-->
പ്രേക്ഷകര്‍ക്ക് മാത്രമല്ല അഭിനേതാക്കള്‍ക്കും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളോട് വലിയ ആരാധനയുണ്ട്. അവര്‍ക്കൊപ്പം വെള്ളിത്തിരയില്‍ സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നത് ഒരു വലിയ അനുഗ്രഹമായും ലക്കായും കരുതുന്ന ഒരുപാട് താരങ്ങളുണ്ട്. അങ്ങനെ തന്റെ ആദ്യ സിനിമയായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മോഹൻലാലിന്റെ സ്റ്റുഡൻഡ് ആയി കരിയർ തുടങ്ങിയ താരമാണ് അരുണ്‍ ചെറുകാവില്‍. പിന്നീട് ഫോർ ദ പീപ്പിള്‍ പോലുള്ള ജനപ്രിയ സിനിമകളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറാന്‍ അരുണിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ തിയേററ്റുകളിലെത്തി പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങി മുന്നേറുന്ന അരുണ്‍ ഷാഹി കബീർ സംവിധാനം ചെയ്ത റോന്ത് എന്ന ചിത്രത്തിലും അരുണിന്റെ കഥാപാത്രമുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിലെ ആദ്യ ഷോട്ട് മോഹൻലാലിനൊപ്പമായിരുന്നു എന്ന് പറയുകയാണ് അരുണ്‍. സത്യത്തില്‍ ഒരു പടക്കം പൊട്ടിയ ഫീലായിരുന്നു അതെന്നും നിര്‍വചിക്കാനാവാത്ത ഒരു പകപ്പാണതെന്നും പറയുകയാണ് അരുണ്‍.
‘‘പത്രപ്പരസ്യം കണ്ട് ചിത്രം അയയ്ക്കുമായിരുന്നു. അങ്ങനെയാണ് നരസിംഹം സിനിമ റിലീസായ ദിവസം ടെലഗ്രാം വഴി എനിക്കൊരു കത്ത് കിട്ടുന്നത്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ലേക്കുള്ള വിളിയായിരുന്നു അത്. അങ്ങനെ ഹോട്ടലില്‍ വച്ച് ഫാസില്‍ സാറിന്റെ അസിസ്റ്റൻഡ് ഡയറക്ടേഴ്സ് ഒരു ഓഡീഷൻ വെച്ചു. സാറിന്റെ സിനിമയിലെ ചില ഡയലോഗുകള്‍ പറയണം. അതായിരുന്നു ഓഡീഷൻ. അന്നൊന്നും ഓഡീഷൻ എന്നൊരു വാക്കു പോലും കേട്ടിട്ടില്ല. ഉണ്ടോയെന്നു പോലും അറിയില്ല. ഏതായാലും ഡയലോഗുകള്‍ പറയിപ്പിച്ചു. അതില്‍ നിന്നാണ് പിന്നീട് ഷോട്ട് ലിസ്റ്റ് ചെയ്തത്.
അപ്പോഴേക്കും ഷൂട്ട് തുടങ്ങിക്കഴിഞ്ഞിരുന്നു. കുറച്ചു പോര്‍ഷനൊക്കെ എടുത്തു കഴിഞ്ഞിരുന്നു.
ലാലേട്ടന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അങ്ങനെയൊരു ദിവസം ഫാസില്‍ സാറും എന്നെക്കൊണ്ട് ചില ഡയലോഗുകള്‍ പറയിപ്പിച്ചു. പെട്ടെന്നൊരു ദിവസം ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വന്നിട്ട് ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് വരാന്‍ പറഞ്ഞു. ക്ലാസ് റൂമുകളിലെ ഷൂട്ടിംഗൊക്കെ അന്ന് തുടങ്ങിയിരുന്നു. ലാലേട്ടന്റെ ഭാഗങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഫാസില്‍ സർ എന്നെ വിളിപ്പിക്കുന്നത് അവിടേക്കാണ്. അന്ന് ക്യാരവൻ ഇല്ലാത്തതുകൊണ്ടുതന്നെ ഒരു വശത്ത് മാറി പുറകില്‍ നിന്ന് ടച്ച് അപ്പ് ചെയ്യുകയായിരുന്നു ലാലേട്ടന്‍. അവിടേക്ക് എന്നെ കൊണ്ടുപോയി. കണ്ണാടി നോക്കി ടച്ച് അപ്പ് ചെയ്യുന്ന ലാലേട്ടന്‍ എന്നെ പെട്ടെന്ന് നോക്കി. അപ്പോള്‍ ഫാസില്‍ സര്‍ പറഞ്ഞു, ‘നീ ഒരു ഡയലോഗ് പറഞ്ഞില്ലേ, അത് ഇപ്പൊ ഒന്ന് പറയ്, കാണട്ടെ’ എന്ന്. അതും ലാലേട്ടന്റെ മുന്നില്‍. എന്റെ ഒരു അവസ്ഥ പറയാതെ അറിയാമല്ലോ. എന്നിട്ടും പറ്റുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു. ലാലേട്ടന്‍ പക്ഷേ ഒന്നും മിണ്ടിയില്ല. എന്നെ നോക്കിയ ശേഷം വീണ്ടും കണ്ണാടിയില്‍ നോക്കി ടച്ച് അപ്പ് ചെയ്തു. ആ സീന്‍ ഷൂട്ട് ചെയ്ത ശേഷം ഫാസില്‍ സാര്‍ പറഞ്ഞു, ‘നീയാണ് ആ റോള്‍ ചെയ്യുന്നത്, നമ്മളൊന്ന് ഷിഫ്റ്റ് ചെയ്തിട്ട് നിന്റെ ഫസ്റ്റ് ഷോട്ട് എടുക്കാം’ എന്ന്. അങ്ങനെയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിലേക്ക് എത്തുന്നത്.
ആദ്യത്തെ ഷോട്ട് ആലപ്പുഴയിലെ മെഡിക്കല്‍ കോളജ് ലൈബ്രറിയില്‍ വച്ചായിരുന്നു. ലാലേട്ടനൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. മലയാളത്തിലെ എക്കാലത്തെയും വിസ്മയമായ മോഹന്‍ലാലിനൊപ്പമായിരുന്നു എന്റെ ആദ്യ ഷോട്ട്. അത് സത്യത്തില്‍ ഒരു പടക്കം പൊട്ടിയ ഫീലായിരുന്നു, ഒന്നും അറിയില്ലല്ലോ നമുക്ക്. പെട്ടെന്നു തന്നെ ആദ്യ ഷോട്ട് തീര്‍ന്നു. നിര്‍വചിക്കാനാവാത്ത ഒരു പകപ്പാണത്. അന്നത്തെ സിനിമയെന്നത് ഇന്നത്തെ പോലെയല്ല. സിനിമ അത്രയ്ക്ക് എളുപ്പമല്ല. താരങ്ങളെ കണ്ടവരെ കാണാന്‍ പോകുന്ന കാലമാണന്ന്.
പിന്നെ എന്നെ സംബന്ധിച്ച് ഒരു കംഫർട്ട് സോണ്‍ ഉണ്ടായിരുന്നു. നമ്മുടെ പ്രായത്തിലുള്ള ഒരുപാട് പേർ അവിടെത്തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് പെട്ടുപോയ ഒരു അവസ്ഥ ഒന്നും ഉണ്ടായിരുന്നില്ല...’’ അരുണ്‍ പറയുന്നു.