-->
തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന അഭിനേത്രിയായിരുന്നു ശില്‍പ്പ ഷെട്ടി കുന്ദ്ര. കരിയറിന്റെ തിളക്കത്തില്‍ തന്നെയാണ് താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് കുടുംബിനിയായത്. പിന്നീടുള്ള തിരിച്ചു വരവില്‍ താരം തിളങ്ങിയത് സെലിബ്രിറ്റി ജഡ്ജായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായുമാണ്.
ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ എന്ന് ചിന്തിക്കുന്ന തരത്തിലാണ് താരത്തിന്റെ ഫിറ്റ്നെസ്സും അഴകളവുകളും. പ്രായമൊക്കെ വെറും അക്കങ്ങളാണെന്ന് വിശ്വസിപ്പിക്കുന്ന ശില്‍പ്പ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള കോംപ്രമൈസിനും തയാറല്ല. ജീവിതശൈലിയെ സ്വാധീനിക്കുന്ന വിധത്തില്‍ നിരവധി ഫിറ്റ്‌നസ് വിഡിയോകൾ പതിവായി ശിൽപ്പ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. യോഗയെ സംബന്ധിച്ച് നിരവധി ഡിവിഡികളും താരം പുറത്തിറക്കിയിട്ടുണ്ട്.
തന്റെ ഏറ്റവും പുതിയ ചിത്രമായ കെഡി - ദി ഡെവിൾ എന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് ശില്‍പ്പയിപ്പോള്‍. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലറിന്റെ ധ്രുവ സർജ, നോറ ഫത്തേഹി, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ ഏറെയിഷ്ടപ്പെട്ട മലയാള സിനിമ ഏതാണെന്ന് ചോദിക്കുമ്പോള്‍ ശില്‍പ്പ ഷെട്ടി പറയുന്ന മറുപടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒട്ടും ആലോചിക്കാതെ അപ്പോള്‍ത്തന്നെ നോക്കെത്താ ദൂരത്ത് എന്ന് പറയുന്ന ശില്‍പ്പ മലയാള സിനിമയോട് തനിക്കുള്ള ഇഷ്ടവും ആരാധനയും തുറന്നു പറയുന്നുണ്ട്. ‘‘ഹിന്ദി സിനിമകള്‍ക്ക് പുറമെ ഞാന്‍ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇതുവരെയും ഒരു മലയാളം സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല. ഫാസില്‍ സാര്‍ വളരെ മികച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം എന്റെ എക്കാലത്തെയും ഫേവറിറ്റ് ആണ്.
മലയാള സിനിമകള്‍ ഇമോഷനുകള്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ മികച്ചതാണ്. ഇമോഷനുകള്‍ അവതരിപ്പിക്കുന്ന സിംപ്ലിസിറ്റി മനോഹരമാണ്. ഇമോഷണലിലൂടെ സംഭാഷണങ്ങൾ പറയുന്ന രീതി. അത് വളരെ സാധാരണമായി തോന്നും. കുറച്ച് ഡയലോഗുകളിലൂടെ അവര്‍ ഇമോഷന്‍ ചെയ്യും. എനിക്ക് കുറച്ച് മലയാളം സിനിമകളുടെ ഓഫര്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷെ എനിക്ക് അവ ചെയ്യാന്‍ ഭയമായിരുന്നു. ഈ ഇന്‍ഡസ്ട്രിയോട് എനിക്ക് നീതി കാണിക്കാന്‍ പറ്റുമോ, ആ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ പറ്റുമോ എന്ന ഭയം കൊണ്ടാണ് സ്വീകരിക്കാതിരുന്നത്.
ഇനി അങ്ങനെ ഒരു അവസരം വന്നാല്‍ ഞാന്‍ എന്തായാലും ചെയ്യും. മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരു സിനിമ ചെയ്യണം എന്നാണ് എനിക്ക് ആഗ്രഹം. ഞാന്‍ അദ്ദേഹത്തിന്റെ വളരെ വലിയ ആരാധികയാണ്. എന്തൊരു അടിപൊളിയായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് നമുക്കുള്ള മികച്ച നടനാണ് മോഹന്‍ലാല്‍ സാര്‍...’’ ശില്‍പ്പ ഷെട്ടി പറഞ്ഞു. ശില്‍പ്പയുടെ മറുപടിയും മലയാള സിനിമയോടുള്ള ബഹുമാനവും ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘ചൂരാ കെ ദില്‍ മേരാ...’ എന്നതടക്കമാണ് കമന്റുകള്‍.