-->
തിരുവനന്തപുരം: പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ ഗുണ്ടകളെ ഒതുക്കാന്‍ പോലീസ്. ഗുണ്ടകളോട് മയം വേണ്ടെന്നും കടുത്ത നടപടിയെടുക്കാനും ആവശ്യപ്പെട്ട് എഡിജിപി എച്ച് വെങ്കിടേഷിന്റെ നിര്‍ദേശം. പുതിയ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ഥിരം കുറ്റവാളികളെയും കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളും പൊലീസ് നിരീക്ഷിക്കും.
ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കും. റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്. ജില്ലാതലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിംഗ് ടീം ഉണ്ടാക്കും. സബ് ഡിവിഷനില്‍ ഇന്‍സ്‌പെക്ടറു ടെ നേതൃത്വത്തിലും സ്‌ട്രൈക്കിംഗ് ടീം വേണമെന്ന് നിര്‍ദ്ദേശമുണ്ട്. രാത്രി കാലങ്ങളില്‍ സ്‌ട്രൈക്കിംഗ് ടീം പൂര്‍ണ്ണ സജ്ജമായിരിക്കണമെന്നും നിര്‍ദ്ദേശ മുണ്ട്. തൃശ്ശൂര്‍ ഡിഐജി എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കും.
പ്രവര്‍ത്തനങ്ങള്‍ പ്രതിദിനം വിലയിരുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃശ്ശൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ലഹരി ഉപയോഗം അന്വേഷിക്കാന്‍ എത്തിയ പോലീസിന് നേരെ ഗുണ്ടകള്‍ ആക്രമണം നടത്തിയിരുന്നു. മൂന്ന് പോലീസ് ജീപ്പുകളാണ് ഗുണ്ടകള്‍ തകര്‍ത്തത്.