Friday, March 13, 2026 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 01.37 PM

‘സിനിമയ്ക്കായി ഉര്‍വ്വശി ചേച്ചി വളരെ ബുദ്ധിമുട്ടി; വെള്ളത്തില്‍ നിന്ന് നനഞ്ഞ ഉടുപ്പിട്ടുള്ള അഭിനയം, ഭക്ഷണം കഴിക്കല്‍; ഒപ്പം ഹൃദയം തൊടുന്ന പ്രകടനവും...’ ക്രിസ്റ്റോ ടോമി

uploads/news/2025/08/794252/Untitled-4.jpg
Christo Tomy about national film award for urvashi in ullozhukk movie

എഴുത്തൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവിലാണ് മലയാള സിനിമാതാരങ്ങളും പ്രേക്ഷകരും. മലയാള സിനിമയ്ക്ക് അഭിമാനിക്കാനായി അഞ്ചു പുരസ്കാരങ്ങളാണ് മലയാള ചലച്ചിത്ര ലോകത്തിന് കിട്ടിയത്. പതിവു പോലെ ‘ആടുജീവിതം’ സിനിമയ്ക്കടയ്ക്കം അംഗീകാരം കിട്ടിയില്ലെന്ന് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ അതിനിടയിലും ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത് ഉര്‍വ്വശിയും പാര്‍വ്വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച ‘ഉള്ളൊഴുക്ക്’ എന്ന സിനിമയ്ക്കും ഉര്‍വ്വശിയ്ക്കും പുരസ്കാരം കിട്ടിയതില്‍ എല്ലാവരും ഒരുപോലെ കൈയടിയും പ്രശംസയും അഭിമാനവും പങ്കിടുന്നുണ്ട്. കാഴ്ച്ചക്കാരുടെ ഉള്ളുലയ്ക്കുന്ന അഭിനയമികവുമായി ഉര്‍വ്വശി നിറഞ്ഞു നിന്ന ‘ഉള്ളൊഴുക്ക്’ മലയാള സിനിമയ്ക്ക് എന്നുമൊരു അഭിമാനമാണെന്ന് പലരും കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ എഴുപത്തൊന്നാമത് ദേശീയപുരസ്കാര നേട്ടത്തില്‍ ഉർവശിയെ കുറിച്ച്‌ ഉള്ളൊഴുക്കിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിലും 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സഹനടിയായി നടി ഉർവശി തെരഞ്ഞെടുക്കപ്പെട്ടതിലും സന്തോഷമുണ്ടെന്നും അത്ഭുതപ്പെടുത്തുന്ന അഭിനേതാവാണ് ഉർവശിയെന്നും അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും ക്രിസ്റ്റോ ടോമി പറഞ്ഞു.
‘‘രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഉർവശി. ദേശീയ അവാർഡ് ചേച്ചിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സത്യമുള്ള പ്രകടനമായിരുന്നു ചേച്ചിയുടേത്. ചിത്രം എഴുതി വെച്ചതിലും ഭംഗിയായി അവർ അത് അവതരിപ്പിച്ചു. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞങ്ങള്‍ കണ്ടത് ഒരു മാജിക്കാണ്. ചേച്ചിയുടെ കൂടെയുള്ളവര്‍ക്ക് ഒരു യൂണിവേഴ്‌സിറ്റിയില്‍ പോയി ഒരു ക്രാഷ് കോഴ്‌സ് ചെയ്ത പോലെയായിരുന്നു. എന്റെ ആദ്യ സിനിമയില്‍ തന്നെ ഉര്‍വശിയെയും പാര്‍വതിയെയും പോലെയുള്ള അഭിനേതാക്കള്‍ക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ഷൂട്ടിംഗ് സമയങ്ങളില്‍ പല സീനുകളിലും ഇരുവരുടെയും അഭിനയം കണ്ട് ഞാന്‍ പോലും ഇമോഷണല്‍ ആയിട്ടുണ്ട്......’’ ക്രിസ്‌റ്റോ ടോമി പറഞ്ഞു.
വളരെ ബുദ്ധിമുട്ടിയാണ് ഉർവശി ഉള്ളൊഴുക്കിലെ ‘അമ്മ’ കഥാപാത്രം ചെയ്തതെന്ന് ക്രിസ്റ്റോ ടോമി പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും വെള്ളത്തിലായതിനാല്‍ പലർക്കും അസുഖങ്ങള്‍ വന്നിരുന്നുവെന്നും ഉർവശിക്ക് നിലവിലും അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ടെന്നും ക്രിസ്റ്റോ ടോമി പറഞ്ഞു. ദിവസങ്ങളോളം വെള്ളത്തില്‍ നിന്ന് അഭിനയിച്ചിട്ട് പലവിധ രോഗങ്ങള്‍ അലട്ടിയിരുന്നുവെന്നും ഒരു ഷോട്ട് എടുക്കുമ്പോള്‍ തങ്ങള്‍ ഉർവശിയുടെ അഭിനയം കണ്ടിട്ട് കട്ട് പറയാൻ മടിച്ചു എന്നും ക്രിസ്റ്റോ ടോമി പറയുന്നു. “ആദ്യത്തെ സിനിമയില്‍ ഉര്‍വശി, പാര്‍വതി തുടങ്ങിയവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഭാഗ്യം ഉണ്ട്. ഉര്‍വശി ചേച്ചിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് ഏറ്റവും വലിയ ഭാഗ്യം ആണ്. ഉര്‍വശി ചേച്ചിക്ക് ദേശീയ പുരസ്‌കാരം കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു. ചേച്ചിക്ക് ലഭിച്ച അംഗീകാരം പ്രതീക്ഷിച്ചിരുന്നതാണ് കാരണം അത്രത്തോളം മനസ്സുലച്ച പ്രകടനമാണ് ചേച്ചി കാഴ്ചവച്ചത്. കണ്ടവരൊക്കെ അത് തന്നെയാണ് പറഞ്ഞത്. പലരും സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞത് ഉർവശിച്ചേച്ചിയുടെ മടങ്ങിവരവ് കുറിച്ച സിനിമയാണ് ഉള്ളൊഴുക്ക് എന്നാണു. അതിനൊരു കാരണമാകാൻ സാധിച്ചതില്‍ സന്തോഷമുണ്ട്.
സിനിമയ്ക്കിടയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ടിരുന്നു. ചിത്രം ചെയ്യാന്‍ പറ്റുമോ എന്ന തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. എട്ട് വര്‍ഷമെടുത്തു സിനിമ ചെയ്യാന്‍. സിനിമ ജനങ്ങള്‍ സ്വീകരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. സിനിമ കണ്ടവർക്കറിയാം ചേച്ചിയുടെ പ്രകടനം വളരെ സത്യസന്ധമായിരുന്നു. എന്ത് വികാരം കിട്ടിയാലും അത് ചേച്ചിയുടെ ഉള്ളിലേക്ക് പോയിട്ട് ഉള്ളില്‍ തൊട്ടു സത്യസന്ധമായാണ് പുറത്തേക്ക് വരുന്നത്. അത് അഭിനയം ആണെന്ന് പോലും തോന്നില്ല. ഞാൻ തന്നെ എഴുതിവച്ചത് ചേച്ചിയും പാർവതിയും അഭിനയിക്കുന്നത് കണ്ടിട്ട് ഞാൻ പോലും ഇമോഷണലായി നിന്നുപോയിട്ടുണ്ട്. സിനിമയുടെ ആദ്യം ഒരു രണ്ടു മിനിട്ടുള്ള ലോങ്ങ് ടേക്ക് ഉണ്ട് അതില്‍ ചേച്ചി വന്നിരിക്കുകയും ആക്ഷൻ എന്ന് പറഞ്ഞപ്പോള്‍ പിന്നെ കാണുന്നത് ഒരു മാജിക്ക് ആണ്.
