Sunday, March 15, 2026 Last Updated 9 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 09 Aug 2025 02.18 PM

‘അണ്ണന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ അണ്ണി ഓര്‍മ്മിപ്പിക്കും; ഇത് സ്നേഹം കൊണ്ടാണ് തുടങ്ങിയത്,പണം കൊണ്ടല്ല എന്ന്...’സൂര്യയ്ക്ക് ജ്യോതിക നല്‍കുന്ന പിന്തുണയെപ്പറ്റി കാര്‍ത്തി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തിൽ തുടങ്ങിയ അഗരം ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികാഘോഷത്തില്‍ താരം വികാരഭരിതനാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. ഇപ്പോഴിതാ ചടങ്ങില്‍ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
Suriya, Agaram Foundation, Karthi, Jyothika
Karthi emotional speech on Suriya and Jyothika (Image Source: Instagram)

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം സൂര്യ ​വെള്ളിത്തിരയില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിജീവിതത്തിലും സൂപ്പര്‍ഹീറോയാണ്. സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ക്കും പഠിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കും വലിയൊരു കൈത്താങ്ങാണ് സൂര്യയുടെ അഗരം ഫൗണ്ടേഷന്‍. സൂര്യയും സ​ഹോദരന്‍ കാര്‍ത്തിയും നേതൃത്വം വഹിക്കുന്ന അഗരം ഫൗണ്ടേഷന്‍ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരാണ്, 1600 ലധികം പേര്‍ എന്‍ജീയര്‍മാരുമാണ്.
ഇക്കഴിഞ്ഞ ദിവസം നടന്ന അഗരത്തിന്റെ 15-ാം വാർഷികാഘോഷ ചടങ്ങിനിടെ വികാരാധീനാകുന്ന സൂര്യയുടെ ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. താന്‍ നേതൃത്വം വഹിക്കുന്ന ഫൗണ്ടേഷനിലൂടെ സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം ​നേടിയതറിഞ്ഞാണ് സൂര്യയ്ക്ക് കണ്ണുനിറഞ്ഞത്. സൂര്യയും മുഴുവന്‍ കുടുംബവും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഇപ്പോഴിതാ ഈ ചടങ്ങിനിടെ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളില്‍ ജ്യോതികയുടെ പങ്കിനെക്കുറിച്ചാണ് കാർത്തി പ്രശംസിച്ചത്. ‘‘ഈ കുട്ടികള്‍ക്ക് പഠിച്ച്‌ ജീവിതത്തില്‍ മുന്നേറാൻ കഴിഞ്ഞാല്‍ മതി എന്ന് അണ്ണൻ(സൂര്യ)പലപ്പോഴും പറയാറുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ നമ്മള്‍ ഇത് പണം കൊണ്ടല്ല സ്നേഹം കൊണ്ടാണ് തുടങ്ങിയതെന്നും പണം പിന്നാലെ വരുമെന്നും അണ്ണി(ജ്യോതിക ) ഓർമിപ്പിക്കും. അന്ന് അണ്ണി അങ്ങനെ പറഞ്ഞതു കൊണ്ടാണ് അണ്ണന് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിഞ്ഞത്. അണ്ണിയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ അണ്ണന് ഇത്രയും മുന്നോട്ട് പോകാനാവില്ലായിരുന്നു...’’ കാര്‍ത്തി പറഞ്ഞു. തമിഴ് വിദ്യാർഥികളുടെ പഠനത്തിലാണ് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും കോവിഡ് കാലത്ത് ആശുപത്രികള്‍ക്ക് സഹായം നല്‍കുന്നതിന് ജ്യോതിക മുൻനിരയില്‍ ഉണ്ടായിരുന്നെന്നും കാര്‍ത്തി പറഞ്ഞു.
ആവശ്യക്കാർക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളില്‍ ജ്യോതിക, സൂര്യയുടെ സഹോദരനും നടനുമായ കാർത്തി, അച്ഛൻ ശിവകുമാർ എന്നിവർക്കൊപ്പം ഇപ്പോള്‍ മക്കളായ ദിയയും ദേവും പോക്കറ്റ് മണി നല്‍കി സംഭാവന ചെയ്യുന്നതായും കാർത്തി വേദിയില്‍ വെളിപ്പെടുത്തിയിരുന്നു.
‘‘അഗരം ഫൗണ്ടേഷന്റെ ‘മാധം 300’ പദ്ധതിയിലൂടെ എല്ലാ മാസവും ദിയയും ദേവും തങ്ങളുടെ പോക്കറ്റ് മണി നല്‍കി വിദ്യാഭ്യാസത്തിന് സഹായിക്കുന്നുണ്ട്. ഇക്കാര്യം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. മറ്റുള്ളവർക്ക് ഒരു കൈത്താങ്ങാവുക എന്ന കുടുംബത്തിന്റെ ശീലം അടുത്ത തലമുറയും പിന്തുടരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്...’’ കാർത്തി പറഞ്ഞു.
160 സീറ്റില്‍ ആരംഭിച്ച കുട്ടികളുടെ പഠനം വർഷങ്ങള്‍ക്കിപ്പുറം ആറായിരത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് സൂര്യ വാർഷികാഘോഷത്തില്‍ പറഞ്ഞിരുന്നു. കമല്‍ഹാസനായിരുന്നു വാർഷികച്ചടങ്ങിലെ മുഖ്യാതിഥി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തില്‍ 2006 സെപ്റ്റംബർ 25-നാണ് അഗരം ഫൗണ്ടേഷന് രൂപം കൊണ്ടത്.

ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സാമ്പത്തിക സഹായവും മാർഗനിർദേശങ്ങളും നൽകുന്ന പ്രോഗ്രാമാണ് വിദൈ . വിദ്യാർഥികൾക്ക് പഠനത്തിലും ജീവിതത്തിലും മാർഗനിർദേശം നൽകുന്നതിനായി മുതിർന്നവരുമായി ബന്ധിപ്പിക്കുന്ന മെന്‍റർഷിപ്പ് പ്രോഗ്രാമുകളും അഗരത്തിന്റെ കീഴിൽ നടത്തുന്നുണ്ട്. അച്ഛൻ ഇല്ലാത്ത കുട്ടികൾ, അമ്മ ഇല്ലാത്ത കുട്ടികൾ, സ്വന്തമായി വീടില്ലാത്തവർ, അനാഥർ അങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരെ കണ്ടെത്തിയാണ് അഗരം അവർക്ക് പുതിയൊരു ജീവിതം നൽകുന്നത്.
ഐടി മേഖലയിലും സ്കൂള്‍‍, കോളജ് എന്നിവിടങ്ങളിലെ അധ്യാപകരും ഇവിടെ വോളന്റിയേഴ്സ് ആയി പാര്‍ടൈം ജോലി ചെയ്യുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് ഇവിടെയുള്ള കുട്ടികൾക്ക് പഠനത്തിലും മറ്റു മേഖലകളിലും അറിവു പകർന്നുകൊടുക്കാൻ ഇവരെത്തുന്നത്. ശമ്പളമില്ലാതെ സൗജന്യമായാണ് ഇവർ അഗരത്തിൽ പ്രവർത്തിക്കുന്നത്.
വിദൂര ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ പഠിക്കാൻ വരുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായ താമസസൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണവും നൽകുന്ന അഗരം ഹോസ്റ്റലുകൾ, സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധ്യാപന നിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയായ ‘നമ്മൾ പള്ളി’ തുടങ്ങിയവയും അഗരം ഫൗണ്ടേഷന്റെ ഭാഗമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW