-->
തിരുവനന്തപുരം: വിസി നിയമനത്തില്‍ വീണ്ടും ഗവര്‍ണറും സര്‍ക്കാരും പോര്. സര്‍ക്കാര്‍ കൊടുത്ത പാനല്‍ തള്ളിക്കൊണ്ട് രണ്ടുപേരെ ഗവര്‍ണര്‍ ഡോ. സിസാതോമസിനും കെ.ശിവപ്രസാദിനേയും താല്‍ക്കാലിക വൈസ് ചാന്‍സലര്‍ പദവിയില്‍ നിയോഗിച്ച നടപടി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ഉടന്‍ ആവശ്യപ്പെടും. ഇതിന് പിന്നാലെ പുതിയ വൈസ്ചാന്‍സലര്‍മാരുടെ പാനലും നല്‍കും.
ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. വിസിമാരുടെ പുനര്‍നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ചാകണമെന്ന വിധി ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രകാരം പുറത്തുപോയ സിസ തോമസിനെയും ശിവപ്രസാദിനെയും ചാന്‍സലര്‍ വീണ്ടും നിയമിച്ചത് സുപ്രീംകോടതി വിധിയെ മറികടന്നാണെന്നാണ് സര്‍ക്കാരിന്റെ വാദം. ആറുമാസത്തേക്കാണ് ഇരുവരുടേയും നിയമനം.
വിജ്ഞാപനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ സിസ തോമസും ശിവപ്രസാദും വിസിമാരായി ചുമതലയേറ്റിരുന്നു. പുറത്തുപോയവരെ വീണ്ടും നിയമിക്കാമെന്നതാണ് രാജ്ഭവന്റെ ചട്ടം ഉപയോഗിച്ചാണ് ഗവര്‍ണറുടെ പുതിയ നടപടി. എന്നാല്‍ ഈ പുനര്‍ നിയമനം ചാന്‍സലര്‍ക്ക് നടത്താമെങ്കിലും രണ്ട് സര്‍വകലാശാലകളിലെയും ചട്ടം അനുസരിക്കണമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ചാന്‍സലറുടെ താല്‍ക്കാലിക നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ പാനല്‍ നല്‍കിയിരുന്നെങ്കിലും ഗവര്‍ണര്‍ പരിഗണിച്ചില്ല.
അതിനിടയില്‍ കേരളസര്‍വകലാശാലയിലെ റജിസ്ട്രാര്‍ വിഷയത്തില്‍ ഇന്ന് സിന്‍ഡിക്കേറ്റിലെ ഇടത് ബിജെപി അംഗങ്ങള്‍ ഏറ്റുമുട്ടി. വൈസ്ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ നിയമിച്ച രജിസ്ട്രാര്‍ മിനികാപ്പന് ആക്‌സസ് നല്‍കുകയും സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ അനില്‍കുമാറിന്റെ അക്‌സസ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരേ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്ത് വരികയായിരുന്നു.
ഇന്ന് ക്യാബിനില്‍ എത്തിയ ഇടത് അംഗങ്ങള്‍ ജീവനക്കാരെ വിളിച്ചുവരുത്തി അനില്‍കുമാറിന് ഇ ഫയല്‍ അക്‌സസ് നല്‍കണെമന്നും മിനി കാപ്പന് നല്‍കരുെതന്നും ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഇരിക്കുന്ന കേസാണെന്നായിരുന്നു ഇതിന് പറഞ്ഞ ന്യായീകരണം. എന്നാല്‍ ഇതിനെ എതിര്‍ത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും അംഗങ്ങള്‍ രംഗത്ത് വരികയായിരുന്നു. ഇത് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കത്തിന് കാരണമായി.