കട്ട് പറഞ്ഞിട്ട് ഞങ്ങള്‍ക്ക് വേറെ ആംഗിള്‍ എടുക്കണമായിരുന്നു പക്ഷെ ചേച്ചി ചെയ്യുന്നതില്‍ ഇടപെടാതിരിക്കാൻ വേണ്ടി ഞങ്ങള്‍ കട്ട് പറയാതെ ഇരുന്നു. സിനിമയില്‍ ആ ഒരൊറ്റ ഷോട്ട് ആയിട്ടാണ് ഞങ്ങള്‍ ആ സീൻ എടുത്തത് ബാക്കി പ്ലാൻ ചെയ്ത ഷോട്ട് എല്ലാം ഉപേക്ഷിച്ചു. ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന പെർഫോമൻസ് ആയിരുന്നു ചേച്ചിയുടേത്.
ഈ സ്ക്രിപ്റ്റ് ഞാൻ എഴുതി ഡിസ്കഷനായി ചെന്നൈയില്‍ പോയി ചേച്ചിയോടൊപ്പം സംസാരിച്ചിട്ട് വന്നപ്പോള്‍ എനിക്ക് ഒരു യൂണിവേഴ്സിറ്റിയില്‍ പോയി ക്രഷ് കോഴ്സ് ചെയ്ത അനുഭവമായിരുന്നു. സ്ക്രിപ്റ്റിലെ ഓരോ രംഗങ്ങളും ചർച്ച ചെയ്യുമ്പോള്‍ അതുപോലെ ഒരു അനുഭവം ചേച്ചിക്ക് പറയാൻ ഉണ്ടാകും. എല്ലാ ഇമോഷനും സത്യസന്ധതയോടെ ഉള്ളില്‍ തട്ടി ജെനുവിന് ആയിട്ടാണ് തരുന്നത്. സിനിമയ്ക്കായി ചേച്ചി വളരെ ബുദ്ധിമുട്ടി. വെള്ളത്തില്‍ നിന്ന് അഭിനയിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സിനിമയുടെ ലൊക്കേഷനില്‍ ഓരോ ആള്‍ക്കാരും ഓരോ സമയം അസുഖം വന്നു പോയിക്കൊണ്ടിരുന്നു. എല്ലാവര്‍ക്കും കാലിനു ബുദ്ധിമുട്ട് ഉണ്ടായി.
കാലിലെ ആ ബുദ്ധിമുട്ടു മാറിയിട്ടില്ല എന്ന് ചേച്ചി ഇന്ന് കാണുമ്പോഴും പറയും. രാവിലെ വരുന്നത് മുതല്‍ വെള്ളത്തില്‍ നിന്ന് അഭിനയിക്കുക, വെള്ളം നനഞ്ഞ ഉടുപ്പിട്ടു വൈകിട്ടുവരെ നില്‍ക്കുക, ഭക്ഷണം കഴിക്കുക, ഇതെല്ലം ബുദ്ധിമുട്ട് ആയി തോന്നുമെങ്കിലും അവിടെ നിന്നിട്ടു പോലും ഇത്രയും മനസ്സില്‍ തൊടുന്ന പ്രകടനം കാഴ്ചവച്ചാല്‍ നമുക്ക് ചേച്ചിയുടെ ആ ഒരു കഴിവ് ഊഹിക്കാവുന്നതേ ഉള്ളൂ. ചേച്ചിയെ വിളിക്കാൻ സമയം കിട്ടിയില്ല, ഇനി ഉടനെ വിളിക്കും. സംസ്ഥാന അവാർഡ് കിട്ടിയപ്പോള്‍ ചേച്ചിക്ക് വലിയ സന്തോഷമായിരുന്നു, ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു. ഈ തിരക്കൊഴിഞാൻ ആദ്യം വിളിക്കുന്നത് ചേച്ചിയെ ആയിരിക്കും...” ക്രിസ്റ്റോ ടോമി പറയുന്നു.

രണ്ട് പുരസ്‌കാരങ്ങളാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. മികച്ച മലയാള സിനിമായായി ഉള്ളൊഴുക്കിനെയാണ് തിരഞ്ഞെടുത്തത്. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു.
2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. റാണി മുഖര്‍ജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവ്വഹിച്ച ഉള്ളൊഴുക്ക് 2024-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി നടി ഉർവശിയും പാർവതി തിരുവോത്തുമാണ് അഭിനയിച്ചത്. ചിത്രത്തില്‍ ഉർവശി അവതരിപ്പിച്ച ലീലാമ്മ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

Ads by Google
Saturday 02 Aug 2025 01.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW