Thursday, March 12, 2026 Last Updated 59 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 02.25 PM

‘‘നിർത്തിക്കോ; എഐ നമ്മുടെ കൈക്കുമ്പിളിലുണ്ടെന്നുകരുതി വല്ലാതെ കളിക്കരുത്; ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കും...’’ വീഡിയോയുമായി ജീവ ജോസഫ്

അവതരണത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമായ ജീവ ജോസഫ് ഇപ്പോഴിതാ ചില പേരുകളുപയോഗിച്ച് എഐ വീഡിയോ സൃഷ്ടിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
Jeeva Joseph
Jeeva Joseph (Image Source: Instagram)

മലയാളത്തില്‍ അവതാരകരായി പ്രേക്ഷകരുടെ മുന്നിലെത്തി പിന്നീട് ഹൃദയം കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. ഒരു ഷോയിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അത് പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ അവതരിപ്പിക്കുന്ന അവതാരകരാണ്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഒരു ജനപ്രിയ അവതാരകനാണ് ജീവ ജോസഫ്. നടനാകാൻ ആ​ഗ്രഹിച്ച ജീവ ആങ്കറിംഗിലേക്കാണ് എത്തിയത്. എന്നാല്‍ അവിടെയും പ്രേക്ഷകരുടെ കൈയടി നേടാന്‍ ജീവയ്ക്ക് കഴിഞ്ഞു. ചിരിക്കാന്‍ വകയുള്ള കണ്ടന്റുകള്‍ ഒരുക്കി, ഒരു ഷോയെ ജീവനുള്ളതാക്കി മാറ്റാന്‍ ജീവയ്ക്ക് കഴിയാറുണ്ട്.
സൂര്യ ടിവിയില്‍ തുടക്കം കുറിച്ച് പിന്നീട് സരിഗമപയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ ജീവ സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ചില സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ജീവ. ജീവയുടെ ഭാര്യയും നടിയും അവതാരകയുമായ അപര്‍ണ്ണയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഏറെ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾസ് കൂടിയാണ്.
അമല്‍, വിഷ്ണു, അഖില്‍ തുടങ്ങിയ പേരുള്ള നിരവധി പേരുണ്ട്, അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം ട്രോളുകള്‍ ഏറ്റുവാങ്ങാറുള്ള പേരുകളുമാണിത്. ഈ പേരുകള്‍വച്ചുള്ള എ ഐ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ ജീവ പങ്കിട്ടതും ഈ പേരുകളെ സംബന്ധിച്ചുള്ള ഒരു വീഡിയോയാണ്. ​എഐ വീഡിയോകള്‍ക്കും ട്രോളുകള്‍ക്കുമെതിരെ രംഗത്തെത്തിയ ജീവ ഈ പേരുകാരെ കളിയാക്കുന്നത് എ ഐ നിർത്തണമെന്നും ഇതൊരു മുന്നറിയിപ്പായി കാണണമെന്നുമാണ് പറയുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം തന്റെ അഭിപ്രായം പറഞ്ഞത്.
‘‘വളരെ സീരിയസായിട്ടുള്ളൊരു കാര്യമാണ് എനിക്ക് പറയാനുള്ളത്. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണം. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി, ആദ്യമൊക്കെ പോസ്റ്റായിരുന്നു. ഇപ്പോഴത് എ ഐ വീഡിയോകളായി തുടങ്ങിയിട്ടുണ്ട്. വിഷ്ണുവും അമലും അഖിലും കുളിക്കടവില്‍ ഒളിഞ്ഞുനോക്കി, മറ്റേത് ചെയ്‌തെന്നൊക്കെ പറയുന്നു. അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഇതിനകത്ത് എനിക്കെന്താ കാര്യമെന്ന്. അറിയുന്നവർക്ക് അറിയാം. നിർത്തിക്കോ. എ ഐ നമ്മുടെ കൈക്കുമ്പിളിലുണ്ടെന്നുകരുതി വല്ലാതെ കളിക്കരുത്. ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കും...’’ ജീവ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW