-->
തിരുവനന്തപുരം: അതീവസുരക്ഷയുള്ള ജയിലില്‍ നിന്നും അവിടുത്തെ കൊടും കുറ്റവാളികളില്‍ ഒരാള്‍ ജയില്‍ ചാടിയ സംഭവം സര്‍ക്കാരിന് വലിയ അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തില്‍ പോലീസ് ഉന്നതരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. സംസ്ഥാന പോലീസ് മേധാവിയും ജയില്‍ മേധാവിയും ഉള്‍പ്പെടെയുള്ള പോലീസുകാര്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 മണിയോടെയാണ് യോഗം തുടങ്ങുക. ഗോവിന്ദചാമിയുടെ ജയില്‍ചാട്ടം സര്‍ക്കാരിന് വലിയ നാണക്കേടായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് യോഗം.
സംസ്ഥാന പോലീസ് മേധാവി നേരത്തേ എസ്പി റാങ്ക് മുതല്‍ മുകളിലേക്കുളള പോലീസ് ഉന്നതരുടെ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. ജയിലുകളില്‍ ഒരുക്കേണ്ട സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ക്ക് തന്നെയാകും യോഗത്തിന് മുന്‍തൂക്കമെന്നാണ് കരുതുന്നത്. ഈ വീഴ്ച എങ്ങിനെ സംഭവിച്ചു എന്ന കാര്യം പരിശോധിക്കും. അംഗപരിമിതന്‍ കൂടിയായ ഗോവിന്ദചാമി എങ്ങിനെ ജയില്‍ചാടി എന്നത് സര്‍ക്കാരിന് വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ഈ വീഴ്ച എങ്ങിനെ സംഭവിച്ചു എന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
ഗൗരവമുള്ള ചര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുക. നിര്‍ണ്ണായക തീരുമാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ജയില്‍മേധാവിയെ മാറ്റിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം സംസ്ഥാന പോലീസ് മേധാവിക്ക് പറയാനുള്ള കാര്യം ഒക്കെ പരിഗണിക്കും. ഇനി ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തു മൂന്‍കരുതല്‍ എടുക്കണമെന്നതടക്കമുള്ള കാര്യം ചര്‍ച്ചയില്‍ ഉണ്ടാകും.
നോര്‍ത്ത ഡിഐജിയുടെ നേതൃത്വത്തില്‍ ഗോവിന്ദചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് മുന്ന് ദിവസത്തിനുള്ളില്‍ കിട്ടുമെന്നാണ് സൂചനകള്‍. ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ നിലവില്‍ നാലു ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടിയെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടായേക്കാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കൂടുന്നതും ചര്‍ച്ചയാകും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, സൈബര്‍ തട്ടിപ്പ്, മയക്കുമരുന്ന് വ്യാപനം, ഗുണ്ടകള്‍ പോലീസിനെ ആക്രമിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും.