-->
ന്യൂഡല്‍ഹി: നാടുകടത്തിയ പാകിസ്താന്‍ സ്വദേശിനി വീട്ടമ്മയെ തിരികെ എത്തിക്കാനുള്ള സിങ്കിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത് ജമ്മു കശ്മീര്‍ ഹൈക്കോടതി. ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച് 38 വര്‍ഷമായി ഇന്ത്യയില്‍ താമസിച്ചുവന്ന വീട്ടമ്മയെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടിക്രമങ്ങളുടെ ഭാഗമായി പാകിസ്താനിലേക്കു നാടുകടത്തിയിരുന്നു.
രക്ഷന്ദ റാഷിദ് (63) എന്ന സ്ത്രീയെയാണ് ഇന്ത്യ പാകിസ്താനിലേക്കു മടക്കി അയച്ചത്. ഇവരെ തിരികെ കൊണ്ടുവരണമെന്നു കാണിച്ച് ജൂണ്‍ 6-ന് സിംഗിള്‍ ബെഞ്ച് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അരുണ്‍ പാലി അധ്യക്ഷനായ ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച സ്്‌റ്റേ ചെയ്യുകയായിരുന്നു. പാകിസ്താനിലെ ലാഹോറില്‍നിന്നുള്ള രക്ഷന്ദ റാഷിദ് 38 വര്‍ഷം മുമ്പ് ജമ്മുവിലെ ഒരു പുരുഷനെ വിവാഹം കഴിച്ചത്. അന്നുമുതല്‍ ഇവിടെ താമസിച്ചുവരുകയായിരുന്നു. ജൂണ്‍ 6 ന് ജസ്റ്റിസ് രാഹുല്‍ ഭാരതി പുറപ്പെടുവിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്നു പാകിസ്താനെതിരേ ഇന്ത്യ സ്വീകരിച്ച ശിക്ഷാ നടപടികളെത്തുടര്‍ന്നു അവരെ പാകിസ്താനിലേക്കു നാടുകടത്തി. ജൂണ്‍ 6 ലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചോദ്യം ചെയ്ത് ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശവും, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും യൂണിയന്‍ ഓഫ് ഇന്ത്യ വേര്‍സസ് രക്ഷന്ദ റാഷിദ് എന്ന പേരില്‍ ഒരു ലെറ്റര്‍ പേറ്റന്റ് അപ്പീല്‍ (എല്‍.പി.എ) ഫയല്‍ ചെയ്തിരുന്നു.
വയോധികയെ നാടുകടത്തിയതിനെ ''ശരിയായ നടപടിക്രമങ്ങളുടെ അഭാവവും ഹര്‍ജിക്കാരന്റെ മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നു'' സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വിശേഷിപ്പിച്ചിരുന്നു.
എല്‍.പി.എ. വാദം കേള്‍ക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചതായും സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ ഉത്തരവ് നടപ്പാക്കുന്നതിനു ഇടക്കാല സ്‌റ്റേ ഉണ്ടായതായും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ്മ പറഞ്ഞു. കേസ് വരുന്ന 10 ന് പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
''എന്റെ കക്ഷി കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്നു. ഈ വര്‍ഷങ്ങള്‍ക്കിടെ അവളുടെ മാതാപിതാക്കളും സഹോദരന്മാരും മരിച്ചു. അവരെ പരിപാലിക്കാന്‍ പാകിസ്താനില്‍ ആരുമില്ല'' വയോധിക ആദ്യം ലാഹോറിലെ ഒരു ഹോട്ടലില്‍ താമസിക്കുകയും പിന്നീട് ഒരു വീട്ടില്‍ പേയിന്‍ ഗസ്റ്റായി താമസിക്കുകയാണെന്നും അങ്കുര്‍ ശര്‍മ്മ പറഞ്ഞു. ''അവര്‍ നിയമപരമായി ഒരു ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചു, എന്നാല്‍ അവര്‍ക്ക് ഇന്ത്യയിലേക്കുള്ള ദീര്‍ഘകാല വിസയിലായിരുന്നു. വര്‍ഷം തോറും വിസ പുതുക്കിക്കൊണ്ടിരുന്നു. ഈ വര്‍ഷം ജനുവരിയിലും അവര്‍ അതിന് അപേക്ഷിച്ചിരുന്നു, പക്ഷേ പഹല്‍ഗാം ആക്രമണം നടന്നതിനെത്തുടര്‍ന്നു അത് നിരസിച്ചു'' -അഭിഭാഷകന്‍ ശര്‍മ്മ പറഞ്ഞു.
1996-ല്‍ തന്റെ കക്ഷി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നുവെന്നും അത് ഇപ്പോഴും ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീയെ പാകിസ്താനിലേക്ക് തിരിച്ചയക്കുന്നത് അവരുടെ മനുഷ്യാവകാശങ്ങളുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-ന്റെയും ലംഘനമാണെന്ന് ശര്‍മ്മ വ്യക്തമാക്കി.