Monday, March 16, 2026 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 01.26 PM

'യോഗ്യയായ ഒരു സ്ത്രീയെ നിശബ്ദയാക്കാനുള്ള ബോധപൂര്‍വമായ ശ്രമം' ; സാന്ദ്ര തോമസിന് പിന്തുണയുമായി പ്രകാശ് ബാരെ

support

നിര്‍മാതാവ് സാന്ദ്ര തോമസിന് പിന്തുണ അറിയിച്ച് നടന്‍ പ്രകാശ് ബാരെ. മികച്ച സിനിമകള്‍ നിര്‍മിക്കുകയും സ്ത്രീ പ്രാതിനിധ്യത്തിനായി വാദിക്കുകയും ചെയ്യുന്ന സാന്ദ്രയുടെ നാമനിര്‍ദേശ പത്രിക തളളിയത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും പ്രകാശ് ബാരെ പറഞ്ഞു. നേരിട്ട് നേരിടാനുളള ഭയം കൊണ്ടാണ് സാന്ദ്രയുടെ നാമനിര്‍ദേശ പത്രിക തളളി അടിച്ചമര്‍ത്താന്‍ നോക്കുന്നതെന്ന് പ്രകാശ് ബാരെ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രകാശ് ബാരെയുടെ വാക്കുകള്‍:

''ഞാന്‍ സാന്ദ്ര തോമസിനൊപ്പം നിലകൊള്ളുന്നു. മലയാള സിനിമയില്‍ ഇതുവരെ വേരൂന്നിയ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സിനിമാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളാല്‍ മലയാള സിനിമ വികസിച്ചു കൊണ്ടിരിക്കുകയാണ്.

മികച്ച സിനിമകള്‍ നിര്‍മിക്കുകയും ശക്തരായ പുരുഷന്മാരെ നേര്‍ക്കുനേര്‍ നേരിട്ടുകൊണ്ട് സ്ത്രീ പ്രാതിനിധ്യത്തിനായി വാദിക്കുകയും ചെയ്യുന്ന ഏറ്റവും ശക്തമായ സാന്നിധ്യങ്ങളില്‍ ഒരാളാണ് സാന്ദ്ര തോമസ്. പക്ഷേ കര്‍ക്കശക്കാരന്‍മാരായ ഒരുകൂട്ടം പുരുഷന്മാര്‍ നിലകൊള്ളുന്ന ഒരു പവര്‍ ഗ്രൂപ്പ് ആധിപത്യം പുലര്‍ത്തുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ബൈലോയെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് സാന്ദ്ര തോമസ് പ്രസിഡന്റ, ട്രഷറര്‍ സ്ഥാനത്തേക്ക് നല്‍കിയ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിക്കുകയാണ്.

ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും സെന്‍സര്‍ ചെയ്തിരിക്കണമെന്ന് ബൈലോയില്‍ വ്യക്തമായി പറയുന്നുണ്ട്. സാന്ദ്രയ്ക്ക് സ്വന്തം പേരില്‍ 9 സിനിമകള്‍ സെന്‍സര്‍ ചെയ്തിട്ടുണ്ട് എന്ന് നോമിനേഷന്‍ സൂക്ഷ്മപരിശോധനാ യോഗത്തില്‍ അവര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാല്‍ റിട്ടേണിങ് ഓഫിസര്‍ പറയുന്നത് സാന്ദ്രയുടെ സ്വന്തം ബാനറില്‍ രണ്ട് സിനിമകള്‍ മാത്രമേ ഉള്ളൂ എന്ന്.

അവര്‍ ഫ്രൈഡേ ഫിലിം ഹൗസില്‍ പാര്‍ട്ണര്‍ ആയിരിക്കുമ്പോള്‍ ചെയ്ത സിനിമകള്‍ പാടെ തള്ളിക്കളഞ്ഞുകൊണ്ട് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കുള്ള അവരുടെ നാമനിര്‍ദേശ പത്രിക നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ അവരെ അനുവദിച്ചിട്ടുണ്ട്. ഇത് നിയമപരമായി ന്യായരഹിതമായ പ്രവര്‍ത്തിയാണ്.

തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കും അഴിമതിക്കും സ്വജനപക്ഷാപാതത്തിനുമെതിരെ ശക്തമായ നിലപാടുകള്‍ എടുത്ത് എന്തുകൊണ്ടും യോഗ്യയായ ഒരു സ്ത്രീയെ നിശബ്ദയാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. അവര്‍ സത്യം പറയുന്നതിനാല്‍ അവര്‍ക്കെതിരെ നില്‍ക്കുന്നവര്‍ ഭയപ്പെടുകയാണ്. അവള്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നതിനാല്‍ അവളെ ഭീഷണിപ്പെടുത്തപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ന്യായമായ ഒരു തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്. അവര്‍ ഇവിടെ വേണമോ വേണ്ടയോ എന്ന് അംഗങ്ങള്‍ തീരുമാനിക്കട്ടെ. സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത് ഒഴിവാക്കുകയല്ല. സാന്ദ്ര മത്സരിക്കട്ടെ. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സാന്ദ്ര തോമസിന്റെ പേര് ഉള്‍പ്പെടുത്തിയ സിനിമകള്‍ 'സക്കറിയയുടെ ഗര്‍ഭിണികള്‍' (2013), 'ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കി പെന്‍', 'പെരുച്ചാഴി', 'ഫ്രൈഡേ' (2012), 'ആട്' (2015), 'അടി കപ്യാരെ കൂട്ടമണി' (2015), 'കള്ളന്‍ ഡിസൂസ' (2022), 'നല്ല നിലാവുള്ള രാത്രി' (2023), 'ലിറ്റില്‍ ഹാര്‍ട്ട്‌സ്'(2024) എന്നിവയാണ്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ സാന്ദ്രയുടെ പേര് ഉള്‍പ്പെടുത്തിയ ഒമ്പത് സിനിമകള്‍ ഉള്ളതുകൊണ്ട് തന്നെ മത്സരിക്കാന്‍ സാന്ദ്രയ്ക്ക് ആരെക്കാളും യോഗ്യതയുണ്ട്. സെന്‍സര്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ അവഗണിച്ചുകൊണ്ട് സ്വന്തം ബാനറില്‍ വരുന്ന സിനിമകള്‍ മാത്രമേ പരിഗണിക്കൂ എന്ന റിട്ടേണിങ് ഓഫിസറുടെ കടുംപിടിത്തം നിയമപരമായി നിലനില്‍ക്കുന്നതല്ല. എല്ലാവരും വസ്തുതകള്‍ കാണുന്നുണ്ടെന്നും നീതി നടപ്പാക്കാന്‍ ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.''-പ്രകാശ് ബാരെയുടെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW