Wednesday, March 11, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jul 2025 02.26 PM

‘‘ആദ്യ കുഞ്ഞ് നഷ്ടപ്പെട്ട ഡിപ്രഷനിലായിരുന്നു ഞാന്‍; മമ്മൂക്കയുടെ നിര്‍ബന്ധമാണ് കരിയറിലേക്ക് തിരിച്ചെത്തിച്ചത്; അതും മികച്ച റോളിലൂ​ടെ...’’ ശാന്തികൃഷ്ണ

മലയാളസിനിമയില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് ശാന്തികൃഷ്ണ. ഇപ്പോഴിതാ താന്‍ കരിയറിലെടുത്ത ഇടവേളയെക്കുറിച്ചും ഡിപ്രഷനില്‍ നിന്ന് തിരിച്ചുവരാന്‍ മമ്മൂട്ടി സഹായിച്ചത് എങ്ങനെയാണെന്നും കരിയറില്‍ തിരിച്ചെത്തിയതിനെക്കുറിച്ചും പറയുകയാണ് ശാന്തികൃഷ്ണ.
Mammootty, Shanthikrishna
Shanthikrishna about how mammootty helps to overcome career break (Image Source: Youtube)

1980-കളിലും 90-കളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു ശാന്തി കൃഷ്ണ. 16-ാം വയസ്സിൽ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് നാടന്‍ തനിമയുള്ള കഥാപാത്രങ്ങളായി മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി ശാന്തി കൃഷ്‌ണ. മലയാളത്തില്‍ മാത്രമല്ല അക്കാലത്ത് തമിഴിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് താരം തിളങ്ങിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി കരുത്തുറ്റ കഥാപാത്രങ്ങള്‍ നല്‍കാന്‍ ശാന്തികൃഷ്ണയ്ക്ക് കഴിഞ്ഞു.
നാലു പതിറ്റാണ്ടിലധികമായി സിനിമകയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഇടയ്ക്ക് കുടുംബജീവിതത്തിനായി സമയം മാറ്റി വച്ച് ഇടവേള​കളെടുത്തിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ മികച്ച സിനിമകള്‍ ചെയ്ത് കൈയടി നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ കരിയറിലെ തിളക്കം താരത്തിന്റെ വ്യക്തി ജീവിതത്തിലുണ്ടായില്ല. ആദ്യ വിവാഹം സിനിമയില്‍ അന്ന് തിളങ്ങി നിന്നിരുന്ന ശ്രീനാഥുമായിട്ടായിരുന്നു. എന്നാല്‍ പിന്നീടവര്‍ വേര്‍പിരിഞ്ഞു. തന്റെ ജീവിതത്തില്‍ ആ വേര്‍പിരിയല്‍ വലിയ വേദനയുണ്ടാക്കിയിരുന്നു എന്ന് താരം പറഞ്ഞിട്ടുണ്ട്. പിന്നീട് രണ്ട് വിവാഹം ചെയ്തെങ്കിലും താരത്തിന് നല്ലൊരു കുടുംബജീവിതം ലഭിച്ചില്ല. വ്യക്തി ജീവിതത്തിലെ പല പ്രശ്‌നങ്ങളും കാരണമായിരുന്നു താന്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുത്തതെന്ന് താരം പിന്നീട് തുറന്നു പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അമ്മവേഷങ്ങളടക്കം ചെയ്ത് കരിയറിലും മക്കള്‍ക്കൊപ്പമുളള സ്വകാര്യ ജീവിതവും ആസ്വദിക്കുകയാണ് താരമിപ്പോള്‍.
ഇപ്പോഴിതാ ആദ്യത്തെ കുഞ്ഞ് നഷ്‌ടമായപ്പോള്‍ തനിക്കുണ്ടായ വേദനയും വിഷാദവും ഒക്കെ വളരെ വലുതായിരുന്നു എന്ന് പറയുകയാണ് ശാന്തികൃഷ്ണ. ആ വേദനയില്‍ നിന്ന് കരകയറി സിനിമയിലേക്ക് തിരിച്ചുവന്നത് മമ്മൂട്ടിയുടെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയായിരുന്നുവെന്നും അന്ന് മമ്മൂക്ക നിർബന്ധിച്ചില്ലായിരുനെങ്കില്‍ സിനിമയിലേക്ക് തിരിച്ചു വരില്ലായിരുന്നുവെന്നും ശാന്തികൃഷ്ണ പറയുന്നു.
‘‘എന്റെ ആദ്യത്തെ കുഞ്ഞിന്റെ വിട പറയല്‍ എന്നും ദുഃഖമായ കാര്യമാണ്. അത് പറയാൻ എനിക്ക് താല്‍പര്യമുള്ള കാര്യമല്ല. അത് ശരിക്കും വേദനിപ്പിക്കുന്ന കാര്യമാണ്. അന്ന് മമ്മൂക്ക നിർബന്ധിച്ചില്ലായിരുനെങ്കില്‍ സിനിമയിലേക്ക് തിരിച്ചു വരില്ലായിരുന്നു. നയം വ്യക്തമാക്കുന്നു ആയിരുന്നു ആ സിനിമ. നേരത്തെ പറഞ്ഞ എന്റെ കുഞ്ഞ് നഷ്‌ടമായ സമയമായിരുന്നു അത്. അപ്പോള്‍ ഞാൻ ഭയങ്കര ഡിപ്രഷനില്‍ ആയിരുന്നു.
അത് കഴിഞ്ഞിട്ടാണ് എനിക്ക് നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ അവസരം വന്നത്. ഞാൻ അഭിനയിക്കാൻ ഇല്ലെന്നായിരുന്നു പറഞ്ഞത്. കാരണം ഞാൻ ഒട്ടും ആത്മവിശ്വാസത്തില്‍ ആയിരുന്നില്ല.
ആദ്യത്തെ പടം നിദ്രയില്‍ അഭിനയിച്ചത് പോലെ അല്ലല്ലോ. പിന്നീട് ഇത്രയും വർഷം കഴിഞ്ഞ് ആകെ മാറിയിട്ടാണ് വരുന്നത്. അതും നല്ലൊരു മാനസികാവസ്ഥയില്‍ പോലും അല്ലായിരുന്നു. ഡിപ്രഷനില്‍ ഇരിക്കുന്ന സമയവും. പെട്ടെന്ന് കേറി അഭിനയിക്കുമ്പോള്‍ എന്തിനാണ് അത് നശിപ്പിക്കുന്നത് എന്നൊക്കെ ആയിരുന്നു എന്റെ മനസ്സില്‍. പറ്റില്ലെന്ന് തന്നെയാണ് പറഞ്ഞത്. പിന്നെ ഇതാണ് കൃത്യമായ സമയം എന്നായിരുന്നു അവരൊക്കെ പറഞ്ഞത്. സെറ്റില്‍ വന്നാല്‍ മതി, പറ്റുവാണെങ്കില്‍ നമുക്ക് ചെയ്യാം എന്നൊരു സമീപനം ആയിരുന്നു അവരുടേത്. അങ്ങനെ പോയി ആദ്യദിനം തന്നെ വലിയൊരു സീൻ എടുത്തുതന്നു, എന്തുകൊണ്ടോ അത് വർക്ക് ആയി.
ആദ്യമായി അഭിനയിക്കാൻ പോവുന്നത് പോലെ ആയിരുന്നില്ല ഇത്, നിദ്രയില്‍ അഭിനയിക്കാൻ പോവുമ്പോള്‍ ഒരു പേടിയും ഉണ്ടായിരുന്നില്ല. അന്നൊന്നും അറിയില്ലായിരുന്നു. ഭരതേട്ടൻ പറയുന്നത് അതുപോലെ ചെയ്യുകയായിരുന്നു. പക്ഷേ നയം വ്യക്തമാക്കുന്നു ആവുമ്പോഴേക്കും തിരിച്ചറിവ് വന്നിരുന്നു. അതുകൊണ്ട് ആദ്യ സിനിമയ്ക്ക് ഇല്ലാതിരുന്ന ടെൻഷൻ ഇതിനുണ്ടായിരുന്നു...’’ ശാന്തികൃഷ്ണ പറയുന്നു.
മോഹൻലാലിന്റെ അമ്മയായും സഹോദരിയായും ഭാര്യയായും അമ്മായിഅമ്മയായും ഒക്കെ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, അങ്ങനെ ചെയ്യാൻ പറ്റിയ അധികമാരും ഉണ്ടാവില്ലെന്നും താരം പറയുന്നുണ്ട്. തുടക്കം തൊട്ട് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ആളാണ് ലാല്‍ ഒക്കെയെന്നും പിൻഗാമിയില്‍ അമ്മയായിരുന്ന താന്‍, ചെങ്കോലില്‍ അമ്മായി അമ്മയാണെന്ന് പറഞ്ഞപ്പോള്‍ ലാല്‍ ചിരിക്കുകയാണ് ചെയ്‌തതെന്നും ശാന്തികൃഷ്ണ പറയുന്നു.

Ads by Google
Saturday 26 Jul 2025 02.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW