-->
പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് മോഹന്‍ലാല്‍- മമ്മൂട്ടി എന്നിവര്‍ ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 'എംഎംഎംഎന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ഔദ്യോഗിക നാമം' പാട്രിയറ്റ്' എന്നാണ്. സിനിമയുടെ ഷൂട്ടിംഗിനായി ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും- മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. 2013ല്‍ പുറത്തിറങ്ങിയ ' കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്‌ക്രീനില്‍ ഒന്നിച്ചത്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, സറിന്‍ ഷിഹാബ്, ഗ്രേസ് ആന്റണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീലങ്കയില്‍ രണ്ട് ഷെഡ്യൂളുകള്‍ ടീം ഇതിനകം തന്നെ പൂര്‍ത്തിയാക്കി. ഇന്ത്യ, യുകെ, അസര്‍ബൈജാന്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും ചിത്രീകരണം നടക്കുന്നുണ്ട്.