Friday, March 13, 2026 Last Updated 55 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 12.48 PM

പല രോഗങ്ങളുടെയും സൂചന നമ്മള്‍ക്ക് തരുന്നു ; കാല്‍പാദങ്ങളെ കൂടുതല്‍ ശ്രദ്ധിയ്ക്കാം

feet

ശരീരത്തില്‍ നമ്മള്‍ അധികം ശ്രദ്ധ കൊടുക്കാത്ത ഒരിടമാണ് നമ്മുടെ കാല്‍പാദങ്ങള്‍ എന്ന് പറയാം. നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍പാദങ്ങളാണെങ്കില്‍ അവയ്ക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന് തന്നെ പറയാം. എന്നാല്‍ പല രോഗങ്ങളുടെയും സൂചന നമ്മള്‍ക്ക് തരുന്ന ഒരു അവയവമാണ് കാല്‍പാദങ്ങള്‍. കാല്‍പാദങ്ങള്‍ നമുക്ക് നല്‍കുന്ന അഞ്ച് അപകടസൂചനകളെ കുറിച്ച് മനസിലാക്കാം......

* വിണ്ടു കീറിയ ഉപ്പൂറ്റികള്‍ - ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒരു സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. തൈറോയ്ഡ് അസന്തുലനം, ചര്‍മത്തിന്റെ ഘടനയെയും ഈര്‍പ്പത്തെയും ബാധിക്കാം. കരളിന്റെ പ്രവര്‍ത്തനത്തകരാറുകള്‍ മൂലവും ഉപ്പൂറ്റി വിണ്ടുകീറാം. കരള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ അത് ശരീരത്തില്‍ വിഷാംശങ്ങള്‍ അടിഞ്ഞു കൂടാന്‍ കാരണമാകും. ഇതുമൂലം ചര്‍മം വരണ്ടതും ഉപ്പൂറ്റി വിണ്ടുകീറിയതുമാകാം. വൈറ്റമിന്‍ ഇ, ബി3, സി ഇവയുടെ അഭാവം മൂലവും ഉപ്പൂറ്റി വിണ്ടുകീറല്‍ ഉണ്ടാകാം.

* കാലിന് വീക്കം - കാലിനു വീക്കം ഉണ്ടായാലും പലപ്പോഴും നാം അത് അവഗണിക്കുകയാണ് പതിവ്. കാലിനുണ്ടാകുന്ന നീരും വീക്കവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണ്. ലിംഫാറ്റിക് കണ്‍ജഷന്‍ ആകാം ഒരു കാരണം. കോശദ്രാവകങ്ങളെ വഹിക്കുന്ന ലിംഫ്ഗ്രന്ഥികളില്‍ തടസ്സമുണ്ടാകുകയും കലകളില്‍ ഫ്‌ലൂയ്ഡ് അടിഞ്ഞുകൂടുകയും ചെയ്യുന്നതു മൂലം വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. വൃക്കകള്‍ക്കും കരളിനും ഉണ്ടാകുന്ന സമ്മര്‍ദവും ഇതിനു കാരണമാകാം. കാരണം ഈ രണ്ട് അവയവങ്ങളാണ് ഫ്‌ലൂയ്ഡ് ബാലന്‍സ് നിയന്ത്രിക്കുന്നത് ഇവയുടെ പ്രവര്‍ത്തനത്തകരാറുകള്‍ കാലില്‍ വീക്കമുണ്ടാക്കും. കാലിലെ വീക്കം നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഹൃദയത്തിനുണ്ടാകുന്ന ആയാസവും ഇതിനു കാരണമായേക്കാം. ഒന്നോ രണ്ടോ ദിവസത്തിലധികം കാലിലെ വീക്കം നീണ്ടു നില്‍ക്കുകയാണെങ്കില്‍, പ്രത്യേകിച്ച് വേദനയോ നിറം മാറ്റമോ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം.

* കാല്‍പ്പാദങ്ങള്‍ക്ക് തണുപ്പ് - കാല്‍പ്പാദങ്ങള്‍ എപ്പോഴും തണുത്തിരിക്കുകയാണെങ്കില്‍ ഉടനടി വേണ്ടതു ചെയ്യണം. സാധാരണയായി രക്തചംക്രമണം കുറയുന്നതു മൂലമോ ചടഞ്ഞുകൂടിയുള്ള ജീവിതശൈലി മൂലമോ വാസ്‌ക്കുലാര്‍ പ്രശ്‌നങ്ങള്‍ മൂലമോ ആകാം ഇതു വരുന്നത്. തൈറോയ്ഡിന്റെ പ്രവര്‍ത്തനം കുറയുന്നത് (Hypothyroidism) മൂലം രക്തപ്രവാഹം കുറയുന്നതും തണുത്തകാല്‍പ്പാദങ്ങള്‍ക്ക് കാരണമാകാം. സമ്മര്‍ദവും അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തകരാറു മൂലവും ഇതു വരാം.

* കാല്‍പ്പാദങ്ങള്‍ക്ക് മരവിപ്പ് - കാല്‍പ്പാദങ്ങള്‍ക്കുണ്ടാകുന്ന മരവിപ്പ്, പെരിഫെറല്‍ ന്യൂറോപ്പതിയുടെ സൂചനയാകാം. വൈറ്റമിന്‍ ബി12 ന്റെ അഭാവവും രക്തത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ടതാണിത്. മറ്റൊരു കാരണം മെറ്റല്‍ ടോക്‌സിസിറ്റി അധികമാകുന്നതാകാം. ഇത് ക്രമേണ നാഡീക്ഷതത്തിനും കാരണമാകാം. കാലുകള്‍ക്കുണ്ടാകുന്ന മരവിപ്പ് അവഗണിക്കുകയേ അരുത്. വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.

* ഫംഗല്‍ ഇന്‍ഫക്ഷന്‍ - കാലിനുണ്ടാകുന്ന ഫംഗസ് അണുബാധ മറ്റെന്തെങ്കിലും രോഗങ്ങളുടെ സൂചനയാകാം. ചില അണുബാധകള്‍ ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ അസന്തുലനം മൂലമാകാം. ഉപദ്രവകാരികളായ ബാക്ടീരിയകളുടെ അമിതവളര്‍ച്ചയുടെ സൂചനയാകാം ഈ ഫംഗല്‍ ഇന്‍ഫക്ഷന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള അസന്തുലനമാകാം മറ്റൊരു കാരണം. ചെരുപ്പുകള്‍ വൃത്തിയായി സൂക്ഷിക്കാത്തത് പ്രത്യേകിച്ച് വിയര്‍പ്പു കൊണ്ടു നനഞ്ഞ ഷൂസ് ധരിക്കുന്നത് പ്രശ്‌നങ്ങളെ വഷളാക്കും. തുടര്‍ച്ചയായി അണുബാധ ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറെ കാണണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW