-->
മോഹന്‍ലാല്‍ എവിടെ വന്നാലും എന്ത് വിശേഷങ്ങള്‍ പങ്കിട്ടാലും ആരാധകര്‍ക്കത് ആവേശമാണ്. ഒരു കൂട്ടം ആരാധകരെയും മാധ്യമപ്രവര്‍ത്തകരെയും വകഞ്ഞുമാറ്റിയല്ലാതെ മോഹന്‍ലാലിന് പുറത്തു കടക്കാന്‍ പറ്റാറില്ല. പലപ്പോഴും ആരാധകരുടെ തിക്കും തിരക്കും കാരണം മോഹന്‍ലാലിന് ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഉണ്ടായ ഒരു ബുദ്ധിമുട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ ഒരു പരിപാടിക്ക് വന്ന ശേഷം മടങ്ങുന്നതിനിടെ കടന്നല്‍ക്കൂട്ടം പോലെ താരത്തെ കടന്നാക്രമിക്കുകയാണ് മൈക്കുകളുമായി വിവിധതരം മാധ്യമങ്ങള്‍. സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ജിഎസ്ടി ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥി മോഹന്‍ലാലായിരുന്നു. ചടങ്ങിന് ശേഷം താരം മടങ്ങുമ്പോഴാണ് സംഭവം. പുരസ്‌കാരം സ്വീകരിച്ച് മടങ്ങുമ്പോൾ മോഹന്‍ലാലിന്റെ പ്രതികരണം പകർത്താൻ മാധ്യമപ്രവർത്തകർ തിക്കും തിരക്കും കൂട്ടുകയായിരുന്നു.
നടന്നു പോകുന്നതിനിടയില്‍ വളഞ്ഞിട്ട് പല ചോദ്യങ്ങളും മാധ്യമങ്ങളും ചോദിക്കുന്നുണ്ട്. ചോദിച്ച ചോദ്യത്തിന് തനിക്കൊന്നും പറയാനില്ല താന്‍ അറിഞ്ഞില്ല, അറിഞ്ഞിട്ട് പറയാം എന്നൊക്കെ മോഹന്‍ലാല്‍ പറയുന്നുണ്ട്. അത്രയും പറഞ്ഞിട്ടും മാധ്യമങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ഒടുവില്‍ 24 ന്യൂസ് ചാനലിന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തുകയും ചെയ്തു. നന്നായി വേദനിച്ചതോടെ മോഹന്‍ലാല്‍ കണ്ണുതിരുമ്മി കൊണ്ട് ചോദിച്ചതും വൈറലാകുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനെ ഒന്ന് നോക്കിയ ശേഷം ‘‘എന്താണ്... മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ...’’എന്ന് പതിവ് ശൈലിയിൽ സമാധാനത്തോടെ ചോദിച്ച് കാറില്‍ കയറുകയാണ് താരം. വാഹനത്തിന്റെ ഡോര്‍ അടയ്ക്കും മുമ്പ്, ‘മോനെ നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെ’ന്ന് മൈക്ക് കൊണ്ട് കണ്ണില്‍ കുത്തിയ മാധ്യമപ്രവര്‍ത്തകനെ നോക്കി തമാശമട്ടില്‍ മോഹന്‍ലാല്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
പാപ്പരാസി സ്വഭാവം വല്ലാതെ പിടികൂടിയതോടെ മാധ്യമങ്ങള്‍ സെലിബ്രിറ്റികള്‍ക്ക് പിന്നാലെ കൂടി അവരെ ശല്യപ്പെടുത്തുന്ന രീതി ഏറി വരികയാണ്. മോഹന്‍ലാലിന്റെ വീഡിയോ വൈറലായതോടെ പലരും ഇതിന്റെ താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ലാലേട്ടനായത് കൊണ്ട് സൗമ്യമായി പെരുമാറി, മറ്റു വല്ല താരങ്ങളുമായിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന മട്ടിലുള്ള പോസ്റ്റുകളും കമന്റുകളും വരുന്നുണ്ട്. മോഹന്‍ലാലിന്റെ ക്ഷമയെ ആണ് പലരും പ്രശംസിക്കുന്നത്. ‘പരിക്കൊന്നും ഇല്ലാതിരിക്കട്ടെ, ദ്രോഹമാണ്, ഒരു മര്യാദയൊക്കെ വേണ്ടേ, ലാലേട്ടന്‍ ആയോണ്ട് തിരിഞ്ഞ് നിന്ന് ഒരു മോശം വാക്ക് പോലും പറയാതെ എന്താ മോനേ ഈ ചെയ്തത് എന്ന് ചോദിച്ചിട്ട് പോയി, കണ്ണിലാണ് കുത്ത് കൊണ്ടത് അങ്ങേര്‍ക്ക് നല്ലോണം വേദനിച്ചിട്ടുണ്ട് എന്ന് ആ റിയാക്ഷനില്‍ അറിയാം കണ്ണിന് പരിക്ക് പറ്റിക്കാണാനും സാധ്യതയുണ്ട്, മറ്റേതെങ്കിലും മനുഷ്യനായിരുന്നു അവിടെയെങ്കില്‍ മറ്റു പലതും അവിടെ സംഭവിച്ചേനെ എന്നുറപ്പ്...’ എന്നതടക്കമാണ് കമന്റുകള്‍.