-->
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന്റെ കാത്തിരിപ്പിലാണ് കായികപ്രേമികള്‍. ഈ മാസം 21 മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ക്രിക്കറ്റ് മത്സരത്തിന്റെ ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കെസിഎല്ലിന്റെ പരസ്യചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് മുഖ്യവേഷത്തിലെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന പരസ്യം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. ഇൻസ്റ്റാഗ്രാമില്‍ ചരിത്രനേട്ടം കുറിച്ച ഈ കെസിഎല്‍ പരസ്യചിത്രം മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ ‘ആറാം തമ്പുരാന്റെ’ ശില്പികളായ സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് സുരേഷ് കുമാറും മോഹൻലാലിനൊപ്പം അഭിനയിക്കുന്നു എന്നതാണ് ഈ പരസ്യത്തിന്റെ പ്രത്യേകത. ‘എന്നെ രണ്ടു മണിക്ക് ഫ്രീയാക്കണം’ എന്ന് ആവേശത്തോടെ പറയുന്ന മോഹന്‍ലാലിനെ പരസ്യചിത്രത്തില്‍ കാണാം.
ഒരു സാധാരണ പരസ്യത്തേക്കാളേറെ ഒരു കൊച്ചു സിനിമയുടെ ആവേശവും ആകാംഷയും പകരുന്നതാണ് ഈ പരസ്യം. ക്രിക്കറ്റ് പ്രേമികളും സിനിമാ ആരാധകരും ഒരുപോലെയാണ് ആഘോഷിക്കുന്ന ഈ പരസ്യം ഒരു മില്യണ്‍ കാഴ്ച്ചക്കാരെ നേടിയിട്ടുണ്ട്. പ്രശസ്ത പരസ്യസംവിധായകൻ ഗോപ്സ് ബെഞ്ച്മാർക്ക് ഒരുക്കിയ ‘ആവേശ ക്രിക്കറ്റ് അറ്റ് ഇറ്റ്സ് ബെസ്റ്റ്’ എന്ന ആശയമാണ് ഈ ഇതിഹാസ കൂട്ടുകെട്ടിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ആവേശത്തിമിര്‍പ്പ് വര്‍ദ്ധിപ്പിക്കുകയാണ് ഈ പരസ്യചിത്രം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാറാണ് ഈ പര്യസ്യചിത്രം പ്രകാശനം ചെയ്തത്. അന്നുതന്നെ പരസ്യചിത്രം ഒരു വൻ വിജയമാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ആ വാക്കുകള്‍ ശരിവെക്കുന്ന സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ ലൊക്കേഷന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരസ്യചിത്രം മോഹൻലാല്‍ എന്ന താരത്തിന്റെ സ്ക്രീൻ പ്രസൻസും ഈ പരസ്യത്തിന് ആവേശം കൂട്ടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും കെസിഎല്‍ പരസ്യമാണിപ്പോള്‍ പ്രധാന ചർച്ചാവിഷയം. വരാനിരിക്കുന്ന കെസിഎല്‍ രണ്ടാം സീസണിനായുള്ള കാത്തിരിപ്പിന് പതിന്മടങ്ങ് ആക്കം കൂട്ടിയിരിക്കുകയാണ് ഈ പരസ്യം.