-->
ന്യൂഡല്‍ഹി: രാജ്യാന്തര ബഹിരാകാശ നിലയത്തി(ഐ.എസ്.എസ്.)ല്‍ 18 ദിവസം ചെലവിട്ടശേഷം ഇന്ത്യയുടെ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ഗ്രേസ് പേടകം പസഫിക് സമുദ്രത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം പകല്‍ 3:1 നായിരുന്നു തിരിച്ചിറക്കം. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തില്‍ എത്തുന്ന ആദ്യയാള്‍ എന്ന നിലയിലും ബഹിരാകാശനിലയത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരന്‍ എന്ന നിലയിലും ശുഭാംശുശുക്ല ചരിത്രമെഴുതി. ബഹിരാകാശത്ത് 433 മണിക്കൂറുകളാണ് ചെലവഴിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യം ഏഴു ദിവസം നിരീക്ഷിക്കും.
പസഫിക് സമുദ്രത്തില്‍ ഇറങ്ങിയ സംഘത്തെ റസ്‌ക്യൂബോട്ടില്‍ എംവി. ഷാനന്‍ കപ്പലിലേക്കും പിന്നീട് കാലിഫോര്‍ണിയ തീരത്തും എത്തിച്ചു. നാസയുടെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിലെ സ്‌ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരായിരുന്നു ശുഭാംശുവിനൊപ്പമുണ്ടായിരുന്ന മറ്റു ബഹിരാകാശ യാത്രക്കാര്‍. 60 ലധികം പരീക്ഷണമാണ് അവര്‍ ബഹിരാകാശത്ത് നടത്തിയത്. ഇന്നലെ വൈകിട്ട് 4.15 നാണു ഭൂമിയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 4.55 നാണു യാത്ര തുടങ്ങിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു ശുഭാംശുവും സംഘവും ഐ.എസ്.എസില്‍നിന്നു ഭൂമിയിലേക്കു മടങ്ങാനുള്ള നടപടികള്‍ക്കു തുടക്കമിട്ടത്. 3.04 നു ശുഭാംശു അടക്കമുള്ള യാത്രികര്‍ ഡ്രാഗണ്‍(ഗ്രേസ്) പേടകത്തിനുള്ളില്‍ കയറി. തുടര്‍ന്ന് ഐ.എസ്.എസും പേടകവുമായുള്ള വേര്‍പെടലിന്(അണ്‍ ഡോക്കിങ്) തുടക്കമായി. 4.45 നു അണ്‍ഡോക്കിങ് പൂര്‍ത്തിയായി. 4.55നു ഭൂമിയിലേക്കുള്ള യാ്രത ആരംഭിച്ചു. നാസയുടേയും ഐഎസ്ആര്‍ഒ യുടെയും ആരോഗ്യവിദഗ്ദ്ധര്‍ യാത്രികരുടെ ആരോഗ്യം പരിശോധിക്കും.
ഹൂസ്റ്റണിലെ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസ് നടത്തുന്ന വാണിജ്യ യാത്രയായ ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായാണു ശുഭാംശു ഐ.എസ്.എസിലെത്തിയത്. ശുഭാംശുശുക്ലയുടെ ബഹിരാകാശ യാത്രയ്ക്കായി യാത്രയ്ക്കും പരിശീലനത്തിനുമായി ഏകദേശം 500 കോടി രൂപയാണ് ഐ.എസ്.ആര്‍.ഒ. ചെലവിട്ടത്. ബഹിരാകാശ സഞ്ചാരം നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണു ശുഭാംശു ശുക്ല. 1984 ല്‍ റഷ്യന്‍ സോയുസില്‍ ബഹിരാകാശത്ത് എത്തിയ രാകേഷ് ശര്‍മ്മയാണ് ആദ്യ ഇന്ത്യക്കാരന്‍. ഐ.എസ്.എസ്. സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായി അദ്ദേഹം ചരിത്രമെഴുതി. ആക്‌സിയം-4 ദൗത്യത്തില്‍, മെഡിസിന്‍, കൃഷി, ബഹിരാകാശ പര്യവേഷണം എന്നിവയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി.