-->
കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയെ വിമര്‍ശിച്ചും പുതിയ സര്‍ക്കാര്‍ നയങ്ങളെ അഭിനന്ദിച്ചും തിരുവനന്തപരും എംപി ശശി തരൂര്‍. അടിയന്തരാവസ്ഥയെ പ്രതിപക്ഷത്തിനെതിരേ വലിയ ആയുധമാക്കി ബിജെപി രംഗത്ത് വരുമ്പോഴാണ് കോണ്‍ഗ്രസ് നേതാവ് തന്നെയായ ശശിതരൂര്‍ വിമര്‍ശിച്ചും ബിജെപിയ്ക്ക് കീഴിലെ ഇന്ത്യയെ പ്രകീര്‍ത്തിച്ചും രംഗത്ത്് വന്നിരിക്കുന്നത്.
ദീപികയ്ക്ക് നല്‍കിയ ലേഖനത്തിലാണ് ശശി തരൂരിന്റെ പ്ര്‌സതാവനകള്‍. 21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടെന്നും പത്രങ്ങളുടെ വായ മൂടിക്കെട്ടിയെന്നും രാഷ്ട്രീയ വിയോജിപ്പുകള്‍ അടിച്ചമര്‍ത്തപ്പെട്ടെന്നും ലേഖനത്തില്‍ പറയുന്നു. അമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കാലഘട്ടം അടിയന്തരാവസ്ഥയായി ഇന്ത്യാക്കാരുടെ ഓര്‍മ്മകളില്‍ മായാതെ കിടക്കുന്നെന്നാണ് ലേഖനത്തില്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചു നിന്നെന്നാണ് വിമര്‍ശനം. അതേസമയം ബിജെപി ഭരിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശവും അഭിനന്ദനാര്‍ഹമായിട്ടാണ് ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ 1975 ലെ ഇന്ത്യയല്ലെന്നും നമ്മള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളതും കൂടുതല്‍ അഭിവൃദ്ധിയുള്ളതും പല കാര്യങ്ങളിലും കൂടുതല്‍ ദൃഡവുമായ ജനാധിപത്യവുമാണെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു.
അടിയന്തരാവസ്ഥയുടെ പാഠങ്ങള്‍ കൂടുതല്‍ ആശങ്കാജനകമാംവിധം പ്രസ്തമായി തുടരുകയാണെന്നും അധികാരം കേന്ദ്രീകരിക്കാനും വിമര്‍ശകരെ നിശബ്ദമാക്കാനും ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുമുള്ള പ്രലോഭനം പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാമെന്നും അടിയന്തരാവസ്ഥയെ ശക്തമായ ഒരു മുന്നറിയിപ്പായി വര്‍ത്തിക്കണമെന്നും ലേഖനത്തില്‍ പറയുന്നു. ശശിതരൂരിന്റെ വിമര്‍ശനങ്ങളും മോദി സര്‍ക്കാരിനെ പുകഴ്ത്തലും തല്‍ക്കാലം ശ്രദ്ധിക്കേണ്ടതില്ലെന്ന നിലപാടിലാണ് എഐസിസി. എന്നാല്‍ ശശിതരൂര്‍ പാര്‍ട്ടിയെ കുഴിയില്‍ വീഴിക്കുകയാണെന്നും പ്രതിപക്ഷത്തിന് അടിക്കാന്‍ കൂടുതല്‍ വടിവെട്ടിക്കൊടുക്കുകയാണെന്നും പാര്‍ട്ടിനേതൃത്വത്തിന് അതൃപ്തിയുണ്ട്്.