-->
ദുര്‍ഗ്: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗിലെ സെഷന്‍സ് കോടതി തള്ളിയതായി സൂചന. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നും മേല്‍കോടതിയെ സമീപിക്കാന്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചതായിട്ടാണ് വിവരം. മനുഷ്യക്കടത്ത് എന്‍ഐഎ യുടെ പരിധിയിലായതിനാല്‍ തുടര്‍നടപടികള്‍ എന്‍ഐഎ കോടതിയിലേക്ക് പോകാനാണ് സെഷന്‍സ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതോടെ കന്യാസ്ത്രീമാരുടെ മോചനത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിബിസിഐ. നേരത്തേ കന്യാസ്ത്രീകള്‍ക്ക് എതിരേ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കേസ് തള്ളിയതോടെ ആഹ്‌ളാദപ്രകടനവും നടത്തി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ദുര്‍ഗ് സെഷന്‍സ് കോടതിക്ക് പുറത്ത് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ നേരത്തേ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു.
അതിനിടയില്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമം നടത്തുകയാണ്. ആന്റോ ആന്റണിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ അടിയന്തിരമായി കൊണ്ടുവരാനാണ് യുഡിഎഫ് എംപിമാര്‍ ആലോചിക്കുന്നത്. നേരത്തേ പാര്‍ലമെന്റിലും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് രാഷ്ട്രീയ ഇടപെടലിനുള്ള ശ്രമം കൂടി യുഡിഎഫ് എംപിമാര്‍ നടത്തുന്നത്.
പ്രശ്‌നത്തില്‍ ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് നേരത്തേ പാര്‍ലമെന്റിലെ ശുന്യവേളയില്‍ കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടിരുന്നു. പോലീസ് നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം ഇടപെടണമെന്നും ആഭ്യന്തരമന്ത്രി പ്രസ്താവന പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്ക് നേരെയുള്ള ആക്രമണം രാജ്യത്ത് വര്‍ദ്ധിക്കുകയാണെന്നും ഇതില്‍ അപലപിക്കുകയാണെന്നും ഒരുസൈഡില്‍ കേക്കുമായി നടക്കുമ്പോള്‍ മറുവശത്ത് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാലും വിമര്‍ശിച്ചിരുന്നു.