-->
കൊച്ചി: മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനു തടസം കുറ്റകൃത്യങ്ങളുടെ കാഠിന്യമെന്ന് ഉന്നതവൃത്തങ്ങള്‍.
മരിച്ച യമനി പൗരന്‍ തലാല്‍ അബ്‌ദോ മെഹ്ദിയുടെ കുടുംബം ദയാധനം വാങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. നിമിഷയ്ക്ക് വേണ്ടി എല്ലാ നിയമ നടപടികളും ശ്രമങ്ങളും നടത്തി പക്ഷേ അവര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ അത്രമേല്‍ ഗുരുതരമായതിനാല്‍ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണെന്നും ഉന്നത വക്താവ് പറഞ്ഞു.
അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. ദയാധനം വാങ്ങി സഹോദരന്റെ ഘാതകിയെ രക്ഷപെടാന്‍ അനുവദിക്കുന്നതു കുടുംബത്തിനു നാണക്കേടാണെന്നാണു കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ നിലപാട്. നാളെ യമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലായേക്കാവുന്ന സാഹചര്യത്തില്‍ കുടുംബവും വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും നിമിഷപ്രിയയുടെ മോചനത്തിനായി വിവിധ തലത്തിലുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്.
2017 ലാണു യമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. യമനിലെ കോടതി രേഖകള്‍ അനുസരിച്ച് അവരുടെ ആ നാട്ടിലെ ബിസിനസ് പങ്കാളിയായ തലാല്‍ അബേ്ദാ മെഹ്ദിയ മറ്റൊരു നഴ്‌സിന്റെ സഹായത്തോടെ മരുന്നുകൊടുത്തു മയക്കി കൊലപ്പെടുത്തിയ ശേഷം അയാളുടെ ശരീരം നിരവധി കഷണങ്ങളാക്കി മുറിച്ചുമാറ്റി ഒരു ടാങ്കില്‍ നിക്ഷേപിച്ചുവെന്നാണു കേസ്. കുറ്റകൃത്യം കണ്ടെത്തിയതോടെ അവര്‍ കുറ്റമേറ്റുവെന്നുമാണു കേസ്.
എന്നാല്‍ യമന്‍ പൗരന്‍ തന്നെ തടഞ്ഞുവച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇയാളില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണു കൊലപാതകമെന്നുമാണു നിമിഷ കോടതിയില്‍ വാദിച്ചത്. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നല്‍കി മരണശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരുന്നത്.
നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനഘട്ടത്തിലും തീവ്രപരിശ്രമം. കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ ഇടപെട്ടതോടെ, സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ നടന്നത്. യെമന്‍ ഭരണകൂട പ്രതിനിധികളും ഗോത്രത്തലവന്‍മാരും ഇന്നലെ രാവിലെ വടക്കന്‍ യെമനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. അതിനിടെ കാന്തപുരം, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയുടെ സഹോദരനുമായി സംസാരിച്ചു. ഷെയ്ഖ് ഹബീബ് ഉമര്‍ മുഖേനയാണു കുടുംബവുമായി ബന്ധപ്പെട്ടത്.
ദിയാധനം നല്‍കാമെന്നും മാപ്പു നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയോടു കുടുംബം അനുകൂലമായി പ്രതികരിച്ചാല്‍, നിമിഷപ്രിയയ്ക്ക് മോചനസാഹചര്യം ഒരുങ്ങും. മോചനത്തിനായി ഇടപെടണമെന്നു ചാണ്ടി ഉമ്മന്‍ എം. എല്‍.എ. കാന്തപുരത്തോട് അഭ്യര്‍ഥിച്ചിരുന്നു. യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജി, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലഡ്മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്കു മാപ്പുനല്‍കണമെന്നാണു ചര്‍ച്ചയിലെ നിര്‍ദേശം.
വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസമാണു കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണു നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്.