-->
മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ ഭാര്യ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ വിവാദനായിക സോനം രഘുവംശിക്ക് ചൊവ്വാദോഷം ഉണ്ടായിരുന്നതിനാലാണ് കൊലപാതകം നടന്നതെന്ന് ഇര രാജാ രഘുവംശിയുടെ പിതാവ് അശോക് രഘുവംശി. ചൊവ്വാദോഷമുള്ള പെണ്ണിനെ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവോ പങ്കാളിയോ മരണപ്പെടുന്ന ദുര്‍വ്വിധിയെ നേരിടേണ്ടിവരുമെന്നും അതുകൊണ്ടാണ് തന്റെ മകന് മരണം സംഭവിച്ചതെന്നും പിതാവ് അശോക് രഘുവംശി അവകാശപ്പെട്ടു.
സോനം ചൊവ്വാദോഷമുള്ളയാളായതിനാലാണ് തന്റെ മകനെ അവള്‍ വിവാഹം കഴിക്കാന തയ്യാറായതെന്നും മകന്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ കാമുകനൊപ്പം താമസിക്കാന്‍ കഴിയുമായിരുന്നെന്ന് അവള്‍ക്ക് അറിയാമായിരുന്നെന്നും പ്രതികരിച്ചു. ചൊവ്വാദോഷമുള്ള വ്യക്തിക്ക് ദാമ്പത്യ പ്രശ്നങ്ങളും പങ്കാളിയുടെ മരണവും പോലും നേരിടേണ്ടിവരുമെന്ന് വിശ്വസിക്കപ്പെടുന്നു. തന്റെ മകനും ചൊവ്വാദോഷം ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് ഈ വിവാഹത്തിന് സോനത്തിന്റെ കുടുംബത്തെ സമീപിച്ചതെന്നും അശോക് രഘുവംശി പറഞ്ഞു.
രണ്ട് ചൊവ്വാദോഷക്കാര്‍ വിവാഹിതരാകുമ്പോള്‍ നക്ഷത്രങ്ങളുടെ ദോഷം നീങ്ങുമെന്ന് ജ്യോതിഷം വിശ്വസിക്കുന്നു. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ കഴിയില്ലെന്നും സോനത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ് കുശ്വാഹയുമായുള്ള ബന്ധത്തെക്കുറിച്ച് സോനത്തിന്റെ കുടുംബത്തിന് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. 'അവള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അവളുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അവര്‍ക്കും ഇതില്‍ പങ്കുണ്ട്. എന്തിനാണ് അവര്‍ അവളെ എന്റെ മകന് വിവാഹം കഴിച്ചത്? അവര്‍ക്കും പദ്ധതിയില്‍ പങ്കുണ്ട്,' രാജയുടെ പിതാവ് ആരോപിച്ചു.
അതേസമയം കൃത്യത്തില്‍ സോനത്തെ പിന്തുണയ്ക്കാന്‍ തനിക്ക് താല്‍പ്പര്യം ഇല്ലെന്നായിരുന്നു കാമുകന്‍ രാജ് കുശ്വാഹയുടെ പ്രതികരണം. എന്നിരുന്നാലും ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് സോനം രാജ് കുശ്വാഹയ്ക്കും മറ്റ് പ്രതികള്‍ക്കും 15 ലക്ഷം രൂപ നല്‍കിയതായി പോലീസ് അവകാശപ്പെട്ടു. തനിക്ക് കേസില്‍ പങ്കില്ലെന്നും സോനയെ ഈ നീക്കത്തില്‍ താന്‍ പിന്തുണച്ചില്ലെന്നും രാജ് കുശ്വാഹ പറഞ്ഞു. മേഘാലയയിലേക്ക് പോകാനുള്ള പദ്ധതി താന്‍ റദ്ദാക്കുകയും മറ്റു മൂന്ന് പേരോടും യാത്ര റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ സോനം ടിക്കറ്റ് ബുക്ക് ചെയ്തതോടെയാണ് അവര്‍ പോയതെന്നുമാണ് രാജ് കുശ്വാഹ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.
'അവസാന നിമിഷത്തില്‍ പോലും, മൂവരും കൊല്ലാന്‍ വിസമ്മതിച്ചു, പക്ഷേ സോനം നിര്‍ബന്ധിക്കുകയും അതിന് 15 ലക്ഷം രൂപ നല്‍കാമെന്ന് പറയുകയും ചെയ്തു. ഈ അവകാശവാദങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോനം ഇപ്പോള്‍ ഷില്ലോംഗിലെ ജയിലില്‍ കിടക്കുകയാണ്. ഇതുവരെ ഇവരെ കാണാന്‍ ആരെങ്കിലും വരികയോ ഇവര്‍ക്ക് ഫോണ്‍ വരികയോ ചെയ്തിട്ടില്ല.