Saturday, March 14, 2026 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 11.39 AM

ജമാ അത്തെ ഇസ്ലാമി അടക്കം എല്ലാവരും സഹായിച്ചു ; പാണക്കാട് സന്ദര്‍ശനം നടത്തി ആര്യാടന്‍ ഷൗക്കത്ത്

uploads/news/2025/06/787747/aryadan.jpg

മലപ്പുറം: നിലമ്പൂരിൽ വന്‍ വിജയം നേടിയതിന് പിന്നാലെ പാണക്കാട് സന്ദര്‍ശനം നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. കഴിഞ്ഞദിവസം പുറത്തുവന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയമാണ് നേടിയത്. അടുത്ത ദിവസം വിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ അദ്ദേഹം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്നുണ്ട്.

തന്റെ ജയത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി അടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫ് മികച്ച രീതിയിൽ, കെട്ടുറപ്പോട് കൂടി മുന്നോട്ടുപോയി എന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു. പി.വി. അന്‍വറിന് കിട്ടിയ വോട്ടുകള്‍ രണ്ടു ടേം എംഎല്‍എ ആയിരുന്നയാള്‍ക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണെന്നും ജനങ്ങള്‍ ഒരാളെ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ മറ്റൊരു കാര്യത്തിനും പ്രസക്തിയില്ല എന്നും പറഞ്ഞു. പി.വി. അന്‍വര്‍ നൂറുകണക്കിന് പത്രസമ്മേളനങ്ങളാണ് വിളിച്ചു കൂട്ടിയത്. എല്ലാം തനിക്കെതിരേ ആയിരുന്നു. എന്നാല്‍ ജനങ്ങള്‍ അതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ യുഡിഎഫ് പ്രവേശനം നേതൃത്വം തീരുമാനിക്കുമെന്നും പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയും ഇടതുപക്ഷ സർക്കാരിനെതിരെയും നിലമ്പൂരുകാർ എഴുതിയ വിധിയാണ് ഇതെന്നും ഒമ്പത് വർഷമായി നിലമ്പൂർ അനുഭവിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതികരണം കൂടിയായിരുന്നു ഇതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചത് നിലമ്പൂരിൽ യുഡിഎഫിനെതിരെ എൽഡിഎഫ് ചർച്ചയാക്കിയിരുന്നു.

ജമാ അത്തെ ഇസ്ലാമിയെ അനുകൂലിച്ച് നേരത്തേ വി സി സതീശനും രംഗത്തുവന്നിരുന്നു. വി ഡി സതീശനെ തള്ളി ലീഗ് രംഗത്തുവന്നതും നിലമ്പൂരിൽ വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജൂൺ 23ന് നടന്ന വോട്ടെണ്ണലിൽ 11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19,760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടുകളും നേടി.

Ads by Google
Ads by Google
TRENDING NOW