-->
കൊച്ചി: സിനിമാനടീനടന്മാരുടെ സംഘടനയായ എഎംഎംഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി ജഗദീഷെന്ന് സൂചന. അദ്ധ്യക്ഷപദവിയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്ന ജഗദീഷ് സ്ത്രീകളില്‍ ഒരാള്‍ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്ന കാര്യം പണിഗണിക്കുകയാണെങ്കില്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറാണെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നതായിട്ടാണ് വിവരം.
ഇക്കാര്യം ജഗദീഷ് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ഗോപി എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന വിവരത്തില്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷിനൊപ്പം ശ്വേതാമേനോനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മത്സരിക്കുന്നുണ്ട്.
നേരത്തേ എഎംഎംഎ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഒരു വനിത എത്തുന്നതിനെ പിന്തുണച്ച് നടനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാര്‍ രംഗത്ത് വന്നിരുന്നു. പുതിയ സാഹചര്യത്തില്‍ സ്ത്രീകള്‍ നയിക്കുന്നത്് നല്ലതാണെന്നും സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന തരത്തിലുള്ള ചര്‍ച്ചകളുണ്ടെങ്കില്‍ അത് മാറണമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
നേതൃത്വം വനിതകള്‍ ഏറ്റെടുക്കണമെന്നും പ്രധാന പദവികളില്‍ സ്ത്രീകള്‍ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹന്‍ലാല്‍ ഒഴിയു മ്പോള്‍ പറഞ്ഞത്. 'അമ്മ' എന്ന പേര് അന്വര്‍ത്ഥമാക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ജഗദീഷിനും ശ്വേതാ മേനോനും പുറമേ ദേവന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
നടന്‍ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളി. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാ ലെയാണ് നേതൃത്വം ഒഴിവായത്. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്‌ഹോക് കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.