Thursday, March 12, 2026 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 09.30 AM

അമ്മയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വരുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന് പത്തുവയസ്സുകാരന് ക്രൂരമര്‍ദ്ദനം ; ശിശുക്ഷേമസമിതി സ്വമേധയാ കേസെടുത്തു

uploads/news/2025/07/791838/boy.jpg

ചെമ്പഴന്തി: അമ്മയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വരുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന് പത്തുവയസ്സുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി സ്വമേധയാ കേസെടുക്കുകയും പോലീസിനോട് അന്വേഷണം നടത്താനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഭര്‍ത്താവുമായി പിണങ്ങി മക്കളുമായി ഒറ്റയ്ക്ക് കഴിയുന്ന യുവതിയും കാമുകനുമാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

കുട്ടിയുടെ മാതാവ് അനു, സുഹൃത്ത് പ്രണവ് എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഭര്‍ത്താവുമായി പിണങ്ങി സുഹൃത്തിനൊപ്പം ആനന്ദേശ്വരത്താണ് അനുവും മക്കളും താമസിക്കുന്നത്. മാമന്‍ എന്ന് കുട്ടി വിളിക്കുന്ന സുഹൃത്ത്് വീട്ടില്‍ വരുന്നത് ഇഷ്ടമല്ലെന്ന് കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ട്യൂഷന് പോകാത്തതിനായിരുന്നു കുട്ടിക്ക് മര്‍ദ്ദനം. പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി. ചൂരല്‍കൊണ്ടു രണ്ടു കാലും കൈയും അടിച്ചുപൊട്ടിച്ചതായും അടികൊണ്ടു നിലത്തു വീണിട്ടും കഴുത്തില്‍ കുത്തിപ്പിടിച്ചു വീണ്ടും മര്‍ദ്ദിച്ചതായും കുട്ടി പറഞ്ഞു. മര്‍ദനത്തെത്തുടര്‍ന്നു ഭയന്ന കുട്ടി സ്‌കൂളില്‍നിന്ന് അച്ഛന്റെ വീട്ടിലേക്കു പോകുകയായിരുന്നു.

വീട്ടുകാര്‍ ചോദിച്ചപ്പോഴാണു മര്‍ദനകാര്യം വെളിപ്പെടുത്തിയത്. അമ്മയുടെ സുഹൃത്തിനെ ഇഷ്ടമില്ലെന്നു കുട്ടി പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചതാണ് കാരണമെന്ന് പറയപ്പെടുന്നു. മുമ്പും ഇതേ രീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടെന്നു തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി പറഞ്ഞു. അതേസമയം കുട്ടിയുടെ പിതാവ് ചെമ്പഴന്തി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്. കഴക്കൂട്ടം പോലീസിന്റെ പരിധിയിലാണ് ഇതെന്നതായിരുന്നു കാരണമായി ചൂണ്ടിക്കാണിച്ചത്. അതേസമയം കഴക്കൂട്ടം പോലീസും കേസെടുക്കാന്‍ തയ്യാറാകാതെ വന്നതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി കേസെടുത്തിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW