-->
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്രശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും 'ചില സൗഹൃദ സര്‍ക്കാരുകളു'മായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശമന്ത്രാലയം അറിയിച്ചു. 'കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. കുടുംബത്തിനു നിയമസഹായം നല്‍കാന്‍ അഭിഭാഷകനെ നിയമിച്ചു.
പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതിന് യെമനിലെ പ്രാദേശിക അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിനു കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബവുമായി ധാരണയില്‍ എത്തുന്നതിനു കൂടുതല്‍ സമയം തേടാനാണു ശ്രമം.' -വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. അതേസമയം, വധശിക്ഷ മാറ്റിവച്ചതില്‍ കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പങ്ക് വിദേശകാര്യ മന്ത്രാലയം തള്ളി. കേസില്‍ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ യെമനിലെ സൂഫി പണ്ഡിതനുമായി സംസാരിച്ചുവെന്നും ഇടപെടലുകള്‍ നടത്തിയെന്നും കാന്തപുരം വെളിപ്പെടുത്തിയിരുന്നു. നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ള യെമന്‍ അധികൃതരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നു നേരത്തെ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 16 നു നടപ്പാക്കാനിരുന്ന വധശിക്ഷ മാറ്റിവച്ചിരുന്നു. 2020 ലാണ് യെമന്‍ കോടതി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.
2023 നവംബറില്‍ രാജ്യത്തിന്റെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അപ്പീല്‍ തള്ളി. നിമിഷപ്രിയ നിലവില്‍ യെമന്‍ തലസ്ഥാന നഗരമായ സനയിലെ ജയിലിലാണ്. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ് സന. ഇന്ത്യയ്ക്ക് യെമനില്‍ നയതന്ത്ര സാന്നിധ്യമില്ല. സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരാണു വിഷയം കൈകാര്യംചെയ്യുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെയാണ് നിമിഷപ്രിയയുടെ കുടുംബം ചുമതലപ്പെടുത്തിയിട്ടുള്ളത്.