-->
ഷാര്‍ജ: ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി. ഭര്‍ത്താവിന്റെ കുടുംബത്തിനെതിരേ സ്ത്രീധന നിരോധന നിയമം ഉള്‍പ്പെടെയുള്ളവ ചുമത്തിയിട്ടുണ്ട്. കുണ്ടറ പോലീസാണ് കേസെടുത്തിരിക്കുന്നത്.
വിപഞ്ചികയുടെ മാതാവിന്റെ പരാതിയില്‍ കോട്ടയം സ്വദേശി നിധീഷ്, സഹോദരി നീതു, നിതീഷിന്റെ പിതാവ് എന്നിവര്‍ക്ക് എതിരേയാണ് കേസെടുത്തിരിക്കുന്നത്. മകളുടെ മൃതദേഹം നാട്ടിലെത്തിച്ചാല്‍ വീണ്ടും പോസ്റ്റുമാര്‍ട്ടം നടത്തണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നേരത്തേ ഭര്‍ത്താവിനും കുടുംബത്തിനും എതിരേയുള്ള വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്തുവന്നിരുന്നു. നിറത്തിന്റെ പേരില്‍ തന്നെ വിരൂപിയാക്കാന്‍ മുടി മൊട്ടയടിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം മാനസീകപീഡനത്തിന് ഇരയാക്കിയെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ വിപഞ്ചികയുടെ മാതാവ് പോലീസിനെ സമീപിച്ചത്.
തനിക്ക് നേരിട്ട ക്രൂരതകള്‍ വിപഞ്ചിക സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യകുറിപ്പില്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ സ്ഥിരമായി വിപഞ്ചികയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുഎന്നും ഭര്‍ത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് പോലും മോശം അനുഭവം ഉണ്ടായെന്നും ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് ഉപയോഗിച്ചു കെട്ടി വലിച്ചതായും വിപഞ്ചികയുടെ ആത്മഹത്യകുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് നിതീഷുമായി വിപഞ്ചിക ഒരു വര്‍ഷത്തിലേറെയായി അകല്‍ച്ചയില്‍ കഴിയുക ആയിരുന്നു. ഈ സമയത്ത് താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചു അടുത്ത ഒരു ബന്ധുവിന് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. അതില്‍ വിപഞ്ചിക ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
വീട്ടുകാര്യങ്ങളും കുഞ്ഞിനെയും നോക്കുന്നതെല്ലാം താന്‍ മാത്രമാണെന്നും ഒരു പട്ടിക്കുഞ്ഞിനെ പോലെയാണ് മകള്‍ വീട്ടില്‍ കിടക്കുന്നതെന്നും ഭര്‍ത്താവായ നിതീഷ് അയാളുടെ കാര്യം മാത്രം നോക്കി നടക്കുക ആണെന്നും വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു. പണത്തോട് ഇത്രക്ക് ആര്‍ത്തിയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല, എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവില്‍ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തില്‍ ആണ്. അയാളുടെ സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും യുവതി ശബ്ദസന്ദേശത്തില്‍ പറയുന്നു.