-->
തൃശ്ശൂര്‍: തൃശ്ശൂര്‍ മാരാര്‍ റോഡില്‍ കനത്തമഴയ്ക്ക് ഇടയില്‍ റോഡ് ടാറിങ്. കോരിച്ചൊരിയുന്ന മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡിൽ ടാറിങ് പ്രവൃത്തി നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ് നിര്‍ത്തിവെക്കാന്‍ തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍ദേശം നല്‍കി. 'നിര്‍ത്തിപ്പോടോ, ഈ കനത്ത മഴയത്താണോ ടാറിങ്,ചാട്ടാവാര്‍ കൊണ്ടടിക്കണം' എന്നെല്ലാം ചീത്തവിളിക്കുന്നതും ദൃശ്യത്തിലുണ്ട്.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശ്ശൂരില്‍ കനത്ത വെയിലായിരുന്നു. ഈ ഘട്ടത്തിലൊന്നും ഇവിടെ ടാറിങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ് ജില്ലയിലെങ്ങും. റെഡ് അലര്‍ട്ടുമാണ് തൃശ്ശൂരില്‍. വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മഴ പ്രതീക്ഷിക്കാതെ പണി തുടങ്ങിയതാണെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി.