-->
ഷാര്‍ജ : മകള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണത്തില്‍ നിയമപോരാട്ടത്തിന് കുടുംബം. കേസ് വിദേശത്തായതിനാല്‍ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാര്‍ജയില്‍ എത്തിയിരിക്കുകയാണ്. കേസിലെ പ്രതി നിധീഷും കുടുംബവും ഒളിവില്‍ പോയതായിട്ടും റിപ്പോര്‍ട്ടില്‍ പറയുന്നു. നിധീഷിനെതിരേ വിപഞ്ചികയുടെ കുടുംബം ഷാര്‍ജാ പോലീസിലും പരാതി നല്‍കാനുള്ള നീക്കത്തിലാണ്.
കോണ്‍സുലേറ്റ് അധികൃതരുമായും സംസാരിക്കും. നിലവില്‍ ഗള്‍ഫിലെ കേസ് കാര്യങ്ങള്‍ ചെയ്തു വരുന്നത് വിപഞ്ചികയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇന്ത്യന്‍ അസോസിയേഷനുമൊക്കെയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ എത്തിയ ഷൈലജ മകളുടെയും കൊച്ചുമകളുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് അധികൃതരെ അറിയിക്കും. വിപഞ്ചികയുടെ സഹോദരന്‍ വിനോദും ഷാര്‍ജയില്‍ എത്തിച്ചേരും. നേരത്തേ ഷൈലജയുടെ പരാതിയില്‍ കേരളാപോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്തൃസഹോദരി നീതു, പിതാവ് എന്നിവരാണ് ഒന്നുമുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഷാര്‍ജ അല്‍ ക്വായ്‌സിലെ ഫ്‌ളാറ്റില്‍ വിപഞ്ചികയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 നവംബറിലായിരുന്നു കോട്ടയം പനച്ചിക്കാട് സ്വദേശി നിധീഷുമായി വിപഞ്ചികയുടെ വിവാഹം നടന്നത്.
ആദ്യ ദിവസം മുതല്‍ ഭര്‍ത്തൃവീട്ടില്‍ നിന്നും നിരന്തരം പീഡനവും അവഹേളനവും അനുഭവിച്ചതായി വിപഞ്ചിക ആറു പേജുള്ള ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് മകളുമായി മറ്റൊരു ഫ്‌ളാറ്റിലേക്ക് മാറിത്താമസിക്കേണ്ടി വന്നു. പിന്നാലെ വേര്‍പിരിയല്‍ നോട്ടീസ് വരികയും നാട്ടിലേക്ക് മകളെ കൂട്ടിപോകാനുള്ള പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും നല്‍കാതെയും വന്നതുമെല്ലാമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിപഞ്ചികയുടെ ഡയറിക്കുറിപ്പില്‍ നിന്നും പുറത്തുവന്ന വിവരം.