല.
ഇല്ലാത്ത ആള്‍ക്കാരും ഒരേ അഡ്രസിലുള്ള പല പേരുകളും ഫോട്ടോ ഇല്ലാത്ത ആള്‍ക്കാരും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് രാഹുലിന്റെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നത്. നേരത്തേ രാഹുലിന്റെ ആരോപണത്തിന് പിന്നാലെ മഹാരാഷ്ട്ര, കര്‍ണാടക വോട്ടര്‍പട്ടിക മറച്ചു വെച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയും അപ്രത്യക്ഷമായിരിക്കുകയാണ്. ബീഹാറിലെ വോട്ടര്‍ പട്ടികയിലും പല വോട്ടര്‍മാര്‍ക്കും ഫോട്ടോയില്ല. ഇനിഷ്യലിന്റെ സ്ഥാനത്ത് ഇമോജികളാണ് നല്‍കിയിരിക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് ഇന്‍ഡ്യസഖ്യം എംപി മാരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന് നടക്കുന്നുണ്ട്.