Sunday, March 15, 2026 Last Updated 56 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 03.00 PM

‘‘മമ്മൂക്കയുടെ കൈ പിടിച്ച് അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ തൊട്ട് അഭിനയിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ഞാനത് സീനാക്കി; പറഞ്ഞു മനസ്സിലാക്കിയത് മമ്മൂക്ക...’’ നീന കുറുപ്പ്

മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് നീന കുറുപ്പ്. ഇ​പ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പം തന്റെ ആദ്യ സിനിമയായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് നീന കുറുപ്പ്.
Mammootty, Neena Kurup, Sreedharante onnam thirumurivu movie
Neena Kurup about acting with mammootty (Image Source: Youtube)

മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് നീനാ കുറുപ്പ്. സഹവേഷങ്ങളിലൂടെ ഏറെ കൈയടി നേടിയ താരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമെത്തുന്ന സിനിമ ദിലീപ് ചിത്രമായ ‘പഞ്ചാബി ഹൗസാ’ണ്. എന്നാല്‍ താരം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത് മമ്മൂട്ടിയ്ക്കൊപ്പം ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ്. മമ്മൂട്ടിയുടെ നായികയായ ഒരല്പം ജാഡ തോന്നിക്കുന്ന എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു പാവം പെണ്‍കുട്ടിയായിരുന്നു നീന കുറുപ്പ് ആ സിനിമയില്‍. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ ചിത്രത്തിലെ അഭിനയത്തിന് നീന കുറുപ്പിന് ഏറെ പ്രശംസകള്‍ കിട്ടിയിരുന്നു.
ഇ​പ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പമുള്ള അഭിനയത്തിന്റെ ഓര്‍മ്മകള്‍ പങ്കിടുകയാണ് താരം. ചിത്രത്തിലെ ഒരു രംഗത്തില്‍ മമ്മൂട്ടിയുടെ കൈ പിടിച്ച്‌ അഭിനയിക്കേണ്ടി വന്നപ്പോള്‍ താന്‍ തയ്യാറായില്ലെന്നും അന്ന് തന്നോട് മമ്മൂട്ടി പറഞ്ഞതെന്താണെന്നും ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും പറയുകയാണ് നീന.
‘‘അന്ന് നമ്മുടെ വിചാരം തൊട്ടഭിനയിക്കുന്നത് മോശമാണെന്നാണ്. മമ്മൂക്കയുടെ കൈ പിടിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് തൊട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ സീനാക്കി. അപ്പോള്‍ മമ്മൂക്ക തന്നെ എന്നോട് സംസാരിച്ചു. ബസില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തു നില്‍ക്കുന്ന എത്ര പേര്‍ തൊടുന്നുണ്ട്. അത്ര തന്നെയേയുള്ളൂ. ഇതൊക്കെ ചെറിയ കാര്യമാണെന്ന് പറഞ്ഞു. അത് ശരിയായ വിശദീകരണം ആയിരുന്നു. എനിക്ക് ഓക്കെയാണെന്ന് തോന്നി.
അദ്ദേഹം വളരെ സപ്പോര്‍ട്ടീവായിരുന്നു. പുതിയൊരാളാണെന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും പറയുന്നത് പോലെ സീരിസയല്ല മമ്മൂക്ക, അദ്ദേഹം വളരെ സ്വീറ്റായിരുന്നു. എനിക്ക് അവിടെ ഒരു ജോലി ചെയ്യുകയാണെന്ന ഫീലേ ഉണ്ടായിരുന്നില്ല...’’ നീന കുറുപ്പ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നീന കുറുപ്പ് ഇക്കാര്യം പറഞ്ഞത്.

തന്നെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തു വയ്ക്കുന്ന സിനിമ പഞ്ചാബി ഹൗസാണെന്നും നിരവധി സീരിയലുകളും സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും പലരുടേയും മനസ്സിലുള്ള കഥാപാത്രം പഞ്ചാബി ഹൗസിലേതാണെന്നും നീന കുറുപ്പ് പറയുന്നു. ‘‘ഇപ്പോഴത്തെ കൊച്ചുപിള്ളേർ വരെ എന്നെ കണ്ടാല്‍ പഞ്ചാബി ഹൗസ് എന്നേ പറയുകയുള്ളു. ഇന്നും ആ ചിത്രത്തിന് ടെലിവിഷനില്‍ കാഴ്ച്ചകാരുണ്ട്. സത്യം പറഞ്ഞാല്‍ പഞ്ചാബി ഹൗസ് എന്ന ചിത്രം ചെയ്യാതിരിക്കാന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി അത് മാറിയേനെ. ആ സമയത്ത് സീരിയലായിരുന്നു കൂടുതലായി ചെയ്തിരുന്നത്. ചില സിനിമകളിലൊക്കെ അവസരവും ലഭിച്ചിരുന്നു. സിനിമക്ക് വിളിക്കുമ്പോള്‍ പത്ത് ദിവസം ഷൂട്ട് ഉണ്ട് എന്നൊക്കെ പറയും. എന്നാല്‍ ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് രണ്ടാം ദിവസം പറയും നിങ്ങള്‍ക്ക് അത്ര സീനേയുള്ളു, ബാക്കിയൊക്കെ കട്ട് ചെയ്തെന്ന്.
പഞ്ചാബി ഹൗസിലേക്ക് വിളിച്ചപ്പോഴും ഇതും അതുപോലെ തന്നെയാകുമെന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ സീരിയലിന്റെ തിരക്കാണ്, സമയം ഇല്ലെന്ന് പറഞ്ഞ്. എന്നാല്‍ ആ ചിത്രത്തിന്റെ കണ്‍ട്രോളർ ഷണ്‍മുഖന്‍ അണ്ണന്‍ എന്നെ വിടാതെ പിടിച്ചു. ഒടുവില്‍ ഞാന്‍ എന്റെ സമയം പറഞ്ഞു. കൂടാതെ എങ്ങനെ എങ്കിലും ഇത് ഒഴിവാക്കാനായി അവർ പറയുന്നതിന്റെ ഇരട്ടി തുക പ്രതിഫലമായി പറയാന്‍ ഒരു ഫ്രണ്ട് നിർദേശിച്ചു. ഇരട്ടിക്ക് പകരം മൂന്നിരട്ടി ഞാന്‍ പറഞ്ഞിട്ടും അവർ തീരുമാനം മാറ്റിയില്ല. അങ്ങനെയാണ് പഞ്ചാബി ഹൗസിലേക്ക് എത്തിയത്.
യഥാർത്ഥത്തില്‍ പഞ്ചാബി ഹൗസിലെ നായിക മോഹിനി അല്ലായിരുന്നു. അവസാന നിമിഷമാണ് മോഹിനി വരുന്നത്. വേറെ ഒരാളെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ കുട്ടിക്ക് പഞ്ചാബി ലുക്ക് ഇല്ലെന്ന് കണ്ടെതിനെ തുടർന്ന് അവരെ മാറ്റി ഒരു ദിവസം ബ്രേക്ക് എടുത്തിട്ടാണ് മോഹിനിയെ കൊണ്ടു വരുന്നത്. അവസാന നിമിഷമാണ് ആ മാറ്റമുണ്ടാകുന്നത്. എന്റേതായി എടുത്ത ആദ്യ സീന്‍ സിനിമയിലെ അവസാന നിമിഷത്തെ ഒരു ഇമോഷണല്‍ സീനായിരുന്നു. നന്നായി തന്നെ ചെയ്യാന്‍ സാധിച്ചു.
മോഹിനി ഇപ്പോള്‍ പൂർണ്ണമായും ആത്മീയ പാതയിലാണെന്ന് അറിയാന്‍ സാധിച്ചു. സിനിമയൊക്കെ ഉപേക്ഷിച്ചു. ഒരുമിച്ച് അഭിനയിച്ചെങ്കിലും വലിയ ബന്ധം ഇല്ല. അവർ അന്ന് ചെന്നൈയില്‍ നിന്ന് വന്നതായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. ആ സിനിമയുടെ ഷൂട്ടിങ് എന്ന് പറയുന്നത് ഒരു ഫെസ്റ്റിവല്‍ ആയിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും എല്ലാ ദിവസവും ആ സെറ്റിലുണ്ടാകും. ഉള്ളവരാകട്ടെ വലിയ രീതിയില്‍ തമാശ പറയുന്ന ആളുകളുമാണ്. തിരക്കഥയില്‍ ഉള്ളതിന് അപ്പുറത്ത് ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രി അശോകന്‍, ദിലീപ് എന്നിവർ ചേർന്ന് ഒരുപാട് കോമഡികളുണ്ടാക്കും. പെട്ടെന്ന് ഇവർ എന്തെങ്കിലും പറയുമ്പോള്‍ ഷോട്ടിന് ഇടയില്‍ നമ്മള്‍ ചിരിച്ച് പോകും. പിന്നീട് റീ ഷൂട്ട് ചെയ്യേണ്ടി വരും. എന്തെങ്കിലും നിർദേശം നമ്മള്‍ മുന്നോട്ട് വെച്ചാലും അത് സ്വീകരിക്കുന്നവരായിരുന്നു സംവിധായകര്‍...’’ നീന കുറുപ്പ് പറയുന്നു.
ഇതേ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ നല്‍കാത്തതെന്നും നീന പറയുന്നുണ്ട്. തന്റെ മകളെക്കുറിച്ചുള്ള കമന്റാണ് അതിന് കാരണം. മകള്‍ക്ക് 15 വയസായപ്പോള്‍ നീന കുറുപ്പ് കുതിരയെ സമ്മാനിച്ചിരുന്നു. പിന്നീടൊരു അഭിമുഖത്തില്‍ ആണ്‍ തുണയില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആണ്‍തുണ ഉണ്ടെങ്കിലാണ് ബുദ്ധിമുട്ട് എന്നായിരുന്നു നീന നല്‍കിയ മറുപടി. ഈ അഭിമുഖത്തിന് ലഭിച്ച കമന്റുകളിലൊന്ന് അതുകൊണ്ടാണോ മകള്‍ക്ക് കുതിരയെ വാങ്ങി നല്‍കിയത് എന്നായിരുന്നു. ഒരു പതിനഞ്ചുകാരിയോട് പറയാന്‍ പാടില്ലാത്തതാണ് അതെന്നും ആ സംഭവത്തോടെ താന്‍ അഭിമുഖങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയെന്നും നീന പറയുന്നു.

Ads by Google
Monday 21 Jul 2025 03.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW