-->
മലയാളികള്‍ ഏറെ ആവേശത്തോടെയാണ് ഓരോ മോഹന്‍ലാല്‍ സിനിമകളും കാത്തിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ തിയേറ്ററുകള്‍ കീഴടക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ സിനിമകളുടെ അപ്ഡേഷനുകളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. വർഷങ്ങൾക്കു മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്നൊരു പ്രത്യേകതയും എല്‍ 365 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമയ്ക്കുണ്ട്. ‘‘അതിയായ സന്തോഷത്തോടെ, എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നു...
സംവിധാനം: ഓസ്റ്റിൻ ഡാൻ തോമസ്, രചന: രതീഷ് രവി, ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ചത്...ഈ ആവേശകരമായ പുതിയ അധ്യായത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ഫസ്റ്റ്ലുക്ക് പങ്കിട്ടിരിക്കുന്നത്. പോസ്റ്ററില്‍ ഒരു പോലീസ് യൂണിഫോമും, മുഖം നോക്കുന്ന കണ്ണാടിയും ഒരു വാഷ് ബേസനും കാണാം. കണ്ണാടിയിലാണ് സിനിമയുടെ പേര് എഴുതിയിരിക്കുന്നത്. കോമഡി ത്രില്ലർ ഗണത്തില്‍പെടുന്ന എന്റർടെയ്നറാകും ചിത്രം. ‘ട്വൽത്ത് മാനു’ശേഷം മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാകുമിത്.
തല്ലുമാല ,വിജയ് സൂപ്പർ പൗർണമി തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ തുടരും, എമ്പുരാന്‍ എന്നിവയായിരുന്നു. വന്‍ ഹിറ്റുകളായിരുന്നു രണ്ടു ചിത്രങ്ങളും. അതില്‍ തുടരും 150 കോടിയോളം ബോക്സോഫീസില്‍ നേടിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു.
മോഹന്‍ലാലിന്റെ അടുത്ത റിലീസ് സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂര്‍വ്വം ആയിരിക്കും. ഓണത്തിന് തീയറ്ററില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്. സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍, മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. ബോക്സ് ഓഫീസില്‍ സത്യൻ അന്തിക്കാട് മോഹൻലാല്‍ ചിത്രം കൈയടി നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.