-->
സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നതിന് ശേഷമാണ് ലെനയെന്ന അഭിനേത്രി ബിഗ് സ്ക്രീനില്‍ തന്റെ അഭിനയമികവ് പ്രകടിപ്പിച്ച് കൈയടി നേടിയത്. ജനകീയ പരമ്പരയിലൂടെയാണ് ലെന ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. നായികയെന്ന നിലയില്‍ മാത്രമല്ല കരുത്തുള്ള സ്വഭാവനടിയെന്ന നിലയിലും കൈയടിയും പ്രശംസയും നേടാന്‍ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം തമിഴിലും ഹിന്ദിയിലും തിളങ്ങിയിട്ടുണ്ട്.
ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെയാണ് ലെന 2024 ല്‍വിവാഹം ചെയ്തു. ലെനയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിനു ശേഷം ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു താനെന്ന് ലെന മുന്‍പ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ വിവാഹ ശേഷം തന്റെ ജീവിതത്തിലും ക്യാരക്ടറിലും വന്ന മാറ്റത്തെക്കുറിച്ചും പറയുകയാണ് ലെന. ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ് വിവാഹം നടക്കുന്നതെന്നും വിവാഹ ശേഷമാണ് തങ്ങള്‍ പ്രണയം കണ്ടെത്തുന്നതെന്നും ലെന പറയുന്നു. തന്റെ വിവാഹത്തെക്കുറിച്ച് ആദ്യമായിട്ടാണ് ലെന മനസ്സു തുറക്കുന്നത്.
‘‘ഞങ്ങളുടേത് അറേഞ്ച്ഡ് വിവാഹമായിരുന്നു. എന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട അഭിമുഖം കണ്ട് പ്രശാന്ത് തന്നെ ബന്ധപ്പെടുകയായിരുന്നു. പ്രണയം എന്ന് പറയാൻ പറ്റില്ല, അറേഞ്ച്ഡ് മാരേജ് ആയിരുന്നു. കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിക്കുന്നത്. കല്യാണം കഴിക്കുമെന്നത് ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത കാര്യമാണ്.
ജീവിതം മാറ്റി മറിച്ചത് എന്റെ പുസ്തകമാണ്. ഞാനൊരു ഇന്റര്‍വ്യു കൊടുത്തത് വൈറലായിരുന്നു. അതുകൊണ്ടുണ്ടായ ഗുണം എന്താണെന്ന് വച്ചാല്‍ സാധാരണ സിനിമ താരങ്ങളുടെ അഭിമുഖങ്ങള്‍ കാണാത്ത ആളുകളും ബഹളം കാരണം എന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അതില്‍ ഒരാളാണ് ആസ്ട്രോണട്ട് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. അഭിമുഖം കാണുന്നു, ഇതാണ് ആള് എന്ന് പറഞ്ഞ് എന്റെ നമ്പർ തേടി എടുക്കുന്നു. മെസേജ് ചെയ്യുന്നു, ഞങ്ങള്‍ സംസാരിക്കുന്നു, വീട്ടുകാർ സംസാരിക്കുന്നു, കല്യാണം നടക്കുന്നു. ഇത്രയും പെട്ടെന്നായിരുന്നു എല്ലാം.
ആത്മീയതയെക്കുറിച്ച് ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് പെട്ടെന്ന് കണക്ടായി. അദ്ദേഹം വളരെ സ്പിരിച്വല്‍ ആയിട്ടുള്ള വ്യക്തിയാണ്. എന്നെ കണ്ടപ്പോള്‍ തന്നെ ഇതാണ് ആള്‍ എന്ന ഒരു തിരിച്ചറിവ് ആയിരുന്നുവെന്നാണ് പറഞ്ഞത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് എന്തോ ഒരു സ്പാര്‍ക്ക് തോന്നി. ഇത്രയും കാലമായി ഒരിക്കലും തോന്നാത്തൊരു സ്പാര്‍ക്കുണ്ടായി. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന സാഹചര്യമായിരുന്നു.
ഒരിക്കലും കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരാളായിരുന്നു അദ്ദേഹം. കൊണ്ടു കറക്ടായി വെക്കുന്ന പോലെയായിരുന്നു. അത് കൂടാതെ ഞങ്ങളെ കോര്‍ത്തിണക്കുന്നത് ഞങ്ങളുടെ സ്പിരിച്വാലിറ്റിയാണ്. കൂടാതെ ഞങ്ങളുടെ ശീലങ്ങളൊക്കെ സമാനമാണ്. ഒരു കോംപ്രമൈസും അഡ്ജസ്റ്റുമെന്റും ആവശ്യമായി വന്നില്ല. വളരെ പൈങ്കിളിയും ബാലിശവുമായ പ്രണയമാണ് ഞങ്ങളുടേത്. വാലന്റൈൻസ് ഡേയില്‍ ടെഡി ബെയറും ചോക്ലേറ്റും വാങ്ങിക്കുന്ന തരത്തിലുള്ള പ്രണയം. ഭയങ്കര പൈങ്കിളി പ്രണയമാണ്. റൊമാൻസ് പടങ്ങളില്‍ കാണുന്ന പോലെയാണ്. ഞങ്ങളുടെ ലോകത്ത് വളരേ പാവം പിള്ളേരാണ്.
ഞങ്ങളൊരു പവര്‍കപ്പിളാണ്. ഒരാള്‍ ആസ്ട്രനോട്ടും മറ്റേയാള്‍ നടിയും. ഒരേ മേഖലയില്‍ നിന്നാണെങ്കില്‍ ഈ ഡയനാമിക് കിട്ടില്ല. ഒരാള്‍ സയന്‍സും ടെക്നോളജിയും എയര്‍ഫോഴ്സിന്റേയും മിലിട്ടറിയുടേയും പശ്ചാത്തലം കൊണ്ടുവരുമ്പോള്‍ മറ്റൊരാള്‍ ആര്‍ട്ടിന്റേയും ക്രിയേറ്റിവിറ്റിയുടേയും ലോകത്തു നിന്നുമാണ് വരുന്നത്. അതൊരു പൂര്‍ണത നല്‍കുന്നുണ്ട്. നമ്മള്‍ ചിന്തിക്കാത്തത് ആ ഭാഗത്തു നിന്നും വരികയും അവിടെ ചിന്തിക്കാത്തത് ഇവിടെ നിന്നും വരികയും ചെയ്യും.
കുറേക്കാലം ഒറ്റയ്ക്ക് ജീവിച്ചതിനാല്‍ എന്റെ മസ്‌കുലിന്‍ വശമായിരുന്നു പ്രകടമായിരുന്നത്. തന്റേടവും ബോള്‍ഡ്‌നെസും. ഈ ലോകത്ത് ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ജീവിക്കണമെങ്കില്‍ അത്യാവശ്യം തന്റേടം വേണം. എനിക്കത് നേരത്തെ തന്നെയുണ്ട്. പക്ഷെ എന്റെ ഫെമിനിന്‍ വശം അടിച്ചമര്‍ത്തപ്പെട്ടു. എന്റെ തന്നെ മസ്‌കുലിനിറ്റി കാരണം. എല്ലാവരും എന്നെ ബോള്‍ഡ് എന്നാണ് പറയുന്നത്. അതിന്റെ കാരണം ഇതാണ്. അത് മാറി. ഒരു ആല്‍ഫ മെയില്‍ ജീവിതത്തിലുണ്ടെങ്കില്‍ നമ്മുടെ സ്ത്രീത്വം പുറത്തു വരും. എന്റെ സ്വഭാവം, സംസാരം, വസ്ത്രധാരണ രീതി, എല്ലാം മാറി....’’ ലെന പറയുന്നു.
2024 ജനുവരി 17-നായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനുംതമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഫെബ്രുവരിയിലാണ് ലെന ഇക്കാര്യം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം വിവാഹ വാർത്ത പുറത്തുവിടാം എന്നായിരുന്നു തീരുമാനമെന്ന് ലെന അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.