-->
മുംബൈ: 189 പേര്‍ കൊല്ലപ്പെടുകയും 800-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006-ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ കീഴ്‌ക്കോടതി വധശിക്ഷയടക്കം വിധിച്ച 12 പേരുടെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. 19 വര്‍ഷങ്ങള്‍ക്ക് ശേഷം ബോംബെ ഹൈക്കോടതി നടത്തിയ വിധിയില്‍ എല്ലാവരേയും വെറുതേ വിട്ടിരിക്കുകയാണ്. അഞ്ചുപേര്‍ക്ക് വധശിക്ഷയും ഏഴുപേര്‍ക്ക ജീവപര്യന്തവും ശിക്ഷ കിട്ടിയ കേസായിരുന്നു ഇത്.
പ്രതികള്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്ന് ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് പറഞ്ഞു. പ്രതിയാണ് കുറ്റം ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസമായതിനാല്‍, അവരുടെ ശിക്ഷ റദ്ദാക്കുകയും ചെയ്തു. മറ്റേതെങ്കിലും കേസില്‍ പ്രതികള്‍ ആവശ്യമില്ലെങ്കില്‍ അവരെ ജയില്‍ മോചിതരാക്കുമെന്ന് കോടതി പറഞ്ഞു.
കേസുകള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാലാണ് പ്രതികള്‍ക്ക് 'സംശയത്തിന്റെ ആനുകൂല്യം' നല്‍കിയതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സാക്ഷി മൊഴികള്‍ കോടതി ചോദ്യം ചെയ്തു. സ്ഫോടനം നടന്ന് 100 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരാള്‍ക്ക് സംശയിക്കുന്നയാളെ ഓര്‍ക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണത്തില്‍ കണ്ടെടുത്ത സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഭൂപടങ്ങളും സ്ഫോടനവുമായി ബന്ധമില്ലാത്തതായി തോന്നുന്നതായും കോടതി പറഞ്ഞു. ഏത് തരത്തിലുള്ള ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് തെളിയിക്കാന്‍ പോലും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിമര്‍ശിച്ചു. 2006 ജൂലൈ 11 ന്, 11 മിനിറ്റിനുള്ളില്‍ മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ ഏഴ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. സ്‌ഫോടനത്തിലെ നാശനഷ്ടങ്ങള്‍ വര്‍ധിപ്പിക്കാന്‍ റിഗ്ഗഡ് പ്രഷര്‍ കുക്കറുകളും ഉപയോഗിച്ചു. ആദ്യത്തേത് 6.24 ന് ജോലി കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന തിരക്കേറിയ സമയത്തും അവസാനത്തേത് 6.35 ന്. ചര്‍ച്ച്‌ഗേറ്റില്‍ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലുമായിരുന്നു.
മാട്ടുംഗ റോഡ്, മാഹിം ജംക്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ഭയന്ദര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനക്കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് 2015ല്‍ വിചാരണക്കോടതി വിധിച്ചിരുന്നു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതി അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.