Friday, March 13, 2026 Last Updated 49 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 10.37 AM

‘ഈയിടെയായിട്ട് ഞങ്ങളുടെ നായകന് ഉറക്കം സ്വല്പം കൂടുതലാ; ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കിൽ അതാണ് കേരള ബി.ജെ.പി...’ പ്രവീണ്‍ നാരായണ്‍

സുരേഷ്ഗോപി നായകനായി എത്തിയ ജെ.എസ്.കെയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണ്‍ തന്റെ സിനിമ റിലീസ് ചെയ്യിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമെതിരെ പ്രവീണ്‍ നാരായണ്‍ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.
uploads/news/2025/08/794108/Untitled-4.jpg
Pravin Narayanan aganist Suresh Gopi and Rajeev Chandrasekhar (Image Source: Facebook)

കലയ്ക്ക് രാഷ്ട്രീയമുണ്ടോ ? ജാതിയുണ്ടോ മതമുണ്ടോ ? കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരം പ്രശ്നങ്ങള്‍ ​സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്. ചില കലാരൂപങ്ങളില്‍ പ്രത്യേകിച്ച് സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന പേരുകള്‍ മാറ്റണമെന്നും അത് വ്യക്തിഹത്യയാണെന്നുമടക്കം പല വിമര്‍ശനങ്ങളും അടുത്തിടെ വരുന്നുണ്ട്. സിനിമയുടെ പേരു തന്നെ ചിലപ്പോഴൊക്കെ ഈ പ്രശ്നങ്ങളുടെ പേരില്‍ മാറ്റേണ്ടതായി വന്നിട്ടുമുണ്ട്.
അക്കൂട്ടത്തില്‍ അടുത്തിടെ വിവാദങ്ങളില്‍ പെട്ടൊരു സിനിമയാണ് പ്രവീണ്‍ നാരായണ്‍ സംവിധാനം ചെയ്ത് സുരേഷ്ഗോപി നായകനായി എത്തിയ ജെ.എസ്.കെ അഥവാ ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള. ജൂൺ മാസം 27ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന് ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. സിനിമയുടെ പേരിലെ ജാനകി 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ചാണ് പ്രദർശനാനുമതി തടഞ്ഞത്. അവസാനം സെൻസർ ബോർഡ് പറഞ്ഞതിന്‍ പ്രകാരം ജാനകി എന്ന പേര് മാറ്റി ജാനകി വി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്. ആളുകള്‍ ഏറ്റെടുക്കുകയാണ് ഈ സിനിമ.
എന്നാല്‍ ഇപ്പോഴിതാ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമെതിരെ ജെഎസ്‌കെ സംവിധായകൻ പ്രവീണ്‍ നാരായണ്‍ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. ചത്തീസ്‌ഗഡിലെ ദുർഗില്‍ മലയാളികളായ കന്യാസ്‌ത്രീകള്‍ അറസ്റ്റിലായപ്പോള്‍ പാർട്ടി ജനറല്‍ സെക്രട്ടറിയെ അയയ്‌ക്കാൻ ബിജെപി മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനിച്ചു. എന്നാല്‍, ജെഎസ്‌കെ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കില്‍ അതാണ് കേരളത്തിലെ ബിജെപി എന്നുമാണെന്നും പ്രവീണ്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
‘‘ഇരട്ടത്താപ്പിന് മറ്റൊരു പേരുണ്ടെങ്കിൽ അതാണ് ഭാരതീയ ജനതാ പാർട്ടി ഓഫ് കേരള, കന്യാസ്ത്രീകൾക്ക് നീതി നേടി കൊടുക്കുവാനായിട്ട് ഏതറ്റം വരെയും പോകും...കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ സംസ്ഥാന പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നും കന്യ സ്ത്രീ വിഷയത്തിൽ വന്ന പോസ്റ്റുകളുടെ എണ്ണം അഞ്ചോ അതിലേറെയോ ആണ്...നല്ലതാണ് സർ, ഈ കഴിഞ്ഞ മാസം ഞങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിഷയത്തിൽ, വിവാദം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചപ്പോൾ അങ്ങിനൊരു വിഷയം ഉണ്ടോ? ഞാൻ അറിഞ്ഞിട്ടില്ല...പഠിച്ചിട്ട് പ്രതികരിക്കാം...
പിന്നെ പറഞ്ഞു സിനിമയുടെ കാര്യത്തിൽ പാർട്ടി ഇടപെടുന്നത് ശരിയല്ലെന്ന്...പാർട്ടിക്ക് കലാപരമായ കാര്യങ്ങളിൽ ഇടപെടാൻ പറ്റില്ല, പക്ഷേ മതത്തിന്റെ കാര്യത്തിൽ ഇടപെടാം...ഒരൊറ്റ മണിക്കൂർ കൊണ്ട് അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയക്കാനും മാത്രം കേരള ബിജെപി യേ അൾത്താരയിൽ കുമ്പിട്ടിരുത്തുന്നത് എന്താണ് ? ഈ നാട്ടിൽ നടക്കുന്ന മുള്ളു മുരിക്കു കോടാലി വെക്കുന്ന സകല കാര്യങ്ങളിലും ഇടപെടുന്ന രാജ്യം ഭരിക്കുന്ന പാർട്ടി എന്തുകൊണ്ടാണ് ജാനകി വി vs സെൻസർ ബോർഡ് വിഷയത്തിൽ നിന്നും മാറി നിന്നത് ?
ഈ നാട്ടിൽ ജനിച്ചു പോയി എന്നൊരു തെറ്റ് കൊണ്ട് ജീവിക്കേണ്ടി വരുന്ന ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോവുകയാണ് സർ, എന്നാണ് സർ നിങ്ങളൊക്കെ, ഞങ്ങളെ മനുഷ്യരായി കാണാൻ തുടങ്ങുന്നത്...ദീപസ്തംഭം മഹാശ്ചര്യം നമുക്കും വേണം പത്ത് വോട്ട്...JSK യിൽ അഡ്വ :ഡേവിഡ് ആബേൽ പറയുന്നത് പോലെ... വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്...’’ എന്നാണ് പ്രവീണ്‍ നാരായണ്‍ ​സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഈ പോസ്റ്റിനു താഴെ നിരവധി പേര്‍ പിന്തുണച്ചും പ്രതികൂലിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. സുരേഷ് ഗോപിക്കെതിരെയും കമന്റുകള്‍ വരുന്നുണ്ട്. അതിന് മറുപടിയും നല്‍കിയിട്ടുണ്ട് പ്രവീണ്‍ നാരായണ്‍. ‘നിങ്ങളുടെ നായകനും ഉറങ്ങിപ്പോയി.... ശരിക്കും വിഷമം തോന്നി...’ എന്നായിരുന്നു ഒരു കമന്റ്. ‘ഈയിടെയായി ഉറക്കം സ്വല്‍പ്പം കൂടുതലാണ്...’ എന്നാണതിന് പ്രവീണ്‍ നല്‍കിയ മറുപടി. ‘സുരേഷ് ഗോപിയുടെ ഡേറ്റ് കിട്ടി പടം ചെയ്തിട്ട് ഇപ്പോൾ തിരിഞ്ഞ് കൊത്തുന്നു... ഇതിനെ ഇരട്ടത്താപ്പ് എന്ന് തന്നെ ആണോ അതോ മറ്റെന്തെങ്കിലും ആണോ വിളിക്കേണ്ടത്...’ എന്നും ചിലര്‍ പ്രവീണിന് മറുപടി നല്‍കിയിട്ടുണ്ട്. പ്രവീണിനെ പിന്തുണച്ചും അല്ലാതെയുമുള്ള നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW