-->
ആലപ്പുഴ: കേരളത്തിന്റെ വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും വിട പറയാനും വേലിക്കകത്ത് ജനക്കൂട്ടം തിക്കിത്തിരക്കി നില്‍ക്കുന്നതിനിടയില്‍ ഡിസി ഓഫീസിലേക്ക് വിഎസിന്റെ അവസാന യാത്ര. ഇവിടെയും റിക്രീയേഷന്‍ ക്ലബ്ബിലുമായിട്ടാണ് പൊതുദര്‍ശനം വെച്ചിരിക്കുന്നത്. ഡിസി ഓഫീസില്‍ കേരളത്തിലെ വിവിധ നേതാക്കള്‍ വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദനും ഭരണ പ്രതിപക്ഷ നേതാക്കളും അടക്കമുള്ളവര്‍ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് എത്തിയിട്ടുണ്ട്.
പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും ഇവിടെ അവസരം നല്‍കുക.ഇവിടെ അര മണിക്കൂര്‍ വെച്ച ശേഷമായിരിക്കും റിക്രീയേഷന്‍ ക്ലബ്ബിലേക്ക് കൊണ്ടുവരിക.വിഎസിന്റെ വേലിക്കകത്ത് വീട്ടില്‍ നിന്നും 2.45 ഓടെയാണ് ഡിസി ഓഫീസിലേക്ക് എടുക്കാനായത്. വലിയ ജനാവലി വേലിക്കകത്ത് വീട്ടില്‍ തടിച്ചുകൂടിയിരുന്നു. നേരത്തേ വേലിക്കകത്തെ വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വലിയ രീതയില്‍ ജനാവലി എത്തിയിരുന്നു. ജില്ലാക്കമ്മറ്റി ഓഫീസില്‍ വെച്ച ശേഷം റിക്രീയേഷന്‍ ക്ലബ്ബിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. തന്നെ വലിയ നേതാവായി ഉയര്‍ത്തിയെടുത്ത ജില്ലാക്കമ്മറ്റിയോഫീസിലേക്കും വി.എസ്. അവസാനമായി എത്തുകയാണ്. ഇവിടെ നിന്നും റിക്രീയേഷന്‍ ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം അഞ്ചുമണിയോടെ ചുടുകാട്ടിലെ പൊതുശ്മശാനത്തിലാണ് വി.എസിന്റെ സംസ്‌ക്കാരം നടക്കും. കനത്ത മഴയെയും വെയിലിനെയും അവഗണിച്ചായിരുന്നു വി.എസിനെ കാണാന്‍ ആള്‍ക്കാര്‍ എത്തിയത്. ആയിരക്കണക്കിന് ആള്‍ക്കാരാണ് ജില്ലാക്കമ്മറ്റി ഓഫീസിന് മുന്നിലും എത്തിയിട്ടുള്ളത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വി.എസിന്റെ ശരീരം ആലപ്പുഴയിലേക്ക് യാത്ര തുടങ്ങിയത്. വിവിധ പ്രദേശങ്ങളില്‍ അനേകരാണ് ഭൗതീകശരീരം കൊണ്ടുവന്ന പ്രത്യേക വാഹനം കാത്ത് പാതയ്ക്ക് ഇരുവശത്തുമായി നിന്നത്. ഇന്നലെ മുതല്‍ തുടങ്ങിയ 'കണ്ണേ...ക രളേ...വി.എസ്സേ... എന്നും ഇല്ല സഖാവ് മരിച്ചിട്ടില്ല. ജീവിക്കുന്ന ഞങ്ങളിലൂടെ എന്ന രീതിയിലുള്ള മുദ്രാവാക്യം കണ്ഠമിടറിയിട്ടും അണികള്‍ അവസാനം വരെ അവസാനിപ്പിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മുദ്രാവാക്യം വിളിയും ആള്‍ക്കാരെ പോലെ തന്നെ അണമുറിയാതെ തുടരുകയാണ്.