-->
സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ നടന്ന ജി.എസ്.ടി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജിഎസ്ടി അടച്ച ആളുകളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് പുരസ്കാരം സ്വീകരിച്ച് മോഹന്‍ലാല്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മാധ്യമപ്രവർത്തകർ ചുറ്റും കൂടി.
ഉന്തും തള്ളുമായി മാധ്യമപ്രവര്‍ത്തകര്‍ വട്ടമിട്ടു നില്‍ക്കുന്നതിനിടെ നടന്നു നീങ്ങിയ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് കൊണ്ടു. എന്നാലതിനെ വളരെ കൂളായിട്ടാണ് മോഹന്‍ലാല്‍ നേരിട്ടത്. ‘എന്താ മോനേ...’ എന്ന പതിവു ശൈലിയിലായിരുന്നു താരത്തിന്റെ പ്രതികരണം. അതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ സംഭവം മാറിയേനേ, ലാലേട്ടന്‍ സൗമ്യനായി പെരുമാറി എന്നതടക്കമായിരുന്നു കമന്റുകള്‍.
ഇപ്പോഴിതാ ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കിടുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യൂ. മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാളാണ് മോഹന്‍ലാല്‍ എന്നാണ് ജോയ് മാത്യൂ കുറിച്ചത്.
‘‘ക്ഷമ,മാന്യത ,സമാധാനം...ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയിൽ കണ്ടു...അയാളുടെ പേര് മോഹൻ ലാൽ എന്നാണ്. എന്ത് ഭൂലോക വാർത്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമൻ മൈക്ക് വടി കൊണ്ട് കണ്ണിൽ കുത്തിയത് എന്ന് മനസ്സിലായില്ല. ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകൾ.ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ .അദ്ദേഹം ക്ഷമിച്ചു, കാരണം അയാൾ മോഹൻലാലാണ് .
തുടർന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സോറി പറയുന്നതും കേട്ടു, മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു, കാരണം മറുവശത്ത് മോഹൻലാലാണ്. മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ; അയാളുടെ പേരാണ് മോഹൻലാൽ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജോയ് മാത്യൂ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴി സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മാധ്യമസംസ്കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിറഞ്ഞു. ഇതോടെ താന്‍ മോഹന്‍ലാലിനെ ബന്ധപ്പെട്ടുവെന്നും താരം തന്നോട് ക്ഷമിച്ചുവെന്നും അവകാശപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തി. മോഹന്‍ലാലുമായി സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് മാധ്യമപ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. വലിയ മാനസികബുദ്ധിമുട്ട് തോന്നിയപ്പോഴാണ് താന്‍ മോഹന്‍ലാലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു എന്ന് മനസിലാക്കിയ മോഹന്‍ലാല്‍ തിരികെ വിളിച്ചു. സംഭവിച്ചത് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതായും സംഭവത്തില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും മാധ്യമപ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഹലോ ലാലാണ്...’, എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ചു തുടങ്ങുന്നത്. ‘ലാലേട്ടാ എനിക്ക് അബദ്ധം പറ്റിയതാണ്...’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. ‘‘പ്രശ്‌നമൊന്നുമില്ല. അതൊന്നും കുഴപ്പമില്ല, കഴിഞ്ഞകാര്യമല്ലേ. ഉണ്ടായാലും ഒന്നും ചെയ്യാന്‍ ഒക്കുകയൊന്നുമില്ല...ഇറ്റ്സ് ഓള്‍ റൈറ്റ്, ടേക്ക് കെയര്‍....’’ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ഒരു ചാനല്‍മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. മകള്‍ വിസ്മയയുടെ സിനിമാപ്രവേശം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയായിരുന്നു സംഭവം.