-->
പിണങ്ങോട്: വേങ്ങപ്പള്ളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനത്തില്‍ പൊറുതിമുട്ടുന്നു. രണ്ടുവര്‍ഷം മുമ്പാണ് ആദ്യമായി ഇവിടെ ഇത്തരം ഒച്ചിനെ കണ്ടെത്തിയത്. പ്രദേശമാകെ അന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് ഒച്ചുകളെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ ഇപ്പോള്‍ വന്‍ തോതില്‍ പെരുകി പ്രദേശമാകെ വ്യാപിച്ചിരിക്കുകയാണ്. 11,12,13 വാര്‍ഡുകളിലായി ആയിരിക്കണക്കിന് ഒച്ചുകളുണ്ട്.
പ്രദേശത്തെ വിവിധയിനം കൃഷികള്‍ നശിക്കുന്ന അവസ്ഥയുമുണ്ട്. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് വിവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി പറയുന്നു. വീടുകളുടെ അകത്തും ഇവ എത്തുന്നുണ്ട്. മഴയത്തും രാത്രിയിലുമാണ് ഇവയെ വ്യാപകമായി കാണാന്‍ കഴിയുന്നത്. കഴിഞ്ഞവര്‍ഷം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. മറ്റു പ്രദേശങ്ങളിലും ഇത് വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
വാഹനങ്ങളുടെ ടയറില്‍ ഒട്ടിപ്പിടിച്ച് വാഹനം ഓടിയെത്തുന്ന സ്ഥലങ്ങളിലും ഇവയെത്താനും സാധ്യത ഏറിയിട്ടുണ്ട്. ഇതോടെ ഇവയെ നശിപ്പിക്കാനുള്ള വഴികള്‍ ആലോചിച്ച് വിഷമിക്കുകയാണ് ഗ്രാമത്തിലുള്ള ആള്‍ക്കാര്‍.