Thursday, March 12, 2026 Last Updated 41 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 08.00 AM

കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത് ; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് എഎഐബി

uploads/news/2025/07/790605/plane-crash.jpg

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ഇന്ത്യയെ ഞെട്ടിച്ച വിമാനദുരന്തത്തിന് കാരണമായത് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രമാണെന്നും 32 സെക്കന്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

എഞ്ചിന്‍ 1, എഞ്ചിന്‍ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കന്‍ഡിനുള്ളില്‍ റണ്ണില്‍ നിന്ന് കട്ട്ഓഫിലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് എഞ്ചിനുകളും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവില്‍ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഞാന്‍ ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് എഎഐബി സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണത്തിനും ശുപാര്‍ശ ചെയ്യുന്നുണ്ട്.

രണ്ട് എഞ്ചിനുകള്‍ക്കും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനം 180 നോട്ട് വേഗതയിലെത്തിയിരുന്നു. ഇന്ധന സ്വിച്ചുകള്‍ ഫ്‌ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ 'റാം എയര്‍ ടര്‍ബൈന്‍' (റാറ്റ്) പ്രവര്‍ത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഊര്‍ജ്ജ തടസ്സം സംഭവിക്കുമ്പോള്‍ റാറ്റ് സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിന്റെ എഞ്ചിനുകള്‍ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും റണ്ണിലേക്ക് തിരികെ മാറ്റി.

ഒരു എഞ്ചിന്‍ താല്‍ക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവര്‍ത്തനശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എഞ്ചിന്‍ 2 പ്രവര്‍ത്തന ശേഷി വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു, പക്ഷേ എഞ്ചിന്‍ 1 സ്ഥിരത കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിമാനത്തിന്റെ ഫോര്‍വേഡ് എക്‌സ്റ്റെന്‍ഡഡ് എയര്‍ഫ്രെയിം ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ (ഇഎഎഫ്ആര്‍) വീണ്ടെടുക്കുകയും വിജയകരമായി ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം എഐ171 താഴേയ്ക്ക് പതിച്ച് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചിരുന്നു. അപകടത്തില്‍ മരിച്ച 260 പേരില്‍ 19 പേര്‍ വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്ത് ഉണ്ടായിരുന്നവരാണ്. ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

Ads by Google
Saturday 12 Jul 2025 08.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW