-->
ധാരാളി: ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രകൃതിദുരന്തത്തില്‍ മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇതുവരെ ആറു മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. എന്നാല്‍ നൂറിലധികം പേര്‍ ദുരന്തത്തിനിടയില്‍ പെട്ടിരിക്കാമെന്നാണ് കണക്കാക്കുന്നത്. അതേസമയം കൃത്യമായ കണക്കുകള്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. സൈനികര്‍, സാധാരണക്കാര്‍, വിനോദസഞ്ചാരികള്‍, തിരിച്ചറിയപ്പെടാത്തവര്‍ എന്നിങ്ങനെ അനേക പ്രളയജലത്തില്‍ പെട്ടുപോയിരിക്കാമെന്നാണ് കരുതുന്നത്. അപകടത്തില്‍ പെട്ടുപോയവരില്‍ നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്.
ദുരന്തം ഉണ്ടായ ദിവസം നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ കുടി കണ്ടെത്തിയ സാഹചര്യത്തില്‍ നിലവില്‍ ആറു മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദുരന്തത്തില്‍ ഗതാഗതസംവിധാനം താറുമാറായതോടെയാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നത്. റോഡുകളും പാലങ്ങളുമെല്ലാം ഒലിച്ചുപോയതിനാല്‍ ഇവിടേയ്ക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങളുമായുള്ള വാഹനങ്ങള്‍ക്ക് എത്താനാകുന്നില്ല. അതിനാല്‍ സാറ്റലൈറ്റ് സംവിധാനവും ഹെലികോപ്റ്ററും ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസം മോശമായ കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹെലികോപ്റ്ററില്‍ കൂടുതല്‍ പേരെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. റോഡ്മാര്‍ഗ്ഗം പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഹെലികോപ്റ്റര്‍ വഴിയുള്ള സംവിധാനം മാത്രമാണ് പ്രവര്‍ത്തിപ്പിക്കാനായിട്ടുള്ളൂ. ദുരന്തത്തില്‍ കാണാതായ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടിയുള്ള എന്തെങ്കിലും വിവരത്തിനായി അനേകരാണ് ഹെലിപ്പാഡിന് സമീപം കാത്തുനില്‍ക്കുന്നത്. രാവിലെ മുതല്‍ അനേകരാണ് കാത്തു നില്‍ക്കുന്നത്. ദുരന്തം നടന്ന പ്രദേശത്ത് നിന്നും 30 കി. മീ. അകലെ മാത്രമേ വൈദ്യുതി പോലും എത്തിയിട്ടുള്ളൂ. സിഗ്നല്‍ സംവിധാനങ്ങളും ദുരന്തമേഖലയിലില്ല.
റോഡുകള്‍ പലയിടത്തും തകര്‍ന്നിരിക്കുന്നതിനാല്‍ തകര്‍ന്ന റോഡുകളില്‍ ഒരു റോഡിന്റെ പുനര്‍നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയാക്കാനാണ് നോക്കുന്നത്. സംവിധാനങ്ങള്‍ വേണ്ടത്ര ദുരന്തമുഖത്ത് എത്തിക്കാന്‍ കഴിയാത്തതിനാല്‍ പരിമിതമായ സാഹചര്യത്തില്‍ കിട്ടുന്ന സംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. റോഡ്മാര്‍ഗ്ഗം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രശ്‌നം പരിഹരിക്കാനാണ് നോക്കുന്നത്. ദുരന്തത്തിനിരയായവരില്‍ 28 മലയാളികളുമുണ്ട്. ഇവര്‍ ഒറ്റപ്പെട്ടുപോയിരിക്കുകയാണ്.