-->
കൊച്ചി: കണ്ടെയ്‌നര്‍ ലോറിയില്‍ എത്തി മോഷണം സംഘടിപ്പിക്കുന്നവര്‍ എന്ന് സംശയിക്കുന്നവരെ പിടികൂടിയതിന് പിന്നാലെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ മൂന്നാമനും പോലീസിന്റെ വലയില്‍ കുടുങ്ങി. നെട്ടൂരില്‍ നിന്നും പനങ്ങാട് പോലീസ് പിടികൂടിയ കണ്ടെയ്‌നറില്‍ നിന്നും മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാള്‍ ശൗചാലയത്തില്‍ പോകണം എന്ന് പറഞ്ഞ് ശൗചാലത്തിന്റെ ജനാല പൊളിച്ചു രക്ഷപ്പെടുകയായിരുന്നു. ഇയാളെയാണ് തെരച്ചില്‍ നടത്തി പോലീസ് കണ്ടുപിടിച്ചിരിക്കുന്നത്.
ഓടിരക്ഷപ്പെട്ടയാളെ സാഹസീകമായിട്ടാണ് പോലീസ് ഓടിച്ചിട്ട് പിടിച്ചത്. കണ്ടെയ്‌നറില്‍ നിന്നും ഗ്യാസ് കട്ടര്‍ കണ്ടെടുത്തിരുന്നു. കണ്ടെയ്‌നറില്‍ ദക്ഷിണേന്ത്യയില്‍ ഉടനീളം സഞ്ചരിച്ച് എടിഎം കവര്‍ച്ച കാര്‍ മോഷണം തുടങ്ങിയവ നടപ്പാക്കുന്നവരെന്നാണ് സംശയം. നേരത്തേ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ നിന്നും ഒരു കാര്‍മോഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസ് കണ്ടെയ്‌നറിന്റെ നമ്പറും കാറിന്റെ നമ്പറും അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. കൃഷ്ണഗിരി ജില്ലയില്‍ കണ്ടെയ്‌നര്‍ കടന്നുപോകുന്നതും ഒരാള്‍ അതില്‍ നിന്നും ചാടുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ തമിഴ്‌നാട് പോലീസ് സിസിടിവി പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിരുന്നു. കണ്ടെയ്‌നര്‍ കാര്‍ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഈ വിവരം കേരളാ പോലീസിന് കൈമാറിയത്.
അതേസമയം പിടികൂടിയവര്‍ മോഷണസംഘമാണെന്ന് പോലീസ് ഔദേ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കാര്‍ മോഷണം നടത്തി അതേകാറില്‍ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തുന്ന ഹരിയാനയിലെ തസ്‌ക്കര സംഘത്തില്‍ പെടുന്നവരാണോ ഇവരെന്നാണ് സംശയം. അതേസമയം കണ്ടെയ്‌നറില്‍ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിടികൂടിയവരില്‍ ഒരാള്‍ ഹരിയാനക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യുമ്പോള്‍ കൃത്യമായി മറുപടി പറയാതെ ഇവരുടെ പ്രാദേശികഭാഷയിലാണ് മറുപടി നല്‍കുന്നതെന്നും വിവരമുണ്ട്് വാഹനം തമിഴ്‌നാടുവഴി സഞ്ചരിച്ചു വന്നതാണ്്.
ഇപ്പോള്‍ മൂന്ന് പേരും പനങ്ങാട് പോലീസിന്റെ പിടിയിലാണ്. കാര്‍ മോഷണം നടത്തിയോ? നടത്തിയെങ്കില്‍ അത് എവിടെ ഉപേക്ഷിച്ചു? കണ്ടെയ്‌നറുമായുള്ള ഇവരുടെ വരവിന്റെ ലക്ഷ്യമെന്താണ് തുടങ്ങിയ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ അറിയാനാണ് പോലീസിന്റെ ശ്രമം. കഴിഞ്ഞ 14 നാണ് കൃഷ്ണഗിരിയിലെ മോഷണം നടന്നത്. രഹസ്യമുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വാഹനം ട്രേസ് ചെയ്യാന്‍ ആരംഭിച്ചത്.