-->
കൊൽക്കത്ത: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന ആളുകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളിൽ മഴ നനഞ്ഞ് പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. "ബി.ജെ.പി. ഛീ ഛീ" (ബി.ജെ.പി, നാണക്കേട്) മുദ്രാവാക്യം മുഴക്കി പ്രതിഷേധ മാർച്ച് മൂന്നുകിലോമീറ്ററുകൾ നീണ്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികളോടുള്ള പെരുമാറ്റരീതിയിൽ തനിക്ക് ലജ്ജയും നിരാശയും തോന്നുന്നുവെന്ന് മമത പറഞ്ഞു.
പ്രതിഷേധ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച മമത, ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാർ റോഹിംഗ്യൻ മുസ്ലീങ്ങളാണെന്ന് തെളിയിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നുവെന്നും മമ്ത പറഞ്ഞു . പശ്ചിമ ബംഗാൾ പൗരന്മാർക്ക് തിരിച്ചറിയൽ കാർഡുകളുണ്ട്. അവർക്ക് കഴിവുകളുള്ളതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളിൽ നിന്നുള്ള 22 ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് സാധുവായ തിരിച്ചറിയൽ രേഖകൾ ഉണ്ടെന്നും വ്യക്തമാക്കി.
ബംഗ്ലാദേശികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്ത് തടവിലാക്കണമെന്ന് ബി.ജെ.പി സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചിട്ടുണ്ട്. ഞങ്ങൾ ആ വിജ്ഞാപനത്തെ ചോദ്യം ചെയ്യും. ബംഗാളി സംസാരിക്കുന്ന എല്ലാവരെയും നിങ്ങൾ എങ്ങനെ ജയിലിലടയ്ക്കും?" മമത ചോദിച്ചു . ഇനി മുതൽ ഞാൻ കൂടുതൽ ബംഗാളിയിൽ സംസാരിക്കാൻ തീരുമാനിച്ചു. കഴിയുമെങ്കിൽ എന്നെ തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കൂവെന്നും അവർ പറഞ്ഞു.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ചിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം എന്നിവരുൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നിരവധി മുതിർന്ന നേതാക്കൾ മമത ബാനർജിക്കൊപ്പം ചേർന്നു. കൊൽക്കത്തയിലെ കോളേജ് സ്‌ക്വയറിൽ നിന്ന് ഉച്ചയ്ക്ക് 1.45 ഓടെ ആരംഭിച്ച മാർച്ച് മൂന്ന് കിലോമീറ്റർ പിന്നിട്ട് ധർമ്മതലയിലെ ഡോറിന ക്രോസിംഗിൽ മാർച്ച് അവസാനിക്കും. ബാരിക്കേഡുകൾ സ്ഥാപിച്ച നടപ്പാതകളിലും സമീപ കെട്ടിടങ്ങളിലും കാവലിനായി 1,500 ഓളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.