-->
മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ എപ്പോഴും ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടിലധികമായി ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും അത്ഭുതപ്പെടുത്തിയും വിവിധ കഥാപാത്രങ്ങളിലേക്ക് പകര്‍ന്നാട്ടം നടത്തിയ മോഹന്‍ലാല്‍ സ്ക്രീനിലെത്തുന്നത് എപ്പോഴും അതിശയിപ്പിക്കാനായിരിക്കും. ലാലിന്റെ സിനിമകള്‍ മാത്രമല്ല താരം അഭിനയിക്കുന്ന പരസ്യചിത്രങ്ങളും ഷോകളും പൊതുചടങ്ങുകളും ഫോട്ടോഷൂട്ടുകളും വീഡിയോയുമെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന മോഹന്‍ലാലിന്റെ ഒരു പരസ്യചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടരും സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മോഹൻലാൽ- പ്രകാശ് വർമ്മ കൂട്ടുകെട്ട് തന്നെയാണ് ഈ പരസ്യത്തിലുമുള്ളത്. മുണ്ടുമടക്കി കുത്തി, മീശ പിരിച്ച് ആണത്തത്തിന്റെ പരമോന്നത മൂർത്തീഭാവമായി മലയാളികളാൽ ആഘോഷിക്കപ്പെട്ട അതേ താരം തന്നെയാണ് ആഭരണങ്ങള്‍ അണിഞ്ഞ് സ്ത്രൈണ ഭാവത്തിൽ എത്തുന്നത്. ജ്വല്ലറി പരസ്യത്തില്‍ അഭിനയിക്കാനെത്തുന്ന മോഹന്‍ലാല്‍ പിന്നീട് നെക്ലെസ്സും മോതിരവും ധരിച്ച് ഒരു കണ്ണാടി മുന്നില്‍ നിന്ന് തന്നെത്തന്നെ നോക്കിക്കാണുന്നതാണ് പരസ്യം. അതിനൊപ്പം അളിവേണി എന്തു ചെയ്വൂ എന്ന പദത്തിലെ വരികൾക്കൊപ്പം മോഹൻലാലിന്റെ പകർന്നാട്ടവുമുണ്ട്. എല്ലാം കഴിഞ്ഞ് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ്മ മോഹന്‍ലാലിനെ വന്ന് ‘ചേട്ടാ’ എന്ന് വിളിക്കുമ്പോള്‍ ആ പകര്‍ന്നാട്ടില്‍ നിന്ന് മാറി തിരിഞ്ഞു നോക്കുന്നതും മോഹന്‍ലാലിന്റെ ഐഡന്റിറ്റിയായ കള്ളച്ചിരി ചിരിക്കുന്നതും കാണാം. ‘ആരും കൊതിച്ചു പോകും...’ എന്ന ലാലിന്റെ വോയ്സ് ഓവറും അവസാനം എഴുതിക്കാണിക്കുന്നു.
ലാസ്യലാവണ്യമുഗ്ധമായ പരസ്യചിത്രത്തെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. പ്രകാശ് വർമയും വിൻസ്മര ജ്വല്ലറിയും ചേര്‍ന്നൊരുക്കിയ ഈ വിഷ്വൽ ക്രിയേറ്റീവിന് വൻ സ്വീകാര്യത കിട്ടുന്നുണ്ട്. മോഹൻലാലിനൊപ്പം വ്യത്യസ്തമായ കോൺസെപ്റ്റിൽ പരസ്യചിത്രം ഒരുക്കിയ പ്രകാശ് വർമ്മയും സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നു. ദി വുമൺ വിത്തിൻ എ മാൻ എന്ന ആശയത്തിൽ വ്യത്യസ്തമായ ഒരു ജ്വലറി പരസ്യമാണ് പ്രകാശ് വർമ ഒരുക്കിയിരിക്കുന്നത്.
സ്ത്രീകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത, 99 ശതമാണവും സ്ത്രീപ്രേക്ഷകരുള്ള ഒരു ജ്വല്ലറി പ്രൊഡക്ടിന്റെ പരസ്യത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. താരരാജാവെന്ന് പ്രേക്ഷകര്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ പെർഫോമൻസ് ബൗണ്ടറി ലൈൻ ഇന്നും ഒരു ചോദ്യ ചിഹ്നമാക്കുകയാണ് ഈ പരസ്യം. ലാൽ ഭാവം കണ്ടിട്ട് ആഹ്ലാദം കൊണ്ട് നിറഞ്ഞുപോയി, അത്ര മനോഹരമായ ദൃശ്യ സൗന്ദര്യം അടുത്തിടെയൊന്നും കാണാൻ സാധിച്ചിട്ടില്ല എന്നാണ് പരസ്യ ചിത്രത്തിന് ആരാധകർ നൽകുന്ന പ്രതികരണം.
21 മണിക്കൂറകൾ കൊണ്ട് യൂട്യൂബിൽ 804k ആളുകളിലധികം പേരാണ് പരസ്യചിത്രം ഇതിനകം കണ്ടിരിക്കുന്നത്. സെൻസേഷണലായി മാറിയ പരസ്യ ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയചാരുതയും, അതിനൊപ്പം സ്വീകരിച്ച പ്രേമേയവും, വിസ്മയമായി നിമിഷങ്ങൾക്കുള്ളിലെ മോഹൻലാലിന്റെ പകർന്നാട്ടവും ഏറ്റെടുക്കുകയാണ് ആരാധകര്‍.
പരസ്യവീഡിയോ മോഹൻലാലും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. “നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ...കേരളത്തിലും മിഡിൽ ഈസ്റ്റിലും വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു...’’ മോഹൻലാൽ കുറിച്ചു.
പരമ്പരാഗതമായ രീതികളെ തുടച്ചു നീക്കുന്ന സമീപനങ്ങളിലുണ്ടായ ഈ മാറ്റങ്ങളെ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്യുന്നത്. ഇതിനു മുൻപ് ഫഹദ് ഫാസിലും സമാനമായ ആശയം ഉൾകൊള്ളുന്ന ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. കവിത ജ്വല്ലറിയുടെ പരസ്യത്തിൽ മൂക്കുത്തി അണിഞ്ഞാണ് ഫഹദ് എത്തിയത്.