-->
ചുരുളി സിനിമ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് നല്‍കിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകള്‍ അടക്കം പങ്കുവെച്ച ലിജോ സിനിമ ചിത്രീകരണ വേളയില്‍ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഒരവസരമുണ്ടായാല്‍ ഉറപ്പായും ചുരുളി തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും ലിജോ കുറിച്ചിരുന്നു. ഈ പോസ്റ്റാണ് ലിജോ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ജോജു ജോര്‍ജും രംഗത്തെത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതുമായി പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്നും തെറി ഇല്ലാത്ത ഒരു വേര്‍ഷന്‍ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്‌കെയില്‍ അടക്കം പ്രദര്‍ശിപ്പിച്ചത്. തെറി ഇല്ലാത്ത ഒരു വേര്‍ഷന്‍ ലിജോ തന്നെകൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ മോശം പദപ്രയോഗങ്ങള്‍ ഉളള വേര്‍ഷന്‍ അവര്‍ സിനിമ ഒടിടിയ്ക്ക് വിറ്റെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തത്.
ചുരുളി സിനിമയുടെ തെറി പറയുന്ന വേര്‍ഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. പ്രതിഫലം അല്ല വിഷയമെന്നും അതിനേക്കാള്‍ ഈ സിനിമയിലെ അസഭ്യ പരാമര്‍ശങ്ങള്‍ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കി. ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞു. ഈ ഒരു വൈകാരിക ബുദ്ധിമുട്ട് മാത്രമാണ് താന്‍ പങ്കു വെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.