-->
പിറന്നാള്‍ ദിനത്തില്‍ സ്വയം ട്രോളുന്ന പോസ്റ്റ് പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ' ബര്‍ത് ഡേ ബോയ് സുരയ്ക്ക് എല്ലാവരോടും സ്‌നേഹമാണ്, സുരയെന്നാല്‍ സ്‌നേഹം മാത്രമാണ്' എന്നാണ് കേക്ക് കഴിക്കുന്ന ചിത്രം പങ്കുവെച്ച് നടന്‍ കുറിച്ചത്. ട്രോളന്മാര്‍ സുരേഷ്‌ഗോപിയെ വിളിക്കുന്ന പേരാണ് ' സുര'.
വളരെ പെട്ടന്നാണ് സുരേഷ് ഗോപിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ' എല്ലാവരും കൂടി മൂപ്പരെയും ട്രോളന്‍ ആക്കി' എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ മറുപടിയുമായി എത്തിയത് സുരേഷ് ഗോപിയുടെ മകന്‍ മാധവ് ആണ്. സുര എന്നാല്‍ ട്രോള്‍ അല്ല സുഹൃത്തേ സുര ഒരു വികാരമാണ്, എന്നാണ് മാധവ് മറുപടി കൊടുത്തത്. ഇതുകൂടാതെ മറ്റു കമന്റുകള്‍ക്കും മറുപടി നല്‍കിയിരിക്കുന്നത് മാധവാണ്. മാധവ് ആണോ സുരേഷ് ഗോപിയ്ക്ക് വേണ്ടി പോസ്റ്റ് ഇട്ടത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ജൂണ്‍ 26നായിരുന്നു സുരേഷ് ഗോപിയുടെ അറുപത്തിയേഴാം പിറന്നാള്‍. സിനിമാ ലോകത്ത് നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.