-->
നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൗബിന്‍ ഷാഹിര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായിരുന്നു സൗബിന്‍. സിനിമയുടെ റിലീസിനും വിജയത്തിനുംശേഷം ചില വിവാദങ്ങളും കേസുകളും തലപൊക്കിയിരുന്നു. സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാക്ക് നല്‍കി ഏഴുകോടി രൂപ വാങ്ങിയശേഷം വഞ്ചിച്ചുവെന്നതടക്കമുളള കേസുകളാണ് സൗബിനും പിതാവിനും എതിരെ ഉയര്‍ന്നത്. ഇപ്പോഴിതാ സിനിമയുമായും സൗബിനുമായും ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ആലപ്പി അഷ്‌റഫ്.
സൗബിന്റെ പിതാവ് സത്യസന്ധനായ പണമിടപാടുകാരനാണെന്ന് ആലപ്പി അഷ്‌റഫ് പുതിയ വീഡിയോയില്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് കൂലി സിനിമയ്ക്കുള്ള ഡേറ്റ് സൗബിന്‍ കൊടുത്തത്. എണ്‍പത് ദിവസത്തോളം ഈ സിനിമയില്‍ അഭിനയിച്ചു. മൂന്ന് കോടിയോളം രൂപയാണ് സൗബിന് ശമ്പളമായി ലഭിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ കാരണമാണ് കൂലിയിലേക്ക് സൗബിന്‍ കാസ്റ്റ് ചെയ്യപ്പെടുന്നത്. സൗബിന്റെ മാനേജരും സുഹൃത്തുമായ ഷോണ്‍ എന്ന ചെറുപ്പക്കാരനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന പ്രോജക്ട് ആദ്യമായി കൊണ്ടുവരുന്നത്. ഒരു വര്‍ഷക്കാലത്തോളം അതിന്റെ ചര്‍ച്ചകള്‍ നടന്നു. പത്ത് കോടി ബജറ്റില്‍ തീരുന്ന സിനിമയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. ഈ ബഡ്ജറ്റിന്റെ കാര്യത്തില്‍ സൗബിന്റെ പിതാവ് ഷഹീര്‍ ബാബുവിന് ഈ ബഡ്ജറ്റിന്റെ കാര്യത്തില്‍ തീരെ വിശ്വാസമില്ലായിരുന്നു.
യഥാര്‍ത്ഥ ഗുണ കേവില്‍ ഷൂട്ട് ചെയ്യാന്‍ അനുവാദം ലഭിക്കാത്തതുകൊണ്ട് തന്നെ പെരുമ്പാവൂരില്‍ ഗുണ കേവ് സെറ്റിട്ടാണ് ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത്. മൂന്ന് കോടിയാണ് സെറ്റിന് വേണ്ടി നീക്കിവെച്ചിരുന്നത്. എന്നാല്‍ സെറ്റ് പൂര്‍ത്തിയായപ്പോഴേക്കും ബഡ്ജറ്റ് ഏഴ് കോടിയായി. മഹാഭാരതം ഷൂട്ട് ചെയ്യാന്‍ പോകുന്ന സെറ്റാണോയെന്നാണ് സെറ്റ് കണ്ട് സംവിധായകന്‍ സിദ്ദീഖ് ചോദിച്ചത്. സെറ്റിന്റെ പെര്‍ഫക്ഷന്‍ കണ്ട് അതിന്റെ കലാസംവിധായകന് തന്റെ അടുത്ത സിനിമയിലേക്ക് അവസരം ഓഫര്‍ ചെയ്തിട്ടാണ് സിദ്ദീഖ് അന്ന് മടങ്ങിയത്. 111 ദിവസം എടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. അതിനിടയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ടീം പണത്തിന് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. പലരില്‍ നിന്നും കടം വാങ്ങി. ചെമ്മീന്‍ എക്‌സപോട്ടര്‍ സിറാജ്, ഗോകുലം ഗോപാലന്‍, ലിസ്റ്റിന്‍ തുടങ്ങിയവര്‍ ടീമിനെ സാമ്പത്തികമായി സഹായിച്ചു.
സിനിമയുടെ ഫസ്റ്റ് കോപ്പിയായപ്പോഴേക്കും 22 കോടിയോളം രൂപ ചിലവായി. സിനിമ വന്‍ വിജയമാകുമെന്ന് ആദ്യം പ്രവചിച്ചത് സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ്. പറഞ്ഞതുപോലെ സംഭവിച്ചു. സിനിമ ചരിത്ര വിജയം നേടി. നൂറും ഇരുന്നൂറും കോടി കലക്ട് ചെയ്തു. ഒപ്പം തന്നെ പ്രശ്‌നങ്ങളും പൊട്ടിപുറപ്പെട്ടു. ഗുണയിലെ പാട്ടിന്റെ അവകാശം മുംബൈയിലെ ഒരു കമ്പനിയുടെ പക്കല്‍ നിന്നും പണം കൊടുത്ത് എഴുതി വാങ്ങിയിരുന്നു. പടം റിലീസായപ്പോള്‍ പാട്ടിന്റെ മറ്റൊരു സംഗീത സംവിധായകനായ ഇളയരാജ രംഗത്ത് വന്നു. നഷ്ടപരിഹാരമായി രണ്ട് കോടി ആവശ്യപ്പെട്ടു. ഒരു കോടി അറുപത് ലക്ഷം രൂപ കൊടുത്താണ് ആ പ്രശ്‌നം പരിഹരിച്ചത്. സിനിമ റിലീസ് ചെയ്ത് പണം കയ്യിലേക്ക് വന്ന് തുടങ്ങും മുമ്പ് തന്നെ നിര്‍മ്മാതാക്കളായ ഷോണ്‍, സൗബിന്‍, ഷെഹീര്‍ എന്നിവര്‍ക്കെതിരെ കേസുകള്‍ ഉയര്‍ന്ന് വന്നു. തങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയ പണം തരാതെ പറ്റിച്ചുവെന്നായിരുന്നു സൗബിന് എതിരെ ഉയര്‍ന്ന ആരോപണം.
പൊതു സമൂഹത്തിന് മുന്നില്‍ ഒരു തട്ടിപ്പുകാരനായി ഒരു സെലിബ്രിറ്റിക്ക് നില്‍ക്കേണ്ടി വന്നു. കേസായതോടെ കടം വാങ്ങിയ അസ്സല്‍ മുതല്‍ കൊടുത്തിട്ടുണ്ടെന്നും ലാഭ വിഹിതം കേസ് കഴിയുമ്പോള്‍ കൊടുക്കുമെന്നും ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കേസ് തീരാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കും. സൗബിന്റെ പിതാവ് കൃത്യനിഷ്ഠതയുള്ള സത്യസന്ധനായ പണമിടപാടുകാരനാണെന്നത് എല്ലാവര്‍ക്കും അറിയാം. ഷെഹീര്‍ ബാബു ഉണ്ടെങ്കില്‍ പറ്റിപ്പും തരികിടയും നടക്കുകയുമില്ല. മറ്റുള്ളവരെ അത് ചെയ്യാന്‍ അനുവദിക്കുകയുമില്ലെന്നും ആലപ്പി അഷ്‌റഫ്.