Thursday, March 12, 2026 Last Updated 34 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 10.26 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രധാനമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ, ബിജെപി അധ്യക്ഷനോട് ദില്ലിയിലെത്താൻ നിർദേശിച്ച് അമിത് ഷാ

uploads/news/2025/08/794103/Rajeev-chandrasekhar-2.jpg

തൃശൂര്‍: കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടുന്ന കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരും ജാമ്യവ്യവസ്ഥ എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രിക്കൊപ്പം വിഷയം ചര്‍ച്ച ചെയ്‌തെന്നും ജാമ്യം കിട്ടുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഇന്ന് രാവിലെ തൃശൂര്‍ അതിരൂപതയില്‍ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. അതിനിടെ, രാജീവ് ചന്ദ്രശേഖറെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ദില്ലിയിൽ എത്താനാണ് നിർദേശം. ഇന്ന് ഉച്ചയോടെ രാജീവ് ചന്ദ്രശേഖർ ദില്ലിയിലേക്ക് പുറപ്പെടും.

ബിജെപി നില്‍ക്കുന്നത് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനാണെന്നും അതില്‍ മതമോ രാഷ്ട്രീയമോ വോട്ടോ നോക്കിയല്ല എന്നും പറഞ്ഞു. ഇവിടെ നടന്നത് തെറ്റിദ്ധാരണയാണ്. ഛത്തീസ് ഗഡില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമമുണ്ട്. അത് പോലീസ് പാലിച്ചെന്നേയുള്ളെന്നും പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് ഉടന്‍ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. അത് എപ്പോള്‍ കിട്ടുമെന്ന് പറയുക അസാദ്ധ്യമാണ്. 2013 ല്‍ പാസ്സാക്കിയ നിയമം അനുസരിച്ച് ഛത്തീസ്ഗഡിലുള്ള ഒരാള്‍ ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലോ സംസ്ഥാനത്തിന് പുറത്തോ പോകുന്നെങ്കില്‍ പ്രത്യേക പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ്. ഇവിടെ റജിസ്റ്റര്‍ ചെയ്യാതെയാണ് പെണ്‍കുട്ടികള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്.

മറ്റുപാര്‍ട്ടികള്‍ ചെയ്തത് പോലെ ബിജെപി ഇതില്‍ രാഷ്ട്രീയം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുവരെ ജാമ്യം കിട്ടാത്തതിന് കാരണം അറസ്റ്റ് ചെയ്തതിന്റെ ബാക്കി നടപടി ഇതുവരെ ചെയ്യാത്തത്‌കൊണ്ടാണ്. കേസ് എന്‍ഐഎ കോടതിയില്‍ ആയതിനാല്‍ ഇടപെടാനാകില്ലെന്നാണ് സെഷന്‍സ് കോടതി പറഞ്ഞത്. അതുകൊണ്ടാണ് ജാമ്യം നീളുന്നത്. ഈ വിഷയത്തെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇവിടുന്ന് പോയവര്‍ ഛത്തീസ്ഗഡില്‍ ചെന്ന് രാഷ്ട്രീയനാടകം കളിക്കുകയാണെന്നും പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു വരികയാണ്. ഇന്നലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്ത് എത്തിയ ശേഷമാണ് ഇന്ന് രാജീവ് ചന്ദ്രശേഖര്‍ സിബിസിഐ ആസ്ഥാനത്തും എത്തിയത്.

കന്യസ്ത്രീകളെ ഉടന്‍മോചിപ്പിക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്തും കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണം കൂടുകയാണെന്നും ഇന്ത്യയില്‍ ജീവിക്കാനുള്ള സാഹചര്യം ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഉണ്ടാകണമെന്നും പറഞ്ഞു. പറയാനുള്ളത് ഭരിക്കുന്നവരോടാണെന്നും തങ്ങളുടെ വേദന എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിളിച്ചത് അനുസരിച്ചാണ് രാജീവ് ചന്ദ്രശേഖരന്‍ പ്രശ്‌നത്തില്‍ ഇടപെടാനായി വന്നതെന്നും പറഞ്ഞു. വിഷയം ഡല്‍ഹിയിലെ സിബിസിഐ ഓഫീസും പഠിക്കുകയാണ്. അതിനിടയില്‍ എന്‍ഐഎ കോടതിയെ ജാമ്യത്തിനായി സമീപിക്കാനുള്ള നീക്കത്തിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW