-->
മലയാളത്തിലെ യുവഗായകര്‍ക്കിടയില്‍ ഏറ്റവുമധികം സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ടുപേരാണ് വിധു പ്രതാപും സിതാര കൃഷ്ണകുമാറും. മ്യൂസിക് റിയാലിറ്റി ഷോകളില്‍ ജഡ്ജിംഗ് പാനലില്‍ ഒരുമിച്ച് എത്തിയതോടെയാണ് ഇവര്‍ക്കിടയിലുള്ള ആഴത്തിലുള്ള സൗഹൃദം പ്രേക്ഷകരും കണ്ടറിഞ്ഞത്. വിധുപ്രതാപിന്റെയും സിതാരയുടെയും കുടുംബങ്ങള്‍ തമ്മിലും ആഴത്തില്‍ പതിഞ്ഞൊരു ഇഴയടുപ്പമുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വിശേഷദിനങ്ങളില്‍ ആശംസകള്‍ പങ്കിട്ടും എന്നും ആരാധകരുടെ മുന്നില്‍ ലൈവായി ഇവര്‍ രണ്ടാളും ആരാധകര്‍ക്കൊപ്പമുണ്ട്.
തങ്ങളുടെ സുന്ദര ശബ്ദത്തിലെത്തുന്ന പാട്ടുകളിലൂടെയും രസകരമായ അവതരണശൈലിയിലൂടെയും ഒരുപാട് പ്രേക്ഷകരുടെ ഹൃദയം കവരാന്‍ ഇവര്‍ക്ക് രണ്ടാള്‍ക്കും കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിതാരയുടെ ജന്മദിനത്തില്‍ ഹൃദയത്തില്‍ ചാലിച്ച രസകരമായ ഒരു കുറിപ്പ് പങ്കിടുകയാണ് വിധു പ്രതാപ്. സിതാരയുടെ പിറന്നാൾ ദിവസം വിധുപ്രതാപ് നല്ലത് എഴുതിയില്ലേൽ, ചിലപ്പോ തിരിച്ചു കിട്ടുമെന്നാണ് വിധു കുറിക്കുന്നത്.
‘‘സിത്തു..നീ ഒരു മാലാഖ കുഞ്ഞാണ്. ചുറ്റുമുള്ളവരെ കനിഞ്ഞു സഹായിക്കുന്ന, ഞങ്ങൾ പാവം ഗായകരുടെ ഇടയിലെ ഒരേ ഒരു മദർ തെരേസ... അല്ല... മദർ സിതാര.... അങ്ങനെ വിളിച്ചോട്ടെ..? ഒരുപക്ഷെ നീ ഇല്ലായിരുന്നേൽ... ഹോ! കണ്ണുകൾ നിറയുന്നത് കൊണ്ട് ബാക്കി ടൈപ്പ് ചെയ്യാനും കഴിയുന്നില്ലല്ലോ സിത്തുവേ.. (നിന്റെ പിറന്നാൾ ദിവസം ഞാൻ നിന്നെ പറ്റി നല്ലത് എഴുതിയില്ലേൽ, ചിലപ്പോ എന്റെ പിറന്നാളിന് നീ എന്നെ പറ്റിയുള്ള സത്യങ്ങൾ എഴുതും...) പിറന്നാൾ ആശംസകൾ മാലാഗേ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സിതാരയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കിട്ട് വിധു പ്രതാപ് കുറിച്ചത്. ഒരു ചിത്രത്തില്‍ വിധു പ്രതാപ് കാണിക്കുന്ന ക്യൂട്ട് എക്സ്പ്രെഷന്‍ നോക്കി നില്‍ക്കുന്ന സിതാരയെയും മറ്റൊന്നില്‍ നിറചിരിയോടെ രണ്ടുപേരും ക്യാമറയ്ക്ക് ഫെയ്സ് ചെയ്യുന്നതും കാണാം.
അതിന് രസകരമായി മറുപടി കമന്റും സിതാര കുറിച്ചിട്ടുണ്ട്. ‘അയ്യേ....കൊന്നു കഴിഞ്ഞ സ്ഥിതിക്ക് ആ റീത്ത് വച്ചിട്ട് പോ ചങ്ങായി... താങ്ക്യൂ മൈ ചക്കര വിധുച്ചേട്ടാ...’’ എന്നാണ് സിതാര കുറിച്ചിരിക്കുന്നത്.
ഇവരുടെ കമന്റുകളും മറുപടികളുമൊക്കെ കാണാനായി പല മ്യൂസിക് റിയാലിറ്റി ഷോകള്‍ക്കും വേണ്ടി ആരാധകര്‍ കാത്തിരിക്കാറുണ്ട്. റേറ്റിംഗില്‍ മുന്‍ നിരയില്‍ തന്നെയാണ് ഇവരെത്തുന്ന മ്യൂസിക് ഷോകള്‍.