-->
റിയാലിറ്റി ഷോയിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കി പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് വിന്‍സി അലോഷ്യസ്. മികച്ച നടിക്കുള്ള പുരസ്കാരമടക്കം നേടിയ വിന്‍സി ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് വിന്‍സി വാര്‍ത്തകളില്‍ നിറഞ്ഞത് ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ തുടർന്നാണ്. അതിനു പരസ്യമായി ഷൈന്‍ മാപ്പ് ചോദിച്ചടക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആദ്യമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ വിൻസി അലോഷ്യസ് തന്റെ പേര് വിൻ സി എന്നാക്കി മാറ്റിയിരുന്നു. അവാർഡ് നേട്ടത്തെ അഭിനന്ദിച്ച് വാട്സാപ്പില്‍ അയച്ച സന്ദേശത്തില്‍ മമ്മൂട്ടി അങ്ങനെ വിളിച്ചുവെന്നും അതുകൊണ്ടാണ് പേര് മാറ്റിയതെന്നുമാണ് വിൻ സി പറഞ്ഞത്. പക്ഷേ പിന്നീട് ഇതിന് പിന്നില്‍ മമ്മൂട്ടിയാണെന്ന് താൻ തെറ്റിദ്ധരിച്ചതാണെന്നും വിന്‍ സി വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ പേര് മാറ്റത്തിന് പിന്നിലെ കഥയിലെ രസകരമായ ട്വിസ്റ്റുമായി വന്നിരിക്കുകയാണ് വിൻ സി. മമ്മൂട്ടി തന്നെയായിരുന്നു മെസേജ് അയച്ചതെന്നും ആ നമ്പർ നിർമ്മാതാവായ ജോർജിന് അയച്ച് താൻ ഉറപ്പു വരുത്തിയെന്നും അതിന്റെ തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും വിൻ സി പറഞ്ഞു.
‘‘റിയാലിറ്റി ഞാന്‍ പറഞ്ഞാല്‍ പിന്നെയും ട്രോളാകും, പക്ഷേ റിയാലിറ്റിയാണ്. പക്ഷേ എക്സ്ക്ലൂസീവ് ആണ് കേട്ടോ. കഥ ഇങ്ങനെയാണ്. കണ്ണൂർ സ്‌ക്വാഡിന്റെ തീയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാൻ ഒരാള്‍ എനിക്ക് മമ്മൂക്കയുടെ നമ്പർ തന്നിരുന്നു. വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് മെസേജ് അയച്ചത്. ‘മമ്മൂക്കയല്ലേ’ എന്ന് ചോദിച്ചപ്പോള്‍, ‘ഹൈ വിന്‍ സി അലോഷ്യസ്’ എന്ന് റിപ്ലൈ തന്നു. ഇടയ്ക്ക് ഇടയ്ക്ക് ഞാനെന്റെ ഓരോ അപ്‌ഡേറ്റ്സ് അതിലൂടെ കൊടുത്തിരുന്നു.
ഫിലിം ഫെയർ അവാർഡ് വേദിയില്‍ പോയപ്പോഴാണ് മമ്മൂക്ക വരുന്നുണ്ടെന്ന് അറിഞ്ഞത്, സ്റ്റേറ്റ് അവാര്‍ഡിന്റെ സമയത്തു പോലും അദ്ദേഹം വന്നില്ല, ഞാന്‍ കണ്ടില്ല. അതുകൊണ്ട് മമ്മൂക്ക വന്നപ്പോള്‍ സ്റ്റേജില്‍ ഞാൻ വളരെ എക്‌സൈറ്റഡായി. മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹമാണ് എന്നെ വിൻ സി എന്ന് വിളിച്ചത് എന്നൊക്കെ പറഞ്ഞു. അവിടെ ഇരുന്ന മമ്മൂക്ക, ഞാൻ അറിഞ്ഞിട്ടില്ല, അങ്ങനെ മെസേജ് അയച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു. അപ്പോ പണി പാളി, വേറെ ആരെങ്കിലുമാവും എന്ന് ഞാൻ കരുതി.
ഈ നമ്പറിലേക്ക് ഇനി മെസേജ് അയക്കേണ്ട എന്ന് കരുതി വിട്ടു. അങ്ങനെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ എന്തിനാണ് മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നേ എന്ന് ആലോചിച്ച്, അത് അദ്ദേഹമല്ല വേറെ ആരോ ആണെന്ന് പറഞ്ഞു. പിന്നീട് അത് ട്രോളായി. പിന്നീട് ആ നമ്പറില്‍നിന്ന് തന്നെ എനിക്ക് മെസേജ് വന്നു, വിൻ സി എന്നുതന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ്.
മെസേജ് കണ്ടപ്പോള്‍ അതയച്ച ആളിനോട് മനസ്സില്‍ തോന്നിയത്, തനിക്ക് മതിയായില്ലല്ലേ, എന്നൊക്കെയാണ്. ഞാൻ അങ്ങനെ വിളിച്ചോ എന്നൊക്കെ വീണ്ടും ഉരുണ്ടുകളിക്കുന്നതുകണ്ട്, പൊട്ടൻ കളിക്കുകയാണോ എന്ന് എനിക്ക് തോന്നി. എന്താണ് ഈ സംഗതി എന്ന് മനസിലാവാതെ ഞാൻ നമ്പർ സ്‌ക്രീൻഷോട്ട് ചെയ്ത് ജോർജേട്ടന് മെസേജ് അയച്ചു. ഇത് ആരുടെ നമ്പറാണെന്ന് ചോദിച്ചപ്പോള്‍, മമ്മൂക്കയുടെ എന്ന് അദ്ദേഹം പറഞ്ഞു.
അപ്പോള്‍ ഇത്രേം കാലം ഉണ്ടാക്കിയ കഥകള്‍ ഒക്കെ എവിടെ എന്ന് എനിക്ക് അറിഞ്ഞൂടാ. മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായിപ്പോയി എന്ന് ഞാൻ പറഞ്ഞു. ഡിസപ്പിയറിങ് മെസേജ് എന്തോ ഉണ്ടല്ലോ, പുള്ളിക്ക് ഇതൊന്നും ഓർമയില്ല. പിന്നീട് ഞാൻ ഡിസപ്പിയറിങ് മെസേജ് ഓഫ് ചെയ്തുവെച്ചു. മമ്മൂക്കാ, ഇതുകാരണമാണ് ഞാൻ പോരൊക്കെ മാറ്റിയത് എന്ന് പറഞ്ഞപ്പോള്‍, സോറി ഞാൻ മറന്നുപോയി എന്ന് പറഞ്ഞു. ഇതാണ് കഥ. തെളിവുവേണമെങ്കില്‍ എന്റെ ഫോണിലുണ്ട്....ഇതാണ് കഥ, എക്സ്ക്ലൂസീവ്. ഇനിയിപ്പോള്‍ ഞാനിത് പറഞ്ഞാല്‍ വീണ്ടും ട്രോളാകും. അവള്‍ വീണ്ടും മമ്മൂക്ക കഥയുമായി വന്നിരിക്കുകയാണെന്ന്...’’ വിന്‍ സി പറഞ്ഞു. സൂത്രവാക്യം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിൻ സി ഇക്കാര്യം വെളിപ്പെടുത്തിയത്.