-->
ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ പ്രശസ്തി നേടിയ ബോളിവുഡ് ചലച്ചിത്രകാരനാണ് രാകേഷ് റോഷന്‍. എണ്‍പതിലധികം സിനിമകളിൽ അഭിനയിച്ച താരം ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായകനായും വില്ലനായും സഹനായക വേഷങ്ങളിലുമടക്കം താരം തിളങ്ങി. അഭിനേതാവായി കൈയടി നേടിയ താരം പിന്നീട് തിളങ്ങിയത് ക്യാമറയ്ക്ക് പിന്നില്‍ നിന്നാണ്. സിനിമാ സംവിധായകനായും നിർമാതാവായും ഒരുപാട് മികച്ച സിനിമകള്‍ രാകേഷ് റോഷന്‍ ബോളിവുഡിന് സമ്മാനിച്ചു.
ബോളിവുഡിന്റെ സൂപ്പര്‍താരം ഹൃത്വിക് റോഷനെ തന്റെ സിനിമയിലൂടെ ബിഗ്സ്ക്രീനിലേക്ക് എത്തിച്ച താരം ഒരു പുതിയ താരോദയത്തിനാണ് പിറവി നല്‍കിയത്. ഇന്നും ബോളിവുഡില്‍ തന്റെ ചടുല നൃത്തത്തിലൂടെയും അഭിനയമികവിലൂടെയും എലഗന്റ് സ്റ്റൈലിലൂടെയും ഹൃത്വിക് പ്രേക്ഷകമനസ്സ് കീഴടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് രാകേഷ് റോഷന്‍. മകന്റെ ചിത്രങ്ങളും സിനിമാവിശേഷങ്ങളും മാത്രമല്ല തന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അപ്രതീക്ഷിതമായി തനിക്ക് നേരിടേണ്ടി വന്ന ഒരു രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറയുകയാണ് രാകേഷ് റോഷന്‍. വെറുതേ നടത്തിയ ആരോഗ്യപരിശോധനയില്‍ തന്റെ തലച്ചോറിലേക്കുള്ള രണ്ട് കരോട്ടിഡ് ധമനികളിലും 75 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയെന്നാണ് രാകേഷ് റോഷന്റെ പോസ്റ്റ്. രാകേഷ് റോഷന്‍ പങ്കിട്ട ഈ പോസ്റ്റ് ഹൃത്വിക്കും പങ്കുവച്ചിട്ടുണ്ട്.
‘‘ഈ ആഴ്ച ശരിക്കും കണ്ണുതുറപ്പിക്കുന്നതായിരുന്നു. പതിവായി ചെയ്യാറുള്ള പൂർണ്ണ ശരീരആരോഗ്യ പരിശോധനയ്ക്കിടെയാണ് രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതിരുന്ന ഈ രോഗം കണ്ടുപിടിച്ചത്. ഹൃദയത്തിന് സോണോഗ്രാഫി നടത്തുന്ന ഡോക്ടർ കഴുത്തിനും ഒന്ന് ചെയ്യണമെന്ന് നിർദ്ദേശിച്ചു. യാദൃശ്ചികമായി ഞങ്ങൾ അത് കണ്ടെത്തി. ലക്ഷണമൊന്നും തരാതെ വന്ന രോഗം എന്റെ തലച്ചോറിലേക്കുള്ള രണ്ട് കരോട്ടിഡ് ധമനികളും 75% ത്തിൽ കൂടുതൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് കണ്ടുപിടിച്ചത്. ശ്രദ്ധിക്കാതെ പോയിരുന്നെങ്കിൽ വലിയ അപകടമായേനെ.
ഞാൻ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു, പ്രതിരോധ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഞാൻ ഇപ്പോൾ പൂർണ്ണമായും സുഖം പ്രാപിച്ചു, വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. വളരെ വേഗം എന്റെ വ്യായാമത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഹൃദയത്തിന്റെയും തലച്ചോറിന്റെയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം. മറ്റുള്ളവരുടെ ആരോഗ്യം മികച്ചതാക്കാൻ ഇത് പ്രചോദനം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 45-50 വയസ്സിന് മുകളിലുള്ള എല്ലാവരും ഹൃദയത്തിന് CT സ്കാൻ, കഴുത്തിലെ കരോട്ടിഡ് ബ്രെയിൻ ആർട്ടറി സോണോഗ്രാഫിയും (പലപ്പോഴും പൂർണ്ണമായും അവഗണിക്കപ്പെടുന്ന) നിർബന്ധമായും ചെയ്യേണ്ടത് അനിവാര്യമാണ്.
പ്രതിരോധം എല്ലായ്പ്പോഴും ചികിത്സയേക്കാൾ നല്ലതാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്കെല്ലാവർക്കും ആരോഗ്യകരവും അവബോധജന്യവുമായ ഒരു വർഷം ആശംസിക്കുന്നു....’’ എന്നാണ് ആശുപത്രി ജീവനക്കാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാകേഷ് റോഷന്‍ കുറിച്ചത്.
രാകേഷ് റോഷന്റെ രോഗത്തിന്റെ പേര് കരോട്ടിഡ് ആർട്ടറി ഡിസീസ് എന്നാണ്. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നമാണ് കരോട്ടിഡ് ആർട്ടറി ഡിസീസ്. ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത വർധിപ്പിക്കാറുണ്ട്. രോഗലക്ഷണം പ്രകടമായി പരമാവധി 3-4 ആഴ്ചയ്ക്കുള്ളില്‍ തന്നെ ചികിത്സ തേടണം. ധമനികളില്‍ ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യുകയോ അല്ലെങ്കില്‍ കരോട്ടിഡ് ആർട്ടറി സ്റ്റെന്റിംഗ് ചെയ്യുന്നതോ ആണ് ഇതിനെ തടയാനുള്ള ചികിത്സ